വിമന്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് കൊച്ചിന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ വെണ്ടര്‍ലാന്‍ഡ് മിഡ്നൈറ്റ് മാര്‍ക്കറ്റിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു WEN Kochi
Business Kerala

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയിലും ഷോപ്പിംഗ് ആനന്ദകരമാക്കാം; കൊച്ചിയില്‍ വെണ്ടര്‍ലാന്‍ഡ് മിഡ്നൈറ്റ് മാര്‍ക്കറ്റ് ശനിയാഴ്ച തുടങ്ങും

വിമന്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് കൊച്ചിന്‍ ചാപ്റ്റര്‍ 5,6 തിയ്യതികളില്‍ എറണാകുളം രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് മാര്‍ക്കറ്റില്‍ വ്യാപാരവും വിനോദവും സംഗമിക്കും.

Dhanam News Desk

വിമന്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് കൊച്ചിന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വെന്‍ മിഡ്‌നൈറ്റ് മാര്‍ക്കറ്റ് 5, 6 തിയ്യതികളില്‍ രാത്രികാല ഷോപ്പിംഗിന്റെയും വിനോദത്തിന്റെയും സംഗമ കേന്ദ്രമാകും. വൈകീട്ട് നാലു മണി മുതല്‍ രാത്രി 12 മണി വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് മിഡ്‌നൈറ്റ് മാര്‍ക്കറ്റ് ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിനോദത്തിന്റെയും സന്തോഷങ്ങളുടെയും സംഗമസ്ഥാനം എന്നതിനപ്പുറം കൊച്ചി, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതമായ ഇടം കൂടിയാണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് വെന്‍ കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍ നിമിന്‍ ഹിലാല്‍ പറഞ്ഞു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അഞ്ചിന് വൈകീട്ട് നാലിന് ഹൈബി ഈഡന്‍ എം.പി നിര്‍വഹിക്കും.

അവിസ്മരണീയ അനുഭവമൊരുക്കും

കൊച്ചി ഒരു സുരക്ഷിതവും വിനോദപ്രദവുമായ നഗരമാണ് എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഈ വിപണി സന്ദര്‍ശകര്‍ക്ക് ഒരു അവിസ്മരണീയ അനുഭവമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിവിധ തരത്തിലുള്ള ഷോപ്പിംഗ് സ്റ്റാളുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയോടൊപ്പം വിവിധ വിഭവങ്ങളുള്ള ഭക്ഷണ സ്റ്റാളുകളും ഒരുക്കുന്നുണ്ട്. എല്ലാവരെയും ഉള്‍കൊള്ളുന്ന വിനോദം നിറഞ്ഞ പരിപാടിയായാണ് വെന്‍ ഇതിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

സഹകരിക്കാന്‍ പ്രമുഖ സ്ഥാപനങ്ങള്‍

ഹാപ്പിനെസ് പാര്‍ട്ണറായ റേഡിയോ മംഗോയുടെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക് ഷോകളും ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകളും സംഘടിപ്പിക്കും. സ്‌പോര്‍ട്‌സ് പാര്‍ട്ണറായ ഡെക്കാത്ലോണ്‍ സന്ദര്‍ശകര്‍ക്കായി ഗെയിമുകള്‍ ഒരുക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും ഈ ഇവന്റിന് പിന്തുണ നല്‍കുന്നു. കൊച്ചി മെട്രോ ആണ് ഔദ്യോഗിക യാത്രാ പങ്കാളി. പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും അതുവഴി സുരക്ഷാ ബോധവത്കരണം ഉറപ്പാക്കുന്നതിനുമായി പിങ്ക് പോലീസ് പ്രത്യേക സ്റ്റാള്‍ സജ്ജമാക്കും.

നൃത്ത വിരുന്നായി സൈലന്റ് ഡിസ്‌കോ

നിശ്ശബ്ദ നൃത്തവിരുന്നായ സൈലന്റ് ഡിസ്‌കോ രാത്രി 11 മുതല്‍ 12 വരെ നടക്കും. വിനോദം, ഷോപ്പിംഗ്, രുചി, കുടുംബത്തിനൊപ്പം സന്തോഷകരമായ രാത്രിയിലേക്ക് വെന്‍ഡര്‍ലാന്‍ഡ് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. നാലു പേരടങ്ങിയ കുടുംബത്തിന് 250 രൂപയും വിദ്യാര്‍ഥി ഐ ഡിയുള്ളവര്‍ക്ക് 50 രൂപയുമാണ് ചാര്‍ജ്. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ പ്രസിഡന്റ് മരിയ എബ്രഹാം, പ്രസിഡന്റ് ലൈല സുധീഷ്, കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍ നിമിന്‍ ഹിലാല്‍, വൈസ് ചെയര്‍ ലിന്റ രാകേഷ്, കണ്‍വീനര്‍ അനു മാത്യു, പി ആര്‍ ഹെഡ് ശര്‍മിള നായര്‍ എന്നിവര്‍ പങ്കെടുത്തു

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT