കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയുടെ നവീകരണത്തിനും വിപുലീകരണത്തിനും വലിയ ഉത്തേജനമേകുന്ന പുതിയ വായ്പാ പദ്ധതികളാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (KFC) നല്‍കി വരുന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി കെഎഫ്‌സി അവതപിപ്പിച്ചിട്ടുള്ള പദ്ധതിയാണ് 'കെഎഫ്‌സി മെഷിനറി വായ്പാപദ്ധതി.
സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ 'ഈട്' (Collateral) നല്‍കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. കേന്ദ്ര സര്‍ക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് (CGTMSE) വഴിയാണ് ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നത്.
പദ്ധതിയിലൂടെ അര്‍ഹരായ എംഎസ്എംഇകള്‍ക്ക് 5 കോടി രൂപ വരെ വായ്പയായി ലഭിക്കും. പുതിയ യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനുള്ള ആകെ ചെലവിന്റെ 80 ശതമാനം വരെയാണ് കെഎഫ്‌സി വായ്പയായി അനുവദിക്കുക. ഒരു വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ ഏഴ് വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) ആനുകൂല്യത്തിന് അര്‍ഹതയുള്ള യൂണിറ്റുകള്‍ക്ക് 5 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്കില്‍ ഈ വായ്പ സ്വന്തമാക്കാം. വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ സംരംഭങ്ങളെ കൂടുതല്‍ മത്സരക്ഷമമാക്കാനുമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
സാങ്കേതികവിദ്യ നവീകരിക്കുന്നതിലൂടെ ഉല്‍പ്പാദനക്ഷമതയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുകയാണ് ഈ വായ്പയുടെ ലക്ഷ്യം. എന്നാല്‍ വായ്പ ലഭിക്കുന്നതിന് കൃത്യമായ ചില മാനദണ്ഡങ്ങള്‍ കെഎഫ്‌സി നിഷ്‌കര്‍ഷിക്കുന്നുണ്ട്:
കമ്പനിയുടെ മുഖ്യ പ്രൊമോട്ടറുടെ സിബില്‍ (CIBIL) സ്‌കോര്‍ 700-ന് മുകളിലായിരിക്കണം. കൂടാതെ എംഎസ്എംഇയുടെ സിബില്‍ റാങ്കിംഗ് 1 മുതല്‍ 5 വരെ ആയിരിക്കണം.
എംഎസ്എംഇ-ഉദ്യം, ജിഎസ്ടി (GST) എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതുമായ യൂണിറ്റുകളായിരിക്കണം.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും സ്ഥാപനം ലാഭത്തിലായിരിക്കണം. ഒപ്പം പോസിറ്റീവ് നെറ്റ് വര്‍ത്ത് നിലനിര്‍ത്തുകയും വേണം.
വിശ്വാസ്യതയുള്ള വിതരണക്കാരില്‍ (Suppliers) നിന്ന് മാത്രമേ ഉപകരണങ്ങള്‍ വാങ്ങാവൂ. പഴയതോ, ഉപയോഗിച്ചതോ, ലോക്കലായി ഫാബ്രിക്കേറ്റ് ചെയ്തതോ ആയ യന്ത്രങ്ങള്‍ക്ക് വായ്പ ലഭിക്കില്ല.
തുക അപേക്ഷകന് നേരിട്ട് നല്‍കാതെ, കെഎഫ്‌സി നേരിട്ട് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിക്കാണ് കൈമാറുക. യോഗ്യരായ സംരംഭകര്‍ക്ക് കെഎഫ്‌സിയുടെ വെബ്‌സൈറ്റ് (www.kfc.org) വഴിയോ അടുത്തുള്ള കെഎഫ്‌സി ബ്രാഞ്ചുകള്‍ വഴിയോ അപേക്ഷ നല്‍കാം.
Read DhanamOnline in English
Subscribe to Dhanam Magazine