Business Kerala

സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ ₹13,255 കോടിയിലധികം വരുമാനം; തലയെടുപ്പോടെ ടെക്‌നോപാര്‍ക്ക്

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തോളം വളര്‍ച്ച

Dhanam News Desk

ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം 13,255 കോടി വളര്‍ച്ച നേടി ടെക്‌നോപാര്‍ക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളര്‍ച്ച.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന്റെ മൊത്തം വരുമാനം 11,630 കോടി രൂപയായിരുന്നു. തിരുവനന്തപുരത്ത് 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐ.ടി ഹബ്ബില്‍ 490 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 75,000ത്തോളം പേര്‍ പ്രത്യക്ഷമായും രണ്ട് ലക്ഷത്തോളം പേര്‍ പരോക്ഷമായും ജോലി ചെയ്യുന്നു.

കേരളത്തിലെ ഊര്‍ജസ്വലമായ ഐ.ടി ആവാസവ്യവസ്ഥയുടെയും ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബിസിനസ് കാഴ്ച്ചപ്പാടിന്റെയും പ്രൊഫഷണലിസത്തിന്റെയും കരുത്ത് തെളിയിക്കുന്നതാണ് ഈ മികവാര്‍ന്ന പ്രകടനമെന്ന് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. ടെക്‌നോപാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള ജീവനക്കാരും നിര്‍ണായക നേട്ടം കൈവരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശാലമായ അടിസ്ഥാന സൗകര്യങ്ങള്‍

ബഹിരാകാശ സാങ്കേതികവിദ്യ, ഫിന്‍ടെക്, മെഡ്‌ടെക്, ഇവി, ലോജിസ്റ്റിക്‌സ്, തുടങ്ങി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന മേഖലകളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകള്‍ സാധ്യമാക്കുന്ന കമ്പനികളുടെ വികസനത്തിനായി ടെക്‌നോപാര്‍ക്ക് വിശാലമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

യു എസ്, യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡില്‍ ഈസ്റ്റ് എന്നിവയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഈ വര്‍ഷം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിക്കുകയും ഇവിടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കഴക്കൂട്ടത്തിനും കോവളത്തിനും ഇടയിലായി ദേശീയപാത ബൈപാസിന് അരികിലായാണ് കേരളത്തിലെ ആദ്യ ഐ.ടി ഇടനാഴി നിലവില്‍ വന്നത്. ക്യാമ്പസിലെ മൂന്ന്, നാല് ഫേസുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി ഹബ്ബുകളിലൊന്നായി ടെക്‌നോപാര്‍ക്ക് മാറും.

ബിസിനസ് വളര്‍ച്ച, നവീകരണം, തൊഴിലിടത്തെ മികവ് എന്നീ രംഗങ്ങളില്‍ ഈ വര്‍ഷം തന്നെ ടെക്‌നോപാര്‍ക്കിലെ നിരവധി കമ്പനികള്‍ അനേകം ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT