Image courtesy:Kochi Water Metro 
Business Kerala

ഇനി കായലോളങ്ങളിൽ നിന്ന് വരുമാനവും; കാർബൺ ക്രെഡിറ്റ് നേടുന്ന ആദ്യ വാട്ടർ മെട്രോയായി കൊച്ചി

ഒരു രൂപ പോലും ചെലവാക്കാതെ 71% വരുമാനം കൊച്ചി വാട്ടർ മെട്രോയ്ക്ക്; അന്താരാഷ്ട്ര വിപണിയിൽ ട്രേഡ് ചെയ്യാൻ ബാംഗ്ലൂർ ഏജൻസിയുമായി കരാർ.

Dhanam News Desk

രാജ്യത്തെ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രംഗത്ത് ചരിത്രപരമായ നേട്ടവുമായി കൊച്ചി വാട്ടർ മെട്രോ. സർവീസുകളിലൂടെ ഉണ്ടാകുന്ന ഹരിതഗൃഹ വാതക ബഹിർഗമനത്തിലെ കുറവ് ശാസ്ത്രീയമായി വിലയിരുത്തി സാമ്പത്തിക നേട്ടമാക്കി മാറ്റുന്ന 'കാർബൺ ക്രെഡിറ്റ് വാലിഡേഷൻ' പ്രക്രിയയ്ക്ക് വാട്ടർ മെട്രോ തുടക്കം കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ വാട്ടർ മെട്രോ പ്രോജക്റ്റാണിത്.

പൂര്‍ണമായും സൗജന്യ പദ്ധതി; 71% റവന്യൂ ഷെയർ

പദ്ധതി നിർവ്വഹണത്തിനായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പരിസ്ഥിതി ഏജൻസിയായ കോഷർ ക്ലൈമറ്റിനെ (Kosher Climate) ടെൻഡർ നടപടികളിലൂടെ തെരഞ്ഞെടുത്തു. തികച്ചും വിപ്ലവകരമായ ഒരു റവന്യൂ ഷെയറിംഗ് മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിനായി കൊച്ചി വാട്ടർ മെട്രോ യാതൊരു സാമ്പത്തിക ബാധ്യതയും വഹിക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കേഷൻ, വിവിധ അനുമതികൾ, സാങ്കേതിക പഠനങ്ങൾ എന്നിവയുടെ മുഴുവൻ ചെലവും ഏജൻസി തന്നെയാണ് വഹിക്കുക. തുടർന്ന് ഇത്തരത്തിൽ ലഭിക്കുന്ന കാർബൺ ക്രെഡിറ്റുകൾ അന്താരാഷ്ട്ര വിപണിയിൽ ട്രേഡ് ചെയ്യുമ്പോൾ ലഭിക്കുന്ന തുകയുടെ 71 ശതമാനവും കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിക്കും.

എങ്ങനെയാണ് കാർബൺ ക്രെഡിറ്റ് കണക്കാക്കുന്നത്?

ഡീസൽ, പെട്രോൾ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന പരമ്പരാഗത ബോട്ടുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പകരമായി പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇ-ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോ ഉപയോഗിക്കുന്നത്.

  1. മലിനീകരണക്കുറവ്: യാത്രക്കാർ ഇലക്ട്രിക് വാട്ടർ മെട്രോ തിരഞ്ഞെടുക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺ അളവിൽ ഉണ്ടാകുന്ന കുറവ് (Carbon Emission Reduction) ശാസ്ത്രീയമായി കണക്കാക്കും.

  2. അന്താരാഷ്ട്ര അംഗീകാരം: വാട്ടർ മെട്രോയുടെ നിർമ്മാണം മുതൽ ദൈനംദിന സർവീസ് വരെയുള്ള ഘടകങ്ങൾ പഠിച്ച് അന്താരാഷ്ട്ര നിലവാരമുള്ള സ്കീമുകളുടെ അംഗീകാരം നേടും.

  3. മോണിറ്റൈസേഷൻ: ഈ സർട്ടിഫൈഡ് ക്രെഡിറ്റുകൾ ആഗോള വിപണിയിൽ വിറ്റഴിച്ച് സാമ്പത്തിക വരുമാനമാക്കി മാറ്റും.

ഭാവിയിൽ വൻ സാമ്പത്തിക നേട്ടം

സുസ്ഥിര നഗരഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയിൽ ഇതൊരു മികച്ച വരുമാന സ്രോതസ്സായി മാറുമെന്നാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML) പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ പരിസ്ഥിതി നിയമങ്ങളും അന്തരീക്ഷ മലിനീകരണ നിയന്ത്രണങ്ങളും കൂടുതൽ കർശനമാകുമ്പോൾ, ഈ കാർബൺ ക്രെഡിറ്റുകളുടെ വിപണി മൂല്യം വൻതോതിൽ വർധിക്കും. ഇത് സ്ഥാപനത്തിന് വലിയ സാമ്പത്തിക അടിത്തറ നൽകുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT