രാജ്യത്തെ മുൻനിര ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെ.ടി.എം 2026) പതിമൂന്നാമത് പതിപ്പിന് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ തുടക്കമായി. അടുത്ത അഞ്ച് വർഷം കൊണ്ട് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം പത്തര കോടിയാക്കി വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. സഞ്ചാരികളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗുണനിലവാരമുള്ള ടൂറിസം കേന്ദ്രങ്ങളും പുതിയ ടൂറിസം ഉൽപ്പന്നങ്ങളും വർദ്ധിപ്പിക്കും. പ്രകൃതി സൗഹൃദ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും. തീരദേശവും കായലുകളും സംയോജിപ്പിച്ചുള്ള ടൂറിസം വിപുലീകരിക്കാനും, വിഴിഞ്ഞവും കൊച്ചിയും കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ക്രൂയിസ് ടൂറിസം സർക്യൂട്ടുകൾ ഒരുക്കാനും ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിക്ഷേപകർക്കും സംരംഭകർക്കും സ്വകാര്യ പങ്കാളികൾക്കും അനന്തസാധ്യതകൾ തുറന്നുനൽകുന്ന പുതിയൊരു ടൂറിസം ആവാസവ്യവസ്ഥ സർക്കാർ പടുത്തുയർത്തുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ടൂറിസം മേഖലയ്ക്ക് ദോഷം വരുന്നതൊന്നും സംസ്ഥാന സർക്കാരിൻ്റെ മദ്യനയത്തിലുണ്ടാവില്ലെന്ന് ഉറപ്പ് നൽകുന്നതായി എക്‌സൈസ് മന്ത്രി എം. ലിജു പറഞ്ഞു.
സെപ്റ്റംബർ 25 മുതൽ 27 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് (B2B) കൂടിക്കാഴ്ചകളും പ്രദർശനവും നടക്കുന്നത്. ടൂറിസം സംരംഭകരുടെ 383 സെല്ലർ സ്റ്റാളുകളും കേരളം, തമിഴ്നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.
എം.എൽ.എമാരായ ടോണി ചമ്മിണി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. മിനിമോൾ വി.കെ, കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ജോ. സെക്രട്ടറി എസ് ഹരികിഷോർ, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ടൂറിസം ഡയറക്ടർ എം. അഞ്ജന, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക, കെ.ടി.ഡി.സി എം.ഡിയും കേരള ടൂറിസം അഡീഷണൽ ഡയറക്ടറുമായ സുമിത് കുമാർ താക്കൂർ, കെ.ടി.എം മുൻ പ്രസിഡന്റുമാരായ ബേബി മാത്യു സോമതീരം, ജോസ് ഡൊമിനിക്, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, എബ്രഹാം ജോർജ്, കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.