കേരളത്തിലെ ഹോട്ടൽ വ്യവസായം മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, സിലിണ്ടറുകളുടെ ദൗർലഭ്യം എന്നിവ ഹോട്ടലുകളുടെ പ്രവർത്തനത്തെ താളംതെറ്റിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹോട്ടല്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പല ഉടമകളും. ഹോട്ടലുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നത് യാത്രക്കാരെയും ജോലിക്കാരെയും വിദ്യാര്‍ത്ഥികളെയും സാധാരണക്കാരെയും വലിയ തോതില്‍ ബാധിക്കും.
ഈ അധിക ബാധ്യത മറികടക്കാൻ ഭക്ഷണസാധനങ്ങൾക്ക് 50 മുതൽ 60 ശതമാനം വരെ വില വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ഹോട്ടല്‍ ഉടമകൾ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ചായയ്ക്കും മറ്റ് ലഘുഭക്ഷണങ്ങൾക്കും പെട്ടെന്ന് വില വർദ്ധിപ്പിക്കുന്നത് പ്രായോഗികമല്ല എന്ന സ്ഥിതിവിശേഷവും ഹോട്ടലുകാര്‍ നേരിടുന്നു. ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടുന്നത് മൂലം ജനങ്ങള്‍ ഹോട്ടലുകളില്‍ കയറാന്‍ വിമുഖത കാണിച്ചേക്കുമെന്ന കാരണത്തിലാണ് ഇത്. കൂടാതെ ഹോട്ടലുകളെ മാത്രം ആശ്രയിക്കുന്ന സാധാരണ തൊഴിലാളികള്‍ക്കും വിദ്യാർത്ഥികള്‍ക്കും ഭക്ഷണ ഇനങ്ങള്‍ക്ക് വില കൂട്ടുന്നത് അവരുടെ ദിവസ ബജറ്റിനെ സാരമായി ബാധിക്കും.
ഇത് കേരളത്തിലെ ചെറുകിട, ഇടത്തരം ഹോട്ടലുകളെ സംബന്ധിച്ചിടത്തോളം വലിയ തോതില്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. കാരണം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം 10 രൂപ അല്ലെങ്കില്‍ 15 രൂപക്ക് കൊടുക്കുന്ന ചായക്ക് 30 രൂപ ആക്കാന്‍ പറ്റില്ല. നാമമാത്രമായ വര്‍ധന വരുത്തുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഗവണ്‍മെന്റ് പറഞ്ഞ കാര്യങ്ങള്‍ അല്ല ഇപ്പോള്‍ നടക്കുന്നത്. ഗ്യാസിന്റെ വില വര്‍ധന ആവശ്യമില്ല എന്ന് നേരത്തെ പറഞ്ഞവര്‍, ഇലക്ഷന്‍ കഴിഞ്ഞ ഉടനെ വോട്ട് ചെയ്ത ജനങ്ങളോട് ഇത്രയേറ ക്രൂരമായി 1,000 രൂപയോളം വില വര്‍ധിപ്പിച്ച പെട്രോളിയം കമ്പനിക്കാരുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ
വിലക്കയറ്റത്തിനൊപ്പം തൊഴിലാളികളുടെ കുറവും ഹോട്ടലുടമകളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമാണുള്ളത്. നിലവിലുള്ള പണിക്കാർക്ക് ഇരട്ടി കൂലി നൽകി ജോലി ചെയ്യിപ്പിക്കേണ്ടി വരുന്നത് ഹോട്ടലുകാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നു. ഇതിനുപുറമെ, ലഭ്യതക്കുറവ് കാരണം സിലിണ്ടറുകളുടെ വിതരണത്തിന് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വാണിജ്യ സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടർ വില മൂവായിരം രൂപ കടന്നു. 85 ശതമാനവും ഉപഭോഗവും നടക്കുന്ന ഗാർഹിക സിലിണ്ടറുകൾക്ക് വില കൂട്ടാതെ അതിന്റെ ഭാരം കൂടി വാണിജ്യ സിലിണ്ടറുകൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് ജി. ജയപാൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് നൂറും നൂറ്റമ്പതും രൂപ കൂടിയിരുന്ന സ്ഥാനത്താണ് ഈ ഭീമമായ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനവ്യാപക പണിമുടക്ക്: കേന്ദ്ര ഗവൺമെന്റിന്റെയും എണ്ണക്കമ്പനികളുടെയും നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച (മെയ് 6) സംസ്ഥാനവ്യാപകമായി കെ.എച്ച്.ആർ.എ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. അറുപതിനായിരത്തോളം അംഗങ്ങളാണ് സംഘടനയിലുളളത്. ഗ്യാസ് വില കുറയ്ക്കണമെന്ന ശക്തമായ ആവശ്യമാണ് സമരത്തിലൂടെ ഇവർ മുന്നോട്ട് വെക്കുന്നത്. ഗ്യാസ് വില കുറക്കാതെ ഹോട്ടല്‍ മേഖലക്ക് മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടിയാല്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ ഹോട്ടലുകളില്‍ കയറാതെയായേക്കുമെന്നതിനാല്‍, അസാധാരണമായ പ്രതിസന്ധിയെയാണ് ഈ ബിസിനസ് മേഖല നിലവില്‍ അഭിമുഖീകരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine