Business Kerala

നാസ സ്‌പേസ് ആപ്‌സ് ചലഞ്ചിന്റെ ലോകത്തിലെ ഏറ്റവും വലിയ സംഘാടകരായി മലയാളി സ്റ്റാര്‍ട്ടപ്പ്

ഈ വര്‍ഷം ഇന്ത്യ, യുഎഇ, യൂറോപ്പ് എന്നിവിടങ്ങളിലായി 22 പ്രാദേശിക ഇവന്റുകളാണ് യുഡബ്ല്യുആര്‍ സംഘടിപ്പിച്ചത്

Resya Raveendran

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്യൂക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ യുണീക്ക് വേള്‍ഡ് റോബോട്ടിക്സ് (യുഡബ്ല്യുആര്‍) നാസ സ്പേസ് ആപ്സ് ചലഞ്ച് 2025-ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായി. ബഹിരാകാശ-ഭൗമശാസ്ത്ര നൂതനാശയങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തോണാണ് നാസ സ്പേസ് ആപ്സ് ചലഞ്ച്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യുഡബ്ല്യുആര്‍.

ഈ വര്‍ഷം ഇന്ത്യ, യുഎഇ, യൂറോപ്പ് എന്നിവിടങ്ങളിലായി 22 പ്രാദേശിക ഇവന്റുകളാണ് യുഡബ്ല്യുആര്‍ സംഘടിപ്പിച്ചത്. ഇതില്‍ ഇന്ത്യയില്‍ നടന്ന 16 പരിപാടികളില്‍ കേരളത്തിലെ എട്ടെണ്ണവും ഉള്‍പ്പെടുന്നു. യുഡബ്ല്യുആര്‍ സംഘടിപ്പിച്ച കേന്ദ്രങ്ങളില്‍ നിന്ന് മാത്രം 15,308 രജിസ്ട്രേഷനുകളും 2,276 ടീമുകളും 1,200-ലധികം പ്രോജക്റ്റുകളും സമര്‍പ്പിച്ചു. ആഗോളതലത്തില്‍ ആകെ 1,14,094 രജിസ്ട്രേഷനുകളും 16,860 ടീമുകളും ഉണ്ടായപ്പോള്‍, അതില്‍ 13.42 ശതമാനം രജിസ്ട്രേഷനുകളും 13.5 ശതമാനം ടീമുകളും യുഡബ്ല്യുആര്‍ വഴിയാണെന്നത് ശ്രദ്ധേയമായ നേട്ടമാണെന്ന് കമ്പനി സ്ഥാപകന്‍ ബാന്‍സണ്‍ തോമസ് ജോര്‍ജ്ജ് പറഞ്ഞു. സ്റ്റോറിടെല്ലിംഗ്, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ആസ്ട്രോഫിസിക്സ്, കൃഷി, ബഹിരാകാശ പര്യവേഷണം തുടങ്ങിയ വിവിധ മേഖലകളിലായിരുന്നു മത്സരങ്ങള്‍.

ചരിത്രത്തിലാദ്യമായി, ലോകമെമ്പാടുമുള്ള 16,860 ടീമുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 45 ഗ്ലോബല്‍ ഫൈനലിസ്റ്റുകളില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ടീമുകള്‍ ഇടംനേടി. കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ അഞ്ച് രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളടങ്ങുന്ന 'ടീം മെറ്റിയോര്‍ റിസ്ലേഴ്സ്', കാഞ്ഞിരപ്പള്ളിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ആറ് വിദ്യാര്‍ത്ഥികളടങ്ങുന്ന 'ടീം സെലസ്റ്റ' (Team Celesta) എന്നിവയാണ് ഈ നേട്ടം കൈവരിച്ചത്.

മികച്ച പങ്കാളികള്‍

തൃശൂരില്‍ വെച്ച് 2023-ല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രാദേശിക ഇവന്റ് സംഘടിപ്പിച്ചുകൊണ്ടാണ് യുണീക്ക് വേള്‍ഡ് റോബോട്ടിക്‌സ് നാസ സ്‌പേസ് ആപ്‌സ് ചലഞ്ചിന് തുടക്കം കുറിച്ചത്. 2023-ലും 2024-ലും തുടര്‍ച്ചയായി ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക ഇവന്റ് സംഘടിപ്പിക്കാന്‍ യുഡബ്ല്യുആറിന് സാധിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം), കെ-സ്‌പേസ്, കേരള സ്‌പേസ് പാര്‍ക്ക്, ഐഇഡിസി, അസാപ്, കെഎസ് സിഎസ് ടിഇ, കെ-ഡിസ്‌ക്, ആസ്‌ട്രോ കേരള, മ്യൂലേണ്‍, ആല്‍ഗോണ്‍,എഡിസി തുടങ്ങിയ പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ പങ്കാളികളുമായി സഹകരിച്ചാണ് 2025 പതിപ്പ് സംഘടിപ്പിച്ചത്. കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, ട്രിവാന്‍ഡ്രം ഡിസി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി, തൃശൂര്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂര്‍ എസ്എന്‍എസ് കോളേജ് ഓഫ് ടെക്‌നോളജി തുടങ്ങിയവയായിരുന്നു പ്രധാന വേദികള്‍.

കൗതുകത്തെ അവസരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് യുണീക്ക് വേള്‍ഡ് റോബോട്ടിക്‌സ് ആരംഭിച്ചതെന്ന് ബാന്‍സണ്‍ തോമസ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രതിഭകളെ അന്താരാഷ്ട്ര ബഹിരാകാശ മേഖലയുമായി ബന്ധിപ്പിക്കുന്നതിനാണ് നാസ സ്‌പേസ് ആപ്‌സ് ചലഞ്ച് കേരളത്തിലെത്തിച്ചത്. ഈ പദ്ധതിയില്‍ 2022-ല്‍ 150-ല്‍ താഴെ പങ്കാളികള്‍ മാത്രമാണ് കേരളത്തില്‍ നിന്നുണ്ടായിരുന്നത്. ഇന്ന് ആഗോള പങ്കാളിത്തത്തിന്റെ 13 ശതമാനത്തിലധികം കേരളത്തില്‍ നിന്നാണെന്നത് അഭിമാനകരമാണ്. ഓരോ വര്‍ഷവും 10,000-ത്തിലധികം പേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വരുംതലമുറയെ ആഗോള ബഹിരാകാശ ആവാസവ്യവസ്ഥയുമായി ആത്മവിശ്വാസത്തോടെ ഇടപെടാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തിന് ഈ നേട്ടം ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT