Representational image, courtesy: Canva
Business Kerala

യാത്രാസൗകര്യങ്ങൾ ഒന്നടങ്കം വിരൽത്തുമ്പിൽ; യാത്ര പ്ലാൻ ചെയ്യാം, ട്രെയിൻ അറിയാം, ടിക്കറ്റെടുക്കാം; പുതിയ വെബ്‌സൈറ്റുമായി കൊച്ചി മെട്രോ

ട്രെയിൻ യാത്രക്കാർക്ക് മാത്രമല്ല, വാട്ടർ മെട്രോ ഉപയോഗിക്കുന്നവർക്കും ബസുകളെയും സൈക്കിളുകളെയും ആശ്രയിക്കുന്നവർക്കും ഒരേ വെബ്സൈറ്റിലൂടെ വിവരങ്ങൾ ലഭ്യമാകും

Sutheesh Hariharan

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തങ്ങളുടെ ഡിജിറ്റൽ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റ് പുറത്തിറക്കി. വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ പുതിയ മാറ്റം കൊച്ചിയിലെ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്നതായിരിക്കും. 2017-ൽ രൂപകൽപ്പന ചെയ്ത പഴയ വെബ്സൈറ്റിന് പകരമായി, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ പതിപ്പ് തയാറാക്കിയിരിക്കുന്നത്.

മാറ്റത്തിന്റെ പശ്ചാത്തലം

2017-ൽ കൊച്ചി മെട്രോ പ്രവർത്തനം ആരംഭിക്കുമ്പോൾ ട്രെയിൻ സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അക്കാലത്തെ സാങ്കേതിക സാഹചര്യങ്ങൾക്ക് അനുസൃതമായാണ് വെബ്സൈറ്റ് നിർമ്മിച്ചത്. എന്നാൽ വർഷങ്ങൾക്കിപ്പുറം കൊച്ചിയിലെ ഗതാഗത മേഖല വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കൊച്ചി വാട്ടർ മെട്രോ, സൈക്കിൾ ഷെയറിംഗ് പദ്ധതികൾ, സിറ്റി സർക്കുലർ ബസുകൾ (CWB) എന്നിവയെല്ലാം നിലവിൽ വന്നു. നേരത്തെ ഇവയോരോന്നിനും വെവ്വേറെ പ്ലാറ്റ്‌ഫോമുകളും ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാർക്ക് ഇവയെല്ലാം ആക്സസ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ പരിമിതികൾ മറികടക്കാനാണ് എല്ലാ സേവനങ്ങളെയും ഒറ്റ പ്ലാറ്റ്‌ഫോമിൽ എത്തിക്കാൻ കെ.എം.ആർ.എൽ തീരുമാനിച്ചത്.

കുസാറ്റിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും ഫാക്കൽറ്റി കോർഡിനേറ്ററുമായ ദലീഷ എം. വിശ്വനാഥന്റെ നേതൃത്വത്തില്‍ ബി.ടെക് മൂന്നാം വര്‍ഷ ഐ.ടി വിദ്യാർത്ഥികളായ അലൻ ഫിലിപ്പ്, ഹാഫിസ് ഹുസൈൻ, ദിൽഷൻ മുഹമ്മദ്, ജയസൂര്യ ജയകുമാർ എന്നിവരാണ് വെബ്സൈറ്റ് വികസിപ്പിച്ചത്.

ഒരൊറ്റ കുടക്കീഴിൽ എല്ലാ സേവനങ്ങളും

പുതിയ വെബ്സൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഒരു 'സിംഗിൾ അംബ്രല്ല' (Single Umbrella) ആയി പ്രവർത്തിക്കുന്നു എന്നതാണെന്ന് ദലീഷ വിശ്വനാഥന്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു. ട്രെയിൻ യാത്രക്കാർക്ക് മാത്രമല്ല, വാട്ടർ മെട്രോ ഉപയോഗിക്കുന്നവർക്കും ബസുകളെയും സൈക്കിളുകളെയും ആശ്രയിക്കുന്നവർക്കും ഒരേ വെബ്സൈറ്റിലൂടെ വിവരങ്ങൾ ലഭ്യമാകും. വെബ്സൈറ്റിന്റെ ഡിസൈൻ പൂർണമായും മാറ്റുകയും ബാക്ക്-എൻഡ് കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. ഡാറ്റ സെക്യൂരിറ്റിക്കും ഉപഭോക്തൃ സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്നും ദലീഷ വിശ്വനാഥന്‍ പറഞ്ഞു.

മെട്രോ ട്രെയിൻ, ഫീഡർ ബസ്, വാട്ടർ മെട്രോ, ഇ-ഓട്ടോ, ഷെയേർഡ് സൈക്കിൾ തുടങ്ങിയ അഞ്ച് യാത്രാമാർഗങ്ങൾ ഒരു പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരികയാണ് പരിഷ്കരിച്ച വെബ്സൈറ്റ്.

മൊബൈൽ കേന്ദ്രീകൃതമായ രൂപകൽപ്പന

ഭൂരിഭാഗം യാത്രക്കാരും വിവരങ്ങൾ തേടുന്നത് മൊബൈൽ ഫോണിലൂടെയാണെന്ന തിരിച്ചറിവിലാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലാപ്ടോപ്പിലും കമ്പ്യൂട്ടറിലും ലഭിക്കുന്ന അതേ സുഗമമായ അനുഭവം മൊബൈലിലും ലഭ്യമാക്കാൻ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഉയർന്ന ഫീച്ചറുകളുള്ള ഫോണുകൾക്ക് മാത്രമല്ല, കുറഞ്ഞ സൗകര്യങ്ങളുള്ള (Low-end) മൊബൈൽ ഫോണുകളിൽ പോലും സൈറ്റ് വളരെ വേഗത്തിൽ പ്രവർത്തിക്കും. കുറഞ്ഞ ഇന്റർനെറ്റ് വേഗതയിൽ പോലും തടസമില്ലാതെ സൈറ്റ് ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

യാത്രക്കാർക്കുള്ള പുതിയ ഫീച്ചറുകൾ

ജനങ്ങള്‍ക്ക് അവരുടെ യാത്ര പ്ലാൻ ചെയ്യാൻ സഹായിക്കുന്ന വിപുലമായ സൗകര്യങ്ങൾ വെബ്സൈറ്റിലുണ്ട്.

തത്സമയ വിവരങ്ങൾ: ഒരു ട്രെയിൻ ഇപ്പോൾ എവിടെയെത്തിയെന്നും അത് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എപ്പോൾ എത്തുമെന്നുമുള്ള വിവരം കൃത്യമായി അറിയാൻ സാധിക്കും. ഇത് യാത്രക്കാർക്ക് സമയം ലാഭിക്കാൻ സഹായിക്കും.

ബുക്കിംഗ് സൗകര്യം: പഴയ ബുക്കിംഗ് സംവിധാനങ്ങളെ ഒട്ടും തടസപ്പെടുത്താതെ തന്നെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്റ്റേഷൻ വിവരങ്ങൾ: ഓരോ മെട്രോ സ്റ്റേഷനുകളിലും ലഭ്യമായ സൗകര്യങ്ങൾ, സ്റ്റേഷനുകളിൽ നിന്ന് എളുപ്പത്തിൽ എത്താവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ, മറ്റ് സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്. കൊച്ചിയിലേക്ക് പുതുതായി എത്തുന്ന സഞ്ചാരികൾക്ക് ഇത് വലിയ സഹായമാകും.

ഔദ്യോഗിക കാര്യങ്ങൾ: യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ കരിയർ അവസരങ്ങൾ, ടെൻഡറുകൾ, കോൺട്രാക്റ്റുകൾ എന്നിവയെല്ലാം ഇനി ഈ ഒറ്റ വെബ്സൈറ്റിലൂടെ കൈകാര്യം ചെയ്യാം.

യാത്രക്കാർക്കായി 'ജേർണി പ്ലാനർ' എന്ന സവിശേഷമായ സംവിധാനവും ഇതിലുളളതായി അലൻ ഫിലിപ്പ് പറഞ്ഞു. ഇതിലൂടെ ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് യാത്ര പ്ലാൻ ചെയ്യാനും അടുത്ത ട്രെയിൻ എപ്പോഴാണ് എത്തുന്നതെന്നും ലക്ഷ്യസ്ഥാനത്ത് എത്താൻ എത്ര സമയമെടുക്കുമെന്നും കൃത്യമായി അറിയാൻ സാധിക്കും. കൂടാതെ, ഓരോ സ്റ്റേഷനെയും പ്രത്യേകം തിരഞ്ഞെടുത്ത് അവിടെയുള്ള സൗകര്യങ്ങൾ (ഉദാഹരണത്തിന് വാഷ്റൂം സൗകര്യം) പരിശോധിക്കാനും സാധിക്കും.

മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രധാന സ്ഥലങ്ങളെക്കുറിച്ചും അവിടേക്ക് എങ്ങനെ എത്താം എന്നതിനെക്കുറിച്ചും കൃത്യമായ മാർഗനിർദ്ദേശങ്ങൾ വെബ്സൈറ്റില്‍ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, മഹാരാജാസ് സ്റ്റേഷനിൽ ഇറങ്ങി എങ്ങനെ വാട്ടർ മെട്രോ വഴി ഫോർട്ട് കൊച്ചിയിൽ എത്താം എന്നതുപോലുള്ള യാത്രാവിവരങ്ങൾ ഉപഭോക്താക്കൾക്ക് ലളിതമായി മനസ്സിലാക്കാൻ സാധിക്കും. ഡാറ്റകൾ കൂടുതൽ ഉപയോക്തൃ-സൗഹൃദമാക്കാനും ആനിമേഷനുകൾ ചേർത്ത് വെബ്സൈറ്റിനെ കൂടുതൽ ആകർഷകമാക്കാനും ശ്രദ്ധിച്ചിട്ടുളളതായും അലന്‍ പറഞ്ഞു.

കൊച്ചി മെട്രോയുടെ ഡിജിറ്റൽ സാന്നിധ്യം ആധുനികവൽക്കരിക്കുന്നതില്‍ പുതിയ വെബ്സൈറ്റ് വലിയ പങ്കായിരിക്കും വഹിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT