Image courtesy: Canva
Business Kerala

70 ലക്ഷം യാത്രക്കാർ, നാല് പുതിയ ടെർമിനലുകൾ, ദൈനംദിന യാത്രയ്ക്ക് പ്രതിമാസ പാസ്; വികസനക്കുതിപ്പിൽ കൊച്ചി വാട്ടർ മെട്രോ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്ന് പുതിയ രണ്ട് ബോട്ടുകൾ 3 മാസത്തിനുള്ളിൽ ലഭിക്കും. ടെർമിനൽ നിർമ്മാണം പൂർത്തിയായ കടമക്കുടിയിൽ രണ്ട് മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കാനുളള ഒരുക്കത്തില്‍

Sutheesh Hariharan

പ്രകൃതിസൗഹാർദ സുസ്ഥിര നഗര ഗതാഗത സംവിധാനത്തിൽ രാജ്യത്തിന് തന്നെ പുതിയ ദിശാബോധം നല്‍കിയ കൊച്ചി വാട്ടർ മെട്രോ അതിവേഗം മുന്നേറുകയാണ്. പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ 70 ലക്ഷം ആളുകളാണ് ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനത്തിലൂടെ യാത്ര ചെയ്തത്. റോഡ് മാർഗമുള്ള ഗതാഗതക്കുരുക്കിൽ പെടാതെ വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഈ ഗതാഗത സംവിധാനം കൊച്ചിയിലെ ദ്വീപ് നിവാസികള്‍ക്കും വലിയ ആശ്വാസമാണ്.

പൂർണമായും എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മെട്രോ ട്രെയിനുകൾക്ക് സമാനമായ ഓട്ടോമാറ്റിക് ടിക്കറ്റ് കളക്ഷൻ ഗേറ്റുകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ബോട്ടുകളിലും ടെർമിനലുകളിലും ഒരുക്കിയിരിക്കുന്നത് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നു. കൂടുതൽ ടെർമിനലുകളിലേക്കും റൂട്ടുകളിലേക്കും സര്‍വീസ് വ്യാപിക്കാനുള്ള തയാറെടുപ്പുകളിലാണ് അധികൃതര്‍. പായല്‍ ശല്ല്യം, പരിമിതമായ ബോട്ടുകള്‍ തുടങ്ങിയ വെല്ലുവിളികളും നിലവില്‍ വാട്ടര്‍‌ മെട്രോ നേരിടുന്നുണ്ട്.

പുതിയ ടെർമിനലുകൾ

വാട്ടർ മെട്രോ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി എറണാകുളം, ഇടക്കൊച്ചി, തോപ്പുംപടി എന്നീ പുതിയ ടെർമിനലുകളാണ് ഇപ്പോൾ ആലോചനയിലുള്ളത്. ഇവയുടെ ടെൻഡർ നടപടികൾ പുരോഗമിച്ചുവരികയാണ്. ടെർമിനൽ നിർമ്മാണം പൂർത്തിയായ കടമക്കുടിയിൽ ഡ്രെഡ്ജിംഗ് ജോലികൾ നടക്കുകയാണ്, ഏകദേശം രണ്ട് മാസത്തിനുള്ളിൽ അവിടെ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രാ തിരക്കും ബോട്ടുകളുടെ ലഭ്യതയും

അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും എറണാകുളം-ഫോർട്ട് കൊച്ചി റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ ആകെ 20 ബോട്ടുകളാണ് സർവീസിനായി ഉള്ളത്. ബോട്ടുകളുടെ എണ്ണം പരിമിതമായതിനാൽ ഫ്ലീറ്റ് മാനേജ്‌മെന്റിലൂടെ തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. സുരക്ഷാ കാരണങ്ങളാൽ ബോട്ടുകളിൽ 98 പേർക്ക് മാത്രമേ ഒരേസമയം യാത്ര ചെയ്യാനാകൂ. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്ന് പുതിയ ബോട്ടുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ടെങ്കിലും, രണ്ട് ബോട്ടുകൾ 2-3 മാസത്തിനുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ചില പ്രദേശങ്ങളില്‍ ഒരു ബോട്ട് കഴിഞ്ഞ് അടുത്ത ബോട്ടിനായി യാത്രക്കാർ 15 മുതൽ 25 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്.

പായൽ പ്രശ്നവും ഫീഡർ സർവീസുകളും

വാട്ടർ മെട്രോ സർവീസുകൾക്ക് വലിയ ഭീഷണിയുയർത്തുന്നത് പായൽ ശല്യമാണ്. പ്രത്യേകിച്ച് വൈറ്റില-കാക്കനാട്, ചെമ്പക്കര കനാൽ റൂട്ടുകളിൽ ഇത് രൂക്ഷമാണ്. പായൽ എൻജിനുകളിൽ കുടുങ്ങുന്നത് സർവീസ് മുടങ്ങുന്നതിനും വലിയ സാങ്കേതിക തകരാറുകൾക്കും കാരണമാകുന്നു. ഇതിന് പരിഹാരമായി പായൽ നീക്കം ചെയ്യാനുള്ള ഹാർവെസ്റ്റിംഗ് യന്ത്രം വാങ്ങുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നുണ്ട്. കൂടാതെ, ശേഖരിക്കുന്ന പായൽ സുസ്ഥിരമായി പുനരുപയോഗിക്കുന്നതിനെക്കുറിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശയുടെ (CUSAT) ഉപദേശവും വാട്ടര്‍ മെട്രോ അധികൃതര്‍ തേടുന്നുണ്ട്.

ഫീഡർ കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, കാക്കനാട് ടെർമിനലിൽ നിന്ന് ഇൻഫോപാർക്കിലേക്ക് നിലവിൽ ഫീഡർ ബസ് ലഭ്യമാണ്. എന്നാൽ ഏലൂർ പോലുള്ള ചില ടെർമിനലുകളിൽ നിന്ന് പ്രധാന റോഡിലേക്ക് ദൂരക്കൂടുതൽ ഉണ്ടെന്ന പരാതി പരിഗണിച്ച്, കൂടുതൽ സ്ഥലങ്ങളിൽ ഫീഡർ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ട്.

മന്തിലി പാസും (monthly pass) ഐടി ജീവനക്കാരും: സാധാരണക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കിൽ (കുറഞ്ഞ നിരക്ക് ₹20) ആഗോള നിലവാരമുള്ള എയർകണ്ടീഷൻ ചെയ്ത ആഡംബര യാത്രയാണ് വാട്ടര്‍ മെട്രോ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ദിവസവും ജോലിക്ക് പോകുന്ന സാധാരണക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രതിമാസ പാസ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സഹായിക്കുന്നു. വൈറ്റില-കാക്കനാട് റൂട്ടിൽ ഐടി ഉദ്യോഗസ്ഥരുടെ എണ്ണം പടിപടിയായി വർദ്ധിച്ചുവരുന്നത് മികച്ച പ്രതികരണമായാണ് കെഎംആര്‍എല്‍ അധികൃതര്‍ വിലയിരുത്തുന്നത്.

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ സാങ്കേതികവിദ്യ: പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് (LTO) ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുന്നു.

ഭിന്നശേഷി സൗഹൃദം: ഹൈ-ടൈഡ്, ലോ-ടൈഡ് സമയങ്ങളിലും ബോട്ടുകളിലേക്ക് സുരക്ഷിതമായി കയറാൻ സഹായിക്കുന്ന ഫ്ലോട്ടിങ് പോണ്ടൂണുകൾ (Floating Pontoons) എല്ലാ ടെർമിനലുകളിലും ഉണ്ട്.

അമിത തിരക്ക് നിയന്ത്രണം: ബോട്ടുകളിൽ നിശ്ചയിച്ച പരിധിയിൽ കൂടുതൽ ആളുകൾ കയറുന്നത് തടയാൻ ഓട്ടോമാറ്റിക് പാസഞ്ചർ കൗണ്ടിങ് സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്.

നഗരത്തിലെ റോഡുകളിലെ തിരക്കും വാഹനപ്പെരുപ്പവും കുറയ്ക്കാൻ ജലപാതകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ വളരെയധികം സാധിക്കുന്നു. ഫോർട്ട് കൊച്ചി, വൈപ്പിൻ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശികളടക്കമുള്ള സഞ്ചാരികളെ ആകർഷിക്കാൻ വാട്ടർ മെട്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൊച്ചി വാട്ടർ മെട്രോയുടെ വിജയം കണക്കിലെടുത്ത് ഇന്ത്യയിലെ 17 ഓളം നഗരങ്ങളിൽ ഈ മാതൃക നടപ്പിലാക്കുന്നതിനായുള്ള പഠന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ കാലഘട്ടത്തില്‍ രാജ്യത്തിന് തന്നെ പ്രചോദനമായ ഈ ജലഗതാഗത സംവിധാനം കൂടുതല്‍ ഫലപ്രദമായും കാര്യക്ഷമമായും വിനിയോഗിക്കാനുളള നടപടികളാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT