Business Kerala

കേരളത്തിന്റെ മൂന്നാം വന്ദേഭാരതിന് 'ട്വിസ്റ്റ്'; ബംഗളൂരുവിലേക്കില്ല, പകരം പുതിയ റൂട്ട്?

സപെഷ്യല്‍ ട്രെയിന്‍ ആയി എറണാകുളം-ബംഗളൂരൂ റൂട്ടില്‍ സര്‍വീസ് നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്

Dhanam News Desk

കേരളത്തിനനുവദിച്ച മൂന്നാം വന്ദേഭാരത് ഇനിയും സര്‍വീസ് ആരംഭിക്കാത്തതിനെ ചൊല്ലി വിവാദം പുകയുന്നു. സ്വകാര്യ ബസ് ലോബികളെ സഹായിക്കാനാണ് സര്‍വീസ് ആരംഭിക്കാത്തതെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തല്‍ റൂട്ടുമാറ്റി ഓടിക്കുന്നത് പരിഗണനയിലന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കേറിയ ബാംഗളൂരു-എറണാകുളം റൂട്ടില്‍ അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരം-ചെന്നൈ റൂട്ടിലേക്ക് മാറ്റാനാണ് നീക്കം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടനം ഒഴിവാക്കി സപെഷ്യല്‍ ട്രെയിന്‍ ആയി എറണാകുളം-ബംഗളൂരൂ റൂട്ടില്‍ സര്‍വീസ് നടത്താനായിരുന്നു റെയില്‍വേ ഉദ്ദേശിച്ചിരുന്നത്. ഇതിനായി പുതിയ വന്ദേഭരത് റേക്ക് കഴിഞ്ഞ മാസം കൊല്ലത്ത് എത്തിക്കുകയും ചെയ്തു.

ബംഗളൂരുവില്‍ നിന്ന് രാവിലെ എറണാകളും ജംഗ്ഷനിലെത്തി ഉച്ചയോടെ തിരികെ പോകുന്ന രീതിയിലായിരുന്നു ഉദ്ദേശിച്ചിരുന്നത്. എറണാകുളം മാര്‍ഷലിംഗ് യാഡില്‍ വന്ദേഭാരത് ട്രെയിനുകള്‍ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു.

ആരോപണം ശക്തം

എന്നാല്‍ സര്‍വീസ് ഇനിയും ആരംഭിക്കാനായിട്ടില്ല. സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദ്ദം മൂലമാണ് സര്‍വീസ് ആരംഭിക്കാത്തതെന്നാണ് ആരോപണം. അതേസമയം മൂന്നാം വന്ദേഭാരതിന്റെ മെയിന്റനന്‍സ് സംബന്ധിച്ച് ദിക്ഷണറെയില്‍വേ തീരുമാനമെടുക്കാത്തതാണ് കാരണമെന്നാണ് റെയില്‍വേയുടെ പക്ഷം.

നിലവില്‍ കേരളത്തിലൂടെ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. അതിനാല്‍ മൂന്നാം വന്ദേ ഭാരത് അന്തര്‍ സംസ്ഥാന റൂട്ടില്‍ ഓടിക്കേണ്ടതുണ്ട്. അതിനാണ് ഇപ്പോള്‍ തിരുവനന്തപുരം-ചെന്നൈ റൂട്ട് ആലോചിക്കുന്നത്. കൂടാതെ തിരുവനന്തപുരം-കോയമ്പത്തൂര്‍ റൂട്ടും പരിഗണനയിലുണ്ട്.

തിരുവനന്തപുരം-കാസര്‍കോട്, തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണ് നിലവിലുള്ള  സര്‍വീസുകള്‍. രാജ്യത്ത് തന്നെ ഒക്യുപെന്‍സി റേറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ട്രെയിന്‍ സര്‍വീസുകളാണ് ഇവ രണ്ടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT