Image courtesy: Canva
Business Kerala

ടൂറിസ്റ്റ് ബസ് വ്യവസായം പ്രതിസന്ധിയില്‍, നിരക്ക് കൂട്ടുന്നു, അധിക ബാധ്യത സാധാരണക്കാരന്

ഡീസൽ വില ലിറ്ററിന് പത്തു വര്‍ഷം മുമ്പ് 77 രൂപയായിരുന്ന സ്ഥാനത്ത് നിന്ന് ഇപ്പോൾ 104 രൂപയിൽ എത്തിനിൽക്കുകയാണ്. ത്രൈമാസ നികുതി കഴിഞ്ഞ സര്‍ക്കാര്‍ 36,750 രൂപയിൽ നിന്ന് 44,000 രൂപയായി വർദ്ധിപ്പിച്ചതും തിരിച്ചടി

Sutheesh Hariharan

കേരളത്തിലെ ടൂറിസ്റ്റ് ബസ് മേഖല കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പെട്രോള്‍-ഡീസല്‍ വില വർദ്ധന, നികുതി ഭാരം, അപ്രായോഗികമായ നിയമങ്ങൾ എന്നിവ മൂലം ഈ വ്യവസായം കടുത്ത ബുദ്ധിമുട്ടിലാണ്. നിലവിൽ ഈ മേഖല 'നഷ്ടത്തിന് മുകളിൽ നഷ്ടം' എന്ന അവസ്ഥയിലാണെന്ന് ടൂറിസ്റ്റ് ബസ് ഉടമകള്‍ പറയുന്നു.

ഇന്ധനവിലയും നികുതി ഭാരവും

ഡീസൽ വില ലിറ്ററിന് പത്തു വര്‍ഷം മുമ്പ് 77 രൂപയായിരുന്ന സ്ഥാനത്ത് നിന്ന് ഇപ്പോൾ പിടിച്ചാല്‍ കിട്ടാത്ത 104 രൂപയിൽ എത്തിനിൽക്കുകയാണ്. ഇന്ധന വിലയില്‍ ഇനിയും വര്‍ധന ഉണ്ടാകുമെന്നാണ് യു.എസ്-ഇറാന്‍ യുദ്ധം പോലുളള ആഗോള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് ആനുപാതികമായി യാത്രാ നിരക്ക് വർദ്ധിച്ചിട്ടില്ല. ഇതിനിടയിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ ആന്റണി രാജുവും കെ.ബി ഗണേഷ് കുമാറും ഈ മേഖലക്ക് പ്രതികൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചത്. ടൂറിസ്റ്റ് ബസുകളുടെ ത്രൈമാസ നികുതി (Quarterly Tax) കഴിഞ്ഞ സര്‍ക്കാര്‍ 36,750 രൂപയിൽ നിന്ന് 44,000 രൂപയായി വർദ്ധിപ്പിച്ചു. മൂന്ന് മാസം കൂടുമ്പോൾ ഇത്രയും വലിയ തുക ടാക്സ് ഇനത്തിൽ നൽകുന്നത് സാധാരണക്കാരായ ബസ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സീസണുകള്‍ എല്ലാം ഫ്ലോപ്പാണ്. ഇന്ധന ചെലവും നികുതിയും മറ്റ് പരിപാലന ചെലവുകളും കണക്കിലെടുക്കുമ്പോൾ ടൂറിസ്റ്റ് ബസുകളുടെ പ്രവർത്തന ചെലവിൽ ഏകദേശം 30 മുതൽ 35 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിന് സമാനമായി നിരക്ക് വര്‍ധന ഉണ്ടായിട്ടില്ല. നിരക്ക് വര്‍ധിപ്പിച്ചാല്‍ അതിന്റെ ഭാരവും പൊതുജനങ്ങള്‍ സഹിക്കേണ്ടി വരും. പക്ഷെ വേറെ നിവൃത്തിയില്ലാത്ത സാഹചര്യമാണ് ഉളളത്. അധികൃതരുടെ ഭാഗത്ത് നിന്ന് ഈ മേഖലക്ക് ആശ്വാസമേകുന്ന നടപടികളാണ് പ്രതീക്ഷിക്കുന്നത്.
സക്കീർ ചാച്ചു, സംസ്ഥാന വൈസ് പ്രസിഡന്‍റ്, കോൺട്രാക്ട് കാരിയേജ് ഓണേഴ്സ് കമ്മ്യൂണിറ്റി

അപ്രായോഗികമായ നിയമങ്ങൾ

പാലക്കാട് ഉണ്ടായ ഒരു അപകടത്തെത്തുടർന്ന് കൊണ്ടുവന്ന ഏകീകൃത നിറം (വെള്ള നിറം) ഈ മേഖലയ്ക്ക് വലിയ തിരിച്ചടിയായി. കെഎസ്ആർടിസി ബസുകൾക്ക് വിവിധ നിറങ്ങൾ ഉപയോഗിക്കാമെന്നിരിക്കെ, ടൂറിസ്റ്റ് ബസുകൾക്ക് മാത്രം ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വിവേചനപരമാണെന്ന് ഉടമകൾ ആരോപിക്കുന്നു. കൂടാതെ, നികുതി ആനുകൂല്യം ലഭിക്കണമെങ്കിൽ എല്ലാ സീറ്റുകളും പുഷ് ബാക്ക് ആക്കണമെന്ന നിബന്ധനയും സാധാരണക്കാരായ ഉടമകൾക്ക് അധിക ബാധ്യതയാണ്.

പരാജയപ്പെട്ട സീസണും ഗ്യാസ് ക്ഷാമവും

വേളാങ്കണ്ണി, രാമേശ്വരം, ഏർവാടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടന സീസണായ ഏപ്രിൽ-മെയ് മാസങ്ങൾ ഇത്തവണ വലിയ പരാജയമായിരുന്നു. ഇതിന് പ്രധാന കാരണം പാചക വാതകത്തിന്റെ (LPG) ലഭ്യതക്കുറവാണെന്ന് 2012 മുതല്‍ ഈ വ്യവസായ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എറണാകുളം പള്ളുരുത്തിയിലെ അവനി ഹോളിഡേയ്സ് (AVNI holidays) ഉടമ ആന്റണി കുര്യന്‍ പറയുന്നു.

ദീർഘദൂര യാത്രകളിൽ ഭക്ഷണം തയാറാക്കി പോകുന്ന സംഘങ്ങൾക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാത്തത് മൂലം പല ട്രിപ്പുകളും റദ്ദാക്കേണ്ടി വന്നു. ഉദാഹരണമായി മധുര, പഴനി യാത്ര പോകുന്ന 40-50 പേരടങ്ങുന്ന സംഘമാണെങ്കില്‍, ഭക്ഷണം പുറത്ത് ഹോട്ടലുകളെ ആശ്രയിക്കാതെ സ്വയം പാചകം ചെയ്യുകയാണ് പതിവ്. സാധാരണയായി ടൂര്‍ കോര്‍ഡിനേറ്റ് ചെയ്യുന്നവരാണ് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. ഇത്തരത്തിൽ സീസൺ മോശമായത് ബാങ്ക് ലോണുകളും മറ്റും തിരിച്ചടയ്ക്കുന്ന ഉടമകളെ തളർത്തി.

പരിഹാര മാർഗങ്ങൾ

സർക്കാർ ഇടപെട്ട് നികുതി കുറച്ചു നൽകുകയും ഡീസലിന് സബ്‌സിഡി അനുവദിക്കുകയും ചെയ്താൽ മാത്രമേ ഈ വ്യവസായത്തെ സംരക്ഷിക്കാൻ സാധിക്കൂ എന്ന് ഉടമകൾ ആവശ്യപ്പെടുന്നു. സർക്കാർ ബദൽ മാർഗങ്ങൾ ഒരുക്കിയില്ലെങ്കിൽ ലോൺ കുടിശ്ശിക കാരണം വണ്ടികൾ ചുരുക്കേണ്ടി വരുമെന്നും ഇത് ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം ഈ മേഖലയിലെ മറ്റൊരു സംഘടനയായ കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (CCOA) ജൂൺ 1 മുതൽ യാത്രാ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ട്രിപ്പിന് 10,000 രൂപ നിരക്കുണ്ടായിരുന്നത് 11,000 രൂപയായാണ് വര്‍ധിപ്പിച്ചത്. നാമമാത്രമായ വര്‍ധനയാണെങ്കിലും ഇത്തരമൊരു നീക്കമില്ലാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് പല ഉടമകളും പറയുന്നത്. സമാനമായ നിരക്ക് വര്‍ധന മേഖലയിലെ മറ്റ് സംഘടനകളും ഏര്‍പ്പെടുത്തുമെന്നുമാണ് കരുതുന്നത്. പണപ്പെരുപ്പം സാധാരണക്കാരന്റെ ജീവിതത്തെ സമസ്ത മേഖലകളിലും പിടിച്ചുലക്കുന്നതിന്റെ ഉദാഹരണമാണ് ടൂറിസ്റ്റ് ബസ് വ്യവസായ രംഗത്തും ഉണ്ടായിരിക്കുന്നത്. ആഭ്യന്തര ടൂര്‍ പാക്കേജുകളില്‍ വര്‍ധന ഉണ്ടാകുന്നത് വിലക്കയറ്റം മൂലം ദുരിതം അനുഭവിക്കുന്ന സാധാരണക്കാരന് അധിക പ്രഹരമാണ് വരുത്തുക.

Kerala's tourist bus industry is facing severe financial stress due to rising fuel costs, higher taxes, regulatory challenges, and weak demand, forcing operators to increase travel charges.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT