Business Kerala

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ കുതിക്കുമ്പോള്‍ തിളങ്ങി കൊച്ചിയും; പിന്നില്‍ മലയാളി തിളക്കം

ട്രെയിനിലേക്ക് സുരക്ഷിതമായി ഇന്ധനം നിറയ്ക്കാനുള്ള അത്യാധുനിക ഹൈഡ്രജന്‍ റീഫ്യുവലിംഗ് സ്റ്റേഷന്‍ സാങ്കേതികവിദ്യ രൂപകല്‍പ്പന ചെയ്തത് കാക്കനാട് സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ ) പ്രവര്‍ത്തിക്കുന്ന ഫ്‌ളൂയീട്രോണ്‍ ഇന്ത്യയാണ്

Resya Raveendran

ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ (Hydrogen Fuel Cell) ട്രെയിൻ ട്രെയിൻ വിജയകരമായി കുതിച്ചു പായുമ്പോൾ, അതിന് പിന്നിൽ കൊച്ചിയിൽ നിന്നുള്ള സാങ്കേതിക മികവും മലയാളി സാന്നിധ്യവും. ഇന്ത്യൻ റെയിൽവേയുടെ ഈ ചരിത്ര നേട്ടത്തിൽ നിർണായക പങ്കുവഹിച്ചുകൊണ്ട് വീണ്ടുമൊരു കേരളാ മോഡൽ രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുകയാണ്.

ട്രെയിനിലേക്ക് സുരക്ഷിതമായി ഇന്ധനം നിറയ്ക്കാനുള്ള അത്യാധുനിക ഹൈഡ്രജന്‍ റീഫ്യുവലിംഗ് സ്റ്റേഷന്‍ (HRS) സാങ്കേതികവിദ്യ രൂപകല്‍പ്പന ചെയ്തത് കാക്കനാട് സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ (CSEZ) പ്രവര്‍ത്തിക്കുന്ന ഫ്‌ളൂയീട്രോണ്‍ ഇന്ത്യയാണ് (Fluitron India).

കൊച്ചിയിലെ ഡിസൈന്‍, കോയമ്പത്തൂരിലെ നിര്‍മാണം

രാജ്യത്തെ ഹരിത ഊര്‍ജ ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ചാണ് ജിന്ദ്-സോണിപത് റൂട്ടില്‍ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ട്രെയിനും ഇലക്ട്രോലൈസറും മറ്റ് പ്രധാന കരാറുകാര്‍ എത്തിച്ചപ്പോള്‍, പദ്ധതിയുടെ ഏറ്റവും സങ്കീര്‍ണ്ണവും നിര്‍ണായകവുമായ ഹൈഡ്രജന്‍ റീഫ്യുവലിംഗ് സ്റ്റേഷന്‍ പൂര്‍ണ്ണമായും വികസിപ്പിച്ചത് ഫ്‌ളൂയീട്രോണ്‍ ആണ്. കൊച്ചിയിലെ കാക്കനാട് സെസിലുള്ള യൂണിറ്റില്‍ ഡിസൈന്‍ ചെയ്ത ഈ അത്യാധുനിക സിസ്റ്റം കമ്പനിയുടെ കോയമ്പത്തൂര്‍ പ്ലാന്റിലാണ് നിര്‍മിച്ചതെന്നത് പദ്ധതിക്ക് തികഞ്ഞ ഇന്ത്യന്‍ കരുത്ത് പകരുന്നു.

ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജനെ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഇന്ധനമാക്കി മാറ്റി ട്രെയിനുകളിലേക്ക് സുരക്ഷിതമായി ഡിസ്‌പെന്‍സ് ചെയ്യുന്നത് ഈ സ്റ്റേഷനാണ്. മണിക്കൂറില്‍ 18 കിലോഗ്രാം ഫ്‌ളോയും 500 ബാര്‍ ഔട്ട്പുട്ട് പ്രഷറുമുള്ള ഹൈപ്രഷര്‍ കംപ്രസ്സര്‍ സിസ്റ്റം, 350 ബാര്‍ വീതമുള്ള രണ്ട് പ്രത്യേക ഹൈഡ്രജന്‍ ഡിസ്‌പെന്‍സറുകള്‍, പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയ ഫ്യുവലിംഗ് സിസ്റ്റം മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം എന്നിവ അടങ്ങുന്നതാണ് കൊച്ചിയില്‍ പിറന്ന ഈ സാങ്കേതികവിദ്യ.

റെയില്‍വേ ട്രാക്കിലെ ശുദ്ധ ഊര്‍ജ വിപ്ലവം

പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഈ 10 കോച്ച് ഹൈഡ്രജന്‍ ട്രെയിന്‍ കാര്‍ബണ്‍ മലിനീകരണം പൂര്‍ണമായും ഇല്ലാതാക്കുന്നു. ഡീസല്‍ ട്രെയിനുകള്‍ക്ക് പകരമാകുന്നതോടെ ഇന്ധന ഇറക്കുമതിച്ചെലവ് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഗണ്യമായി കുറയ്ക്കാനും ഇന്ത്യന്‍ റെയില്‍വേയ്ക്ക് സാധിക്കും. നിലവില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പൈതൃക റൂട്ടുകളായ ഡാര്‍ജിലിംഗ്, കല്‍ക്ക-ഷിംല, നീലഗിരി മൗണ്ടന്‍ പാതകളിലും സമാനമായ ഹൈഡ്രജന്‍ റീഫ്യുവലിംഗ് സിസ്റ്റം നടപ്പിലാക്കാന്‍ ഫ്‌ളൂയീട്രോണ്‍ റെയില്‍വേയുമായി സഹകരിക്കുന്നുണ്ട്.

ടോം ജോസഫ് പ്രസിഡന്റ് ആൻഡ് മാനേജിംഗ് ഡയറക്ടർ & ഷാജു എസ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്

പദ്ധതി നയിച്ച മലയാളി അമരക്കാര്‍

ആഗോളതലത്തില്‍ തന്നെ പ്രിസിഷന്‍ കംപ്രഷന്‍, ഡിസ്‌പെന്‍സിംഗ് സാങ്കേതികവിദ്യകളില്‍ മുന്നിലുള്ള ഫ്‌ളൂയീട്രോണിന്റെ അമരത്ത് മലയാളികളാണെന്നത് ഈ അഭിമാന നേട്ടത്തിന് ഇരട്ടി മധുരം നല്‍കുന്നു. ഫ്‌ളൂയീട്രോണ്‍ ഗ്ലോബല്‍ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ടോം ജോസഫാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യയുടെ ശുദ്ധ ഊര്‍ജ പ്രയാണത്തിലെ അഭിമാന നിമിഷമാണിതെന്നും, കൊച്ചിയില്‍ രൂപകല്‍പ്പന ചെയ്ത് ഇന്ത്യയില്‍ തന്നെ നിര്‍മിച്ച സാങ്കേതികവിദ്യ രാജ്യത്തിന്റെ ഹൈഡ്രജന്‍ ഭാവിയെ മാറ്റിയെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഡസ്ട്രിയല്‍, സ്‌പെഷ്യല്‍റ്റി ഗ്യാസ് മേഖലകളില്‍ 40 വര്‍ഷത്തിലേറെയുള്ള നീണ്ട പരിചയസമ്പത്തുള്ള വ്യക്തിയാണ് ടോം. എയര്‍ പ്രൊഡക്ട്‌സ് എന്ന കമ്പനിയിലെ വിവിധ നേതൃസ്ഥാനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഭൂരിഭാഗം കാലവും. അതിനുശേഷമാണ് ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലുള്ള 'ബെത്ലഹേം ഹൈഡ്രജന്‍' എന്ന കമ്പനി അദ്ദേഹം സ്ഥാപിക്കുന്നത്.

ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ബിരുദവും, മൊറാവിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും ടോം സ്വന്തമാക്കിയിട്ടുണ്ട്.

കമ്പനിയുടെ ഡയറക്ടര്‍ ഓപ്പറേഷന്‍സ് ആയ മലയാളി ഷാജു എസ്. ആണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയായ ഷാജു ഭാരത് പെട്രോളിയത്തിലും (BPCL) കൊച്ചി റിഫൈനറിയിലുമുള്ള ദീര്‍ഘകാലത്തെ സേവനത്തിന് ശേഷമാണ് ഫ്‌ളൂയീട്രോണില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിര്‍ദേശമാണ് ഈ പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വഴിയൊരുക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു.

ക്ലീന്‍ എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് മേഖലകളില്‍ ആവശ്യമായ കംപ്രഷന്‍, ഡിസ്‌പെന്‍സിങ് സാങ്കേതികവിദ്യകള്‍ നല്‍കുന്ന പ്രമുഖ ആഗോള കമ്പനിയാണ് ഫ്‌ളൂയിട്രോണ്‍.

ഡയഫ്രം കംപ്രസ്സര്‍ രംഗത്ത് 50 വര്‍ഷത്തിലേറെയുള്ള പ്രവൃത്തിപരിചയവും, ഹൈഡ്രജന്‍ വിതരണ സംവിധാനങ്ങളില്‍ 20 വര്‍ഷത്തോടുടുത്ത പരിചയസമ്പത്തും ഈ കമ്പനിക്കുണ്ട്. അതുകൊണ്ടുതന്നെ ഹൈഡ്രജന്‍ റീഫ്യുവലിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തും, ഗ്യാസ് ഹാന്‍ഡ്ലിംഗ് രംഗത്തും ശ്രദ്ധേയമായ ഒരു പേരായി ഫ്‌ളൂയിട്രോണ്‍ മാറിയിരിക്കുന്നു.

സുരക്ഷിതവും മലിനീകരണമില്ലാത്തതുമായ രീതിയില്‍ വാതകങ്ങള്‍ കംപ്രസ് ചെയ്യാനും വിതരണം ചെയ്യാനുമാണ് ഈ കമ്പനിയുടെ സാങ്കേതികവിദ്യ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഹൈഡ്രജന്‍ വാഹനങ്ങള്‍, സെമികണ്ടക്ടര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗവേഷണ മേഖലകള്‍ എന്നിവയ്ക്ക് ഇവരുടെ സേവനം വളരെ അത്യാവശ്യമാണ്.

Malayali leadership and Kochi-designed technology drive India's historic clean energy rail revolution in Haryana

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT