അക്വാകള്‍ച്ചര്‍, സീഫുഡ് പ്രൊസസിംഗ് കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ് ലിമിറ്റഡ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വരുമാനത്തില്‍ 30.13 ശതമാനം വര്‍ധനരേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ 124.63 കോടി രൂപയില്‍ നിന്ന് 162.15 കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്.
കമ്പനിയുടെ അറ്റാദായം (PAT) 24.41 ശതമാനം ഉയര്‍ന്ന് 16.36 കോടി രൂപയായി വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 13.15 കോടി രൂപയായിരുന്നു. പ്രതി ഓഹരി വരുമാനം (EPS) 5.37 രൂപയില്‍ നിന്ന് 6.68 രൂപയായി മെച്ചപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും (Q4 FY26) കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാലാം പാദത്തില്‍ 46.85 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 32.36 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 44.77 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
നാലാം പാദത്തിലെ അറ്റാദായം 81.91 ശതമാനം വര്‍ധിച്ച് 5.13 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2.82 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. നാലാം പാദത്തിലെ എബിറ്റ (EBITDA) 53.43 ശതമാനം വര്‍ധനയോടെ 9.39 കോടി രൂപയിലുമെത്തി. കൃത്യമായ ചെലവ് ചുരുക്കലും ഉത്പാദന വര്‍ധനയുമാണ് ലാഭക്ഷമത ഉയര്‍ത്താന്‍ സഹായിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു.
കമ്പനിയുടെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഷാജി ബേബി ജോണിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ അതിജീവിച്ചാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. നിലവിലെ മാനേജിംഗ് ഡയറക്ടര്‍ ബേബി ജോണ്‍ ഷാജിയുടെ നേതൃത്വത്തില്‍ കമ്പനി പ്രധാന ബിസിനസ് മേഖലകളായ അക്വാകള്‍ച്ചറിലും കയറ്റുമതിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള വ്യാപാര തടസങ്ങളും കയറ്റുമതി മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും വരും പാദങ്ങളില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പ്രത്യേകിച്ച് 2027-ഓടെ നടപ്പിലാകുമെന്ന് കരുതുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (FTA) യൂറോപ്യന്‍ വിപണിയില്‍ കിംഗ്‌സ് ഇന്‍ഫ്രയുടെ ബ്രാന്‍ഡിന് വലിയ മുന്നേറ്റത്തിനുള്ള അവസരമൊരുക്കുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്ക് (FY 2026-27) അഞ്ച് പ്രധാന കാര്യങ്ങളില്‍ ഊന്നിയുള്ള 'SCDMO' (Synergise, Consolidate, Digitise, Monetise, Optimise) വികസന തന്ത്രമാണ് കമ്പനി ബോര്‍ഡ് അംഗീകരിച്ചിരിക്കുന്നത്.
സമാന ചിന്താഗതിക്കാരായ കയറ്റുമതിക്കാരുമായും അക്വാകള്‍ച്ചര്‍ സാങ്കേതികവിദ്യാ സ്ഥാപനങ്ങളുമായും തന്ത്രപരമായ സഖ്യങ്ങള്‍ (Synergise)) രൂപീകരിക്കുക. ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്തൃ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എബിറ്റ മാര്‍ജിന്‍ സംരക്ഷിക്കുകയും (Consolidate) ചെയ്യുക. ഫാമുകളില്‍ തത്സമയ നിരീക്ഷണ സംവിധാനങ്ങള്‍, ഓട്ടോ ഫീഡറുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ (Digiti-se) നടപ്പിലാക്കുക. കമ്പനിയുടെ ഭൂമിയുടെ മൂല്യം വര്‍ധിപ്പിക്കുകയും കണ്‍സള്‍ട്ടിംഗ്, പുതിയ എക്‌സ്‌പോര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ എന്നിവയിലൂടെ വരുമാനം കൂട്ടുകയും (Monetise) ചെയ്യുക. വിഭവങ്ങളുടെ കൃത്യമായ വിനിയോഗവും കര്‍ശനമായ പ്രവര്‍ത്തന വിലയിരുത്തലുകളും (Optim-ise) നടത്തുക എന്നിവയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
വരുമാനത്തില്‍ 162 കോടി രൂപ കടക്കാനായതും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാക്കാനായതും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലാല്‍ബര്‍ട്ട് ചെറിയാന്‍ വ്യക്തമാക്കി.
കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് ഓഹരികള്‍ ഇന്ന് നേരിയ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 10 ശതമാനത്തിലധികം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണിത്. കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍ ഓഹരിയുടെ നേട്ടം രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ്.
Kochi-based aquaculture pioneer Kings Infra posts robust financial performance for FY 2025-26 with a 24.41% surge in net profit.
Read DhanamOnline in English
Subscribe to Dhanam Magazine