ലക്ഷ്യം വളരെ ഉയര്‍ന്നതായിരുന്നു; പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളിലേക്കും, പ്രത്യേകിച്ച് കുട്ടികളിലേക്കും എത്തിക്കുക. അതിനായി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കൊച്ചിയിലെ പെട്രോള്‍ പമ്പുകളില്‍ പരിസ്ഥിതി സംബന്ധമായ ഒരു സര്‍ഗാത്മക പ്രദര്‍ശനം നടത്തുകയും ചെയ്തു. പ്രമുഖ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സി സ്ഥാപനവും പര്‍പ്പസ് & സെസ്റ്റയ്‌നബിലിറ്റി കമ്യൂണിക്കേഷന്‍ വിദഗ്ധരുമായ ഓര്‍ഗാനിക്ക് ബിപിഎസാണ് ഈ വിധം വേറിട്ടൊരു പരിസ്ഥിതി ദിനാചരണ രീതി സ്വീകരിച്ചത്.
1999ല്‍ സ്ഥാപിതമായ ഓര്‍ഗാനിക്ക് ബി.പി.എസിന്റെ പത്താം വര്‍ഷത്തില്‍ (2009) സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രീന്‍സ്റ്റോം പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ 17-ാമത് സീസണില്‍ എത്തിനില്‍ക്കുമ്പോള്‍ ഗ്രീന്‍സ്റ്റോമില്‍ പങ്കാളികളാകുന്നത് ലോകത്തെ 177 രാജ്യങ്ങളില്‍ നിന്നുള്ള 14513 ഫോട്ടോഗ്രാഫര്‍മാരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഐക്യരാഷ്ട്ര സംഘടനയുടെ പങ്കാളിത്തവും ഉണ്ട്.
മഹത്തായ ലക്ഷ്യങ്ങളോടെ ചെറുചുവടുകള്‍ നിരന്തരം ക്ഷമയോടെ വെച്ചുനടന്നാല്‍ ഏത് അതിരുകളും ലംഘിക്കാമെന്നും ഏത് ഉയരങ്ങളും കീഴടക്കാമെന്നും പറഞ്ഞുവെക്കുന്നു ഈ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം. ലോകത്തെ അമേച്വറും പ്രൊഫഷണലുമായ ഫോട്ടോഗ്രാഫര്‍മാര്‍ ആവേശത്തോടെ പങ്കെടുക്കുന്ന ഫോട്ടോഗ്രാഫി മത്സരമാണ് ഇപ്പോള്‍ ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ളത്.
''17 വര്‍ഷം കൊണ്ട് ലോകമെമ്പാടുമുള്ള 1.2 കോടി യുവ മനസുകളിലേക്ക് ഗ്രീന്‍സ്റ്റോമിന് കടന്നെത്താനും പരിസ്ഥിതി സംരക്ഷണ സന്ദേശം പകരാനും സാധിച്ചുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇക്കാലം കൊണ്ട് 50,000-ത്തിലേറെ ഫോട്ടോഗ്രാഫര്‍മാര്‍ ലോകമെമ്പാടും നിന്ന് ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. അവയെല്ലാം പരിസ്ഥിതി സംബന്ധമായ ഒട്ടേറെ കഥകളാണ് പങ്കുവെക്കുന്നതും,'' ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്റെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ ദിലീപ് നാരായണന്‍ പറയുന്നു. കോര & കോരയുടെ സീനിയര്‍ പാര്‍ട്ണര്‍ CA ജോര്‍ജ് കോര, ഷിപ്പിങ് ലോജിസ്റ്റിക്സ്, മറൈന്‍ സര്‍വീസസ് കമ്പനിയായ GAC ഷിപ്പിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്റര്‍ അനില്‍ കെ മേനോന്‍ എന്നിവര്‍ ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍ ട്രസ്റ്റിമാരുമാണ്.
ഓര്‍ഗാനിക് ബിപിഎസ് പ്രവര്‍ത്തനം തുടങ്ങി, 10 വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന വെളയില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യണമെന്ന ആലോചനകള്‍ നടക്കവേയാണ് ഓര്‍ഗാനിക് ബിപിഎസിലേക്ക് കേരളത്തില്‍ അനൗപചാരിക സന്ദര്‍ശനത്തിന് ഒരു ഉയര്‍ന്ന യുഎന്‍ ടീമംഗമെത്തുന്നത്. ''യുഎന്‍ഇപി പ്രോഗ്രാം മാനേജരായിരുന്ന അവരാണ് പരമ്പരാഗത രീതികള്‍ വിട്ട് ജനങ്ങളുടെ മനസില്‍ ഇടംപിടിക്കുന്ന പുതുമയുള്ള രീതി സ്വീകരിച്ചുകൂടേയെന്ന് ചോദിച്ചത്. ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍ രംഗത്തുള്ള കമ്പനിയായതുകൊണ്ട് ക്രിയേറ്റീവായ മറ്റൊരു രീതിയെന്ന നിലയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫി പ്രദര്‍ശനം എന്ന ആശയം സ്വീകരിക്കുകയായിരുന്നു,'' ദിലീപ് നാരായണന്‍ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര സമ്മേളനവേദിയായ Ramsar COP 15 Victoria Falls, COP 28 Dubai എന്നിവയില്‍ ഇതിനകം ഗ്രീന്‍സ്റ്റോമിന് പങ്കാളിത്തം ലഭിച്ചു. ഈ വര്‍ഷത്തെ ഗ്രീന്‍സ്റ്റോം ഫൗണ്ടേ ഷന്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനം ജൂണ്‍ 17ന് ആരംഭിക്കും. ഓഗസ്റ്റില്‍ മംഗോളിയ ഇഛജയോടനുബന്ധിച്ച് പുരസ്‌കാര വിതരണം നടക്കും. ഈ വര്‍ഷം ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍ മത്സരത്തിലെ ജേതാക്കള്‍ക്കായി വിതരണം ചെയ്യുന്നത് 18 ലക്ഷത്തോളം രൂപയാണ്.
ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫി മത്സരത്തിനായി വന്‍തോതില്‍ തുക ചെലവിട്ടുള്ള മാര്‍ക്കറ്റിങ്ങുമൊന്നും ഒരുകാലത്തുമുണ്ടായിട്ടില്ലെന്ന് ദിലീപ് നാരായണന്‍ പറയുന്നു. അതേസമയം രാജ്യാന്തര നിലവാരമുള്ള വെബ്സൈറ്റും മറ്റ് ടെക്നിക്കല്‍ പശ്ചാത്തലവും പ്രൊഫഷണല്‍ ജൂറിയും എല്ലാം ഒരുക്കിയിരുന്നു. ഇക്കാലത്തിനിടെ ഗ്രീന്‍സ്റ്റോമിനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തി.
ലോകമെമ്പാടും നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫുകള്‍ വിവരിക്കുന്ന പരിസ്ഥിതി കഥകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇന്ത്യ, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളിലേക്ക് ഈ പരിസ്ഥിതി കഥകളുമായി പോവുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി കോഴിക്കോട് നടക്കാവ് സ്‌കൂളിലും കൊച്ചിയിലും ഗള്‍ഫിലുമുള്ള സ്‌കൂളുകളിലും സംഘടിപ്പിച്ചു. കൊച്ചിയില്‍ ഒരു ചെറുകാറ്റായി തുടങ്ങിയ ഒരു പ്രസ്ഥാനമിന്ന് ലോകത്തെ ഒട്ടുമുക്കാലും രാജ്യങ്ങളില്‍ വീശുന്ന ഹരിത കൊടുങ്കാറ്റായി മാറിയിരിക്കുന്നു. ഗ്രീന്‍സ്റ്റോമിനെ വേറിട്ട് നിര്‍ത്തുന്നതും ഇതുതന്നെ.
ഗ്രീന്‍സ്റ്റോം ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒരിക്കല്‍ ലഭിച്ച എന്‍ട്രി കോയമ്പത്തൂരിലെ ഉള്‍ഗ്രാമത്തില്‍ കാട് മൂടിക്കിടന്ന കുളത്തിന് സമ്മാനിച്ചത് പുതുജീവന്‍. കുറേ കുട്ടികള്‍ അത്യുത്സാഹത്തോടെ കുളത്തിലേക്ക് എടുത്തുചാടുന്ന ഫോട്ടോ കോയമ്പത്തൂരിലെ ഒരു ഐടി പ്രൊഫഷണല്‍ കാണാനിടയായി. ജനിച്ചുവളര്‍ന്ന ഗ്രാമവും കൂട്ടുകാരൊത്തുള്ള കുളത്തിലെ കുളിയും എല്ലാം ഓര്‍മയില്‍ വരാന്‍ ആ ഒരു കാഴ്ച മാത്രം മതിയായിരുന്നു. ഗ്രാമത്തിലെ കുളം തേടി ചെന്നപ്പോള്‍ അവിടമാകെ കാട് മൂടി നിര്‍ജീവ അവസ്ഥയിലും. തന്റെ ബാല്യകാല സുഹൃത്തുക്കളെയും സ്ഥലവാസികളെയും കൂടെ ചേര്‍ത്ത് ആ ഐടി പ്രൊഫഷണല്‍ കുളത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
''ഗ്രീന്‍സ്റ്റോം ഫോട്ടോഗ്രാഫി പ്രദര്‍ശനം ഒരുപാട് മാറ്റങ്ങള്‍ക്ക് പ്രചോദനമേകുന്നുവെന്നതാണ് ഏറെ സംതൃപ്തി നല്‍കുന്ന കാര്യം,'' ഫെസ്റ്റിവല്‍ അസോസിയേറ്റ് ഡയറക്റ്റര്‍ അവിനാഷ് അശോക് പറയുന്നു.
"ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍ എന്നെ പഠിപ്പിച്ച രണ്ട് കാര്യങ്ങളുണ്ട്. ആത്മാര്‍ത്ഥമായി നിരന്തരം ഒരു കാര്യം നാം ചെയ്തുകൊണ്ടിരുന്നാല്‍ ദീര്‍ഘകാലം കൊണ്ട് നാം പോലും കരുതാത്ത വിധത്തില്‍ ഉയരങ്ങളിലെത്തും. രണ്ടാമത്തെ കാര്യം സ്വാര്‍ത്ഥ ലക്ഷ്യമില്ലാതെ എല്ലാവരുടെയും നന്മക്കായി, എല്ലാവര്‍ക്കും വേണ്ടിയായി നാം ഒരു കാര്യം ചെയ്താല്‍ അത് തീര്‍ച്ചയായും സുസ്ഥിരമായി നില്‍ക്കും," — ദിലീപ് നാരായണന്‍.
Read DhanamOnline in English
Subscribe to Dhanam Magazine