Image courtesy: Canva
Business Kerala

ആഗോള വിപണി കീഴടക്കി കേരളത്തിന്റെ ചെമ്മീനും കൂന്തളും കണവയും; ₹8,466 കോടിയുടെ വരുമാനവുമായി സമുദ്രോത്പന്ന മേഖലയിൽ ചരിത്ര മുന്നേറ്റം

വിപണികളുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനാണ് (EU) കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളി. ട്രംപ് ഭരണകൂടം ചുമത്തിയ സർചാർജും പശ്ചിമേഷ്യന്‍ യുദ്ധവും ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്

Sutheesh Hariharan

ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യൺ ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഈ ദേശീയ നേട്ടത്തിൽ കേരളം നിർണായകമായ പങ്കുവഹിച്ചു. സംസ്ഥാനത്തുനിന്നുള്ള കയറ്റുമതി അളവിലും മൂല്യത്തിലും വലിയ വളർച്ചയാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്.

കയറ്റുമതി കണക്കുകളും വളർച്ചയും: 2025-26 വർഷത്തിൽ കേരളത്തിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി 1,94,224 മെട്രിക് ടൺ (MT) ആയിരുന്നുവെന്ന് സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) വ്യക്തമാക്കി. ഇതിന്റെ ആകെ മൂല്യം 968.60 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 8,466.77 കോടി രൂപ). മുൻവർഷത്തെ (2024-25) അപേക്ഷിച്ച് കയറ്റുമതി അളവിൽ 8.11 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.

പ്രധാന കയറ്റുമതി ഇനങ്ങളും വിപണികളും

കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ സിംഹഭാഗവും ശീതീകരിച്ച ചെമ്മീനാണെന്ന് (Frozen Shrimp) എം.പി.ഇ.ഡി.എ അറിയിച്ചു. ആകെ കയറ്റുമതി മൂല്യത്തിന്റെ 47.34 ശതമാനവും (458.51 മില്യൺ ഡോളർ) ഈ ഇനത്തിൽ നിന്നാണ്. ശീതീകരിച്ച കൂന്തൾ (Frozen Squid - 21.72%), കണവ (Frozen Cuttlefish - 14.12%), ശീതീകരിച്ച മത്സ്യം (Frozen Fish - 6.74%) എന്നിവയാണ് മറ്റ് പ്രധാന ഇനങ്ങൾ. ഉണക്കിയ മത്സ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും 38.08 ശതമാനം വളർച്ചയുണ്ടായി.

വിപണികളുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനാണ് (EU) കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളി. ആകെ കയറ്റുമതിയുടെ 31.74 ശതമാനം മൂല്യം ഇവിടേക്കാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ (19.37%), ചൈന (18.83%), അമേരിക്ക (13.24%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള പ്രധാന വിപണികൾ.

മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനികൾ: സമുദ്രോത്പന്ന കയറ്റുമതി മേഖലയിൽ കേരളത്തില്‍ നിന്നുളള കമ്പനികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പെൻവർ പ്രൊഡക്ട്സ് ലിമിറ്റഡ് (Penver Products Limited) ആണ് പട്ടികയിൽ ഒന്നാമത്. ബേബി മറൈൻ ഈസ്റ്റേൺ എക്‌സ്‌പോർട്‌സ്, പ്രോഫണ്ട് വയലാറ്റ് മറൈൻ എക്‌സ്‌പോർട്‌സ്, അബാദ് ഓവർസീസ്, നാസ് ഫിഷറീസ് എന്നിവയാണ് ആദ്യ അഞ്ചിൽ ഉൾപ്പെട്ട മറ്റ് കമ്പനികൾ.

വെല്ലുവിളികളും അതിജീവിക്കാനുള്ള മാർഗങ്ങളും

പശ്ചിമേഷ്യൻ (മിഡിൽ ഈസ്റ്റ്) സംഘർഷങ്ങളും അമേരിക്ക ഏർപ്പെടുത്തിയ പുതിയ താരിഫുകളും കഴിഞ്ഞ വര്‍ഷം സീഫുഡ് കയറ്റുമതിയെ കാര്യമായി ബാധിച്ചു. അമേരിക്ക 2026 ഫെബ്രുവരി മുതൽ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 10 ശതമാനം സർചാർജ് ചുമത്തിയത് ഇന്ത്യയ്ക്ക് വെല്ലുവിളിയായി. ഇക്വഡോർ, ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യയെ അപേക്ഷിച്ച് കുറഞ്ഞ തീരുവ ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്.

യു.എസ്-ഇറാന്‍ യുദ്ധം മൂലമുളള പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം കേരളത്തിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ അളവിൽ 11.94 ശതമാനവും മൂല്യത്തിൽ 4.22 ശതമാനവും ഇടിവുണ്ടായി.

ഈ പ്രതിസന്ധികളെ മറികടക്കാന്‍ വിവിധ ഇടപെടലുകള്‍ നടത്തിയതായി എം.പി.ഇ.ഡി.എ വ്യക്തമാക്കി. നിലവിലുള്ള 130 വിപണികളിൽ ഇന്ത്യൻ വിഹിതം വർദ്ധിപ്പിക്കുക, ചൈന, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപാര പ്രതിനിധി സംഘങ്ങളെ അയക്കുക, റഷ്യ, സൗദി അറേബ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ പുതിയ പ്രോസസിംഗ് യൂണിറ്റുകൾ ലിസ്റ്റ് ചെയ്തുകൊണ്ട് വിപണി വൈവിധ്യവൽക്കരിക്കുക, ബയർ സെല്ലർ മീറ്റുകൾ (BSM), റിവേഴ്സ് ബയർ സെല്ലർ മീറ്റുകൾ (RBSM) എന്നിവ സംഘടിപ്പിക്കുക, പ്രമുഖ വ്യാപാര മേളകളില്‍ പങ്കെടുക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ജൂലൈയിൽ ചെന്നൈയിൽ സംഘടിപ്പിക്കുന്ന 'സീഫുഡ് എക്സ്പോ ഭാരത്' മേഖലയിലെ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനുളള പ്രധാന വേദിയായി മാറുമെന്നാണ് കരുതുന്നത്. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സമുദ്രോത്പന്ന കയറ്റുമതി മേഖലയില്‍ സുസ്ഥിരമായ വളർച്ച രേഖപ്പെടുത്താന്‍ കേരളത്തിനായി എന്നത് മികച്ച നേട്ടമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT