കേരളത്തിന്റെ വ്യാവസായിക ഭൂപടം മാറ്റിവരയ്ക്കാന്‍ ലക്ഷ്യമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വന്‍കിട ലോജിസ്റ്റിക്‌സ് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (VISL), പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ഒ.സി.എല്‍ (IOCL), കോണ്‍കോര്‍( CONCOR), സി.ഡബ്ല്യു.സി (CWC) എന്നിവയുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ 2000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കാണ് തുടക്കമിട്ടത്. തുറമുഖത്തെ ഒരു പൂര്‍ണതോതിലുള്ള സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുകയാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വിഴിഞ്ഞം തുറമുഖം പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ (PPP) പ്രവര്‍ത്തിക്കുമ്പോഴും, അനുബന്ധ സേവനങ്ങളില്‍ പൊതുമേഖലയുടെ കരുത്ത് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ചരക്ക് നീക്കത്തിലെ കുത്തകവല്‍ക്കരണം തടയാനും വ്യാപാരികള്‍ക്ക് ന്യായമായ നിരക്ക് ലഭ്യമാക്കാനും ഈ 'കേരള മാതൃക' സഹായിക്കും.
വിഴിഞ്ഞത്തെ ആഗോള നിലവാരത്തിലുള്ള ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാന്‍ മൂന്ന് കേന്ദ്ര പൊതുമേഖലാ ഭീമന്മാരാണ് കൈകോര്‍ക്കുന്നത്.
ഇന്ധന സുരക്ഷയ്ക്ക് ഐ.ഒ.സി.എല്‍ (₹700 കോടി):
ലോകോത്തര കപ്പല്‍ ചാലുകള്‍ക്ക് സമീപമാണ് വിഴിഞ്ഞം എന്നതിനാല്‍, ഇവിടെയെത്തുന്ന കൂറ്റന്‍ കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനായി കേന്ദ്ര മഹാരത്ന കമ്പനിയായ ഐ.ഒ.സി.എല്‍ (IOCL) വന്‍കിട ബങ്കറിങ് സൗകര്യങ്ങള്‍ ഒരുക്കും. ഇതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഹബ്ബായി വിഴിഞ്ഞം മാറും.
ഗതാഗത ശൃംഖലയ്ക്ക് കോണ്‍കോര്‍ (₹600 കോടി):
റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കമ്പനിയായ കോണ്‍കോര്‍ (CONCOR) ആണ് ചരക്ക് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ട്രെയിന്‍ മാര്‍ഗ്ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുരക്ഷിതമായി ചരക്ക് എത്തിക്കാന്‍ ആവശ്യമായ കണ്ടെയ്‌നര്‍ ഡിപ്പോകളും (ICD), ചരക്ക് കൈകാര്യം ചെയ്യാനുള്ള ഫ്രൈറ്റ് സ്റ്റേഷനുകളും (CFS) ഇവര്‍ വികസിപ്പിക്കും.
ഭീമന്‍ ലോജിസ്റ്റിക് പാര്‍ക്കിന് സി.ഡബ്ല്യു.സി (₹700 കോടി):
അത്യാധുനികമായ മള്‍ട്ടി-മോഡല്‍ ലോജിസ്റ്റിക്സ് പാര്‍ക്കിനായി സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ (CWC) നിക്ഷേപം നടത്തും. വലിയ ഗോഡൗണുകള്‍ക്ക് പുറമെ, പെട്ടെന്ന് കേടാകുന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഭീമന്‍ കോള്‍ഡ് സ്റ്റോറേജുകളും കയറ്റുമതി അനുബന്ധ യൂണിറ്റുകളും ഈ പാര്‍ക്കില്‍ സജ്ജമാക്കും.
സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതകളില്ലാതെയാണ് ഈ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നത്.
മുഖ്യമന്ത്രിക്ക് പുറമെ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗന്‍, വിസില്‍ എം.ഡി. ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine