Business Kerala

അഞ്ച് ശതമാനം പലിശയില്‍ രണ്ടു കോടി വരെ വായ്പ; എംഎസ്എംഇകള്‍ക്ക് കൈത്താങ്ങായി ഒരു കെഎഫ്‌സി പദ്ധതി

അപേക്ഷിക്കാനുള്ള പ്രായപരിധി 50 വയസ്സ്, പ്രവാസികള്‍ക്കും വനിതകള്‍ക്കും ഇളവ്

Dhanam News Desk

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (MSME) മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP Edition II) വഴി വായ്പ ലഭ്യമാക്കാം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC) വഴി നടപ്പാക്കുന്ന ഈ പ്രത്യേക വായ്പാ പദ്ധതിയിലൂടെ അര്‍ഹരായ സംരംഭകര്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ 2 കോടി രൂപ വരെ വായ്പ ലഭ്യമാക്കും. സംരംഭങ്ങളുടെ ആവശ്യാനുസരണം ടേം ലോണ്‍ ആയോ, വര്‍ക്കിംഗ് കാപ്പിറ്റല്‍ ടേം ലോണ്‍ ആയോ അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ത്തോ സാമ്പത്തിക സഹായം കൈപ്പറ്റാവുന്നതാണ്. നിലവിലുള്ള സംരംഭങ്ങള്‍ക്കും പുതിയവ ആരംഭിക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുത്താം.

കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനും സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് വായ്പാ പരിധി ഉയര്‍ത്തിക്കൊണ്ടുള്ള ഈ പദ്ധതി കെഎഫ്‌സി നടപ്പിലാക്കുന്നത്.

ആര്‍ക്കൊക്കെ കിട്ടും?

എംഎസ്എംഇ ഉദ്യം രജിസ്‌ട്രേഷന്‍ (MSME-Udyam Registration) ഉള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പയ്ക്ക് അര്‍ഹതയുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ മുഖ്യ പ്രൊമോട്ടറുടെ പ്രായം 50 വയസ്സോ അതില്‍ താഴെയോ ആയിരിക്കണം. എന്നാല്‍ നോണ്‍-റെസിഡന്റ് കേരളൈറ്റ്‌സ് (NRK), പട്ടികജാതി-പട്ടികവര്‍ഗ (SC/ST) വിഭാഗക്കാര്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. അതായത് ഇവര്‍ക്ക് 55 വയസ്സുവരെ അപേക്ഷിക്കാം.

അപേക്ഷകരായ എല്ലാ പ്രൊമോട്ടര്‍മാരുടെയും കെവൈസി (KYC) വിവരങ്ങള്‍ തൃപ്തികരമായിരിക്കണം. സിബില്‍ ക്രെഡിറ്റ് വിഷന്‍ സ്‌കോര്‍ (CIBIL Credit Vision Score) 650-ഓ അതിനു മുകളിലോ ഉള്ളവര്‍ക്ക് മാത്രമേ വായ്പ അനുവദിക്കൂ. കൂടാതെ സ്ഥാപനത്തിന് കെഎഫ്‌സിയുടെ ആഭ്യന്തര ക്രെഡിറ്റ് റേറ്റിംഗില്‍ കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്.

പ്രൊമോട്ടര്‍ വിഹിതവും തിരിച്ചടവും

പദ്ധതിച്ചെലവിന്റെ കുറഞ്ഞത് 10 ശതമാനം പ്രൊമോട്ടര്‍ വിഹിതമായി (Promoter's Contribution) സംരംഭകര്‍ കണ്ടെത്തണം. ബാക്കി 90 ശതമാനം തുക വരെ വായ്പയായി ലഭിക്കും. ഒരു വര്‍ഷം വരെ മൊറട്ടോറിയം കാലാവധി അനുവദിക്കും. മൊറട്ടോറിയം ഉള്‍പ്പെടെ ആകെ അഞ്ച് വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. രണ്ടു കോടി രൂപയ്ക്ക് മുകളിലാണ് പ്രൊമോട്ടര്‍മാര്‍ക്ക് വായ്പ ആവശ്യമെങ്കില്‍, രണ്ട് കോടി വരെയുള്ള തുക സിഎംഇഡിപി (CMEDP) സബ്സിഡി നിരക്കിലും (5 ശതമാനം പലിശ) ബാക്കി വരുന്ന തുക കെഎഫ്‌സിയുടെ സാധാരണ പലിശ നിരക്കിലും (10 ശതമാനം) രണ്ടാമതൊരു വായ്പയായി അനുവദിക്കും.

ഇത്തരം വലിയ പ്രൊജക്ടുകളില്‍ സിഎംഇഡിപി വിഹിതത്തിന് പ്രത്യേക അക്കൗണ്ട് നമ്പര്‍ നല്‍കി 1+4 വര്‍ഷത്തെ തിരിച്ചടവ് ഘടനയിലാണ് സബ്സിഡി കണക്കാക്കുക. പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ 3 ശതമാനവും കെഎഫ്‌സി 2 ശതമാനവും പലിശ സബ്സിഡി വഹിക്കുന്നതിനാലാണ് സംരംഭകര്‍ക്ക് 5 ശതമാനം നിരക്കില്‍ വായ്പ ലഭ്യമാകുന്നത്. ആദ്യത്തെ 5 വര്‍ഷത്തേക്ക് മാത്രമായിരിക്കും ഈ പലിശ ആനുകൂല്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT