kingsinfra.com
Business Kerala

ആഗോള മലയാളി ബിസിനസ് സമൂഹത്തിന്‌ നികത്താനാവാത്ത നഷ്ടമായി ഷാജി ബേബിജോണിന്റെ വിടവാങ്ങല്‍, കിംഗ്‌സ് ഇന്‍ഫ്രാവെഞ്ചേഴ്‌സിന്റെ അമരക്കാരന്‍

ദീര്‍ഘവീക്ഷണമുള്ള നേതാവും പ്രചോദനമേകുന്ന സംരംഭകനും സമൂഹത്തോട് പ്രതിബദ്ധതയുള്ള വ്യക്തിയുമായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും

Dhanam News Desk

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാനും കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വെഴ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഷാജി ബേബിജോണിന്റെ ആകസ്മിക നിര്യാണം ആഗോള മലയാളി സമൂഹത്തിനും ബിസിനസ് രംഗത്തിനും തീരാനഷ്ടമായി. ദീര്‍ഘവീക്ഷണമുള്ള നേതാവും പ്രചോദനമേകുന്ന സംരംഭകനും സമൂഹത്തോട് പ്രതിബദ്ധതയുള്ള വ്യക്തിയുമായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും.

കൂട്ടായ്മ, സംരംഭകത്വം, സാമൂഹിക ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.

അദ്ദേഹത്തിന്റെ ഭൗതികശരീരം നാളെ രാവിലെ 9 മണിക്ക് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപമുള്ള കുടുംബ വീട്ടിലും ഉച്ചയ്ക്ക് രണ്ടര മുതല്‍ നീണ്ടകര വയലില്‍ വീട്ടിലും പൊതുദര്‍ശനത്തിനു വയ്ക്കും. മൂന്നരയ്ക്ക് നീണ്ടകര സെന്റ്: സെബാസ്റ്റ്യാന്‍ പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ജലകൃഷിയിലെ വിപ്ലവം

1987-ല്‍ സ്ഥാപിതമായ ലിസ്റ്റഡ് കമ്പനിയായ കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ (Kings Infra Ventures Limited) അമരക്കാരനായിരുന്നു ഷാജി ബേബിജോണ്‍. അക്വാകള്‍ച്ചര്‍ (ജലകൃഷി), സീഫുഡ് പ്രോസസിംഗ്, കയറ്റുമതി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ്. പ്രമുഖ ശാസ്ത്രജ്ഞരുമായും സ്ഥാപനങ്ങളുമായും ചേര്‍ന്ന് നടത്തിയ തീവ്രമായ ഗവേഷണത്തിലൂടെ ഉല്‍പ്പാദനക്ഷമതയില്‍ ലോകോത്തര നിലവാരം കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

ജപ്പാനിലെ എന്‍.ഇ.സി. കോര്‍പ്പറേഷനുമായി സഹകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), IOT, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗിച്ച് കൃത്യമായ ജലകൃഷി (Precision Aquaculture) വികസിപ്പിച്ചെടുത്തു. SISTA360 പ്രോട്ടോക്കോള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന സാങ്കേതികവിദ്യയിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

നിലവില്‍, ദക്ഷിണേന്ത്യയിലെ വിവിധ മേഖലകളില്‍ റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ്, ഹോസ്പിറ്റാലിറ്റി, ക്ലീന്‍ എനര്‍ജി തുടങ്ങിയ നിരവധി പ്രോജക്റ്റുകളില്‍ കിംഗ്സ് ഗ്രൂപ്പ് ഏര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, 'ഗേറ്റ്‌സ് ഇക്കോസിറ്റി' എന്ന സുസ്ഥിരവും ഭാവനാത്മകവുമായ സംയോജിത ടൗണ്‍ഷിപ്പ് പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

പ്രവാസി കൂട്ടായ്മകളിലെ നിറസാന്നിധ്യം

മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1982-ലാണ് ഷാജി ബേബി ജോണ്‍ കുടുംബ ബിസിനസില്‍ പ്രവേശിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള എക്സ്ട്രീം ഫോക്കസ് ഗ്രൂപ്പിലും, മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (MPEDA) ബോര്‍ഡിലും അദ്ദേഹം അംഗമായി പ്രവര്‍ത്തിച്ചു. കയറ്റുമതി മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് നിരവധി ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

യുനെസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേണിംഗ് (UIL) സ്ഥാപിച്ച വിദഗ്ദ്ധ സമിതിയില്‍ അംഗമായിരുന്ന അദ്ദേഹം, ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ലേണിംഗ് സിറ്റീസ് ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുന്നതിലും യുനെസ്‌കോ-യൂനെവോക്കുമായി വിജ്ഞാന പങ്കാളി എന്ന നിലയിലും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രവാസികളെ പ്രതിനിധീകരിക്കുന്ന നിരവധി അന്താരാഷ്ട്ര സംഘടനകളിലെ സജീവ അംഗവുമായിരുന്നു.

പുതിയ ചുവടുവയ്പുകള്‍ക്കിടെ

അടുത്തിടെ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് ആന്ധ്രാസര്‍ക്കാരുമായി 2,500 കോടി രൂപ നിക്ഷേപത്തില്‍ 500 ഏക്കറില്‍ കിംഗ്‌സ് മാരിടൈം അക്വാകള്‍ച്ചര്‍ ടെക്‌നോളജി പാര്‍ക്ക് സ്ഥാപിക്കുന്നതിന് കരാര്‍ ഒപ്പുവച്ചിരുന്നു.

1,500 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി വിശാഖപട്ടണത്തിന് അടുത്തുള്ള ശ്രീകാകുളത്താണ് സ്ഥാപിതമാകുക.

കമ്പനിയുടെ വിവിധ ബിസിനസുകള്‍ സീഫുഡ് & അക്വാകള്‍ച്ചര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ & റിയല്‍റ്റി എന്നീ രണ്ട് പ്രധാന വിഭാഗങ്ങളായി ഒരുമിപ്പിച്ച് ഒറ്റ കോര്‍പ്പറേറ്റ് സ്ഥാപനമായി മാറ്റുന്നതായി കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഷാജി ബേബി ജോണിന്റെ നിര്യാണ വാര്‍ത്തയെത്തുടര്‍ന്ന്, ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഓഹരി വിലയില്‍ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. 120 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരിയുടെ വില 108 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേ7പേകര്‍ക്ക് 330 ശതമാനം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT