Business Kerala

80 ലക്ഷം യാത്രക്കാർ, ₹30 കോടി ടിക്കറ്റ് വരുമാനം; പുതിയ നാഴികക്കല്ലുമായി കൊച്ചി വാട്ടർ മെട്രോ

2026-27 സാമ്പത്തിക വര്‍ഷം ഒക്‌ടോബര്‍ 31 വരെ 7 കോടി രൂപയിലധികം ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചു

Dhanam News Desk

കൊച്ചിയുടെ അഭിമാനമായ വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജലഗതാഗത രംഗത്ത് മാതൃകയായ കൊച്ചി വാട്ടര്‍ മെട്രോ 80 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തി.

വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 2026 നവംബര്‍ 5 വരെയുള്ള മൂന്നര വര്‍ഷത്തിനിടെ 80,23,171 പേരാണ് യാത്ര ചെയ്തത്. 2023 ഏപ്രില്‍ 26ന് സര്‍വീസ് ആരംഭിച്ച 2023-24 സാമ്പത്തിക വര്‍ഷം 18,44,375 പേരും 2024-25 സാമ്പത്തിക വര്‍ഷം 21,08,148 പേരും 2025-26 സാമ്പത്തിക വര്‍ഷം 24,64,559 പേരും 2026-27 ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ 31 വരെ 15,69,802 പേരും വാട്ടര്‍ മെട്രോ പ്രയോജനപ്പെടുത്തി.

ഒക്‌ടോബര്‍ 31 വരെ ടിക്കറ്റ് വരുമാനത്തിലൂടെ 30.24 കോടി രൂപ (30,24,58,384)യും ലഭിച്ചു. 2023-24 സാമ്പത്തിക വര്‍ഷം 4,13,20,240 രൂപയും 2024-25 സാമ്പത്തിക വര്‍ഷം 8,13,54,933 രൂപയും 2025-26 സാമ്പത്തിക വര്‍ഷം 10,89,86,929 രൂപയും 2026-27 സാമ്പത്തിക വര്‍ഷം ഒക്‌ടോബര്‍ 31 വരെ 7,07,96,281 രൂപയും ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചു.

വലിയ സ്വീകാര്യത

തുടക്കം മുതല്‍ തന്നെ പൊതുജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയും സ്വീകാര്യതയുമാണ് നേട്ടത്തിനു കാരണം. കൊച്ചി വാട്ടര്‍ മെട്രോ അന്താരാഷ്ട്ര വേദികളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്ന മാതൃകാ പദ്ധതിയായി വളര്‍ന്നിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തുനിന്നും വാട്ടര്‍ മെട്രോയെക്കുറിച്ച് അറിഞ്ഞ് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നതായും അധികൃതര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT