കൊച്ചിയില്‍ വിപ്ലവം സൃഷ്ടിച്ച വാട്ടര്‍ മെട്രോ സര്‍വീസ് തെക്കന്‍ കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ജലപാതകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലീകരണ പദ്ധതികളുടെ മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ കായലുകളും പുഴകളും പഴയ കനാലുകളും ഉള്‍പ്പെടുന്ന വിപുലമായ ജലശൃംഖലയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ദേശീയപാതകളിലെ ഗതാഗതക്കുരുക്കില്‍ പെടാതെ യാത്രക്കാര്‍ക്ക് സുഗമവും വേഗമേറിയതുമായ യാത്രാസൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആലപ്പുഴയും കൊല്ലവുമടക്കം രാജ്യത്തുടനിയളമുള്ള 21 പ്രമുഖ നഗരങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) നടത്തിയിരുന്നു. ഇതുസംബന്ധിച്ച് തയാറാക്കിയ വിശദമായ പഠന റിപ്പോര്‍ട്ട് ഇന്‍ലാന്‍ഡ് വാട്ടര്‍വെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (IWAI) നേരത്തെ തന്നെ കൈമാറിയിട്ടുണ്ട്.
അഷ്ടമുടി കായല്‍, ടി.എസ് കനാല്‍, കുട്ടനാടന്‍ ജലപാതകള്‍ എന്നിവയെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന വിപുലീകരണ പദ്ധതിയില്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ ടെക്നോളജിയാകും ഉപയോഗിക്കുക. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജിങ് ഡോക്കുകളുള്ള അത്യാധുനിക ഇലക്ട്രിക് ബോട്ടുകളായിരിക്കും ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുക.
ആലപ്പുഴയിലെ കനാലുകളിലും കൊല്ലത്തെ അഷ്ടമുടി കായലിലുമായി നിരവധി പുതിയ ബോട്ട് ടെര്‍മിനലുകള്‍ ഇതിനായി നിര്‍മ്മിക്കും. 2031-ഓടെ സര്‍വീസുകള്‍ പൂര്‍ണമായും സോളാര്‍ പവര്‍ സ്റ്റേഷനുകള്‍ വഴി ചാര്‍ജ് ചെയ്യുന്ന ബോട്ടുകളിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഈ റൂട്ടുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ തെക്കന്‍ കേരളത്തിലെ യാത്രാസമയം ഗണ്യമായി കുറയുമെന്ന് മാത്രമല്ല, ജലമാര്‍ഗമുള്ള ചരക്കുനീക്കം (Cargo Boats) കൂടുതല്‍ സുഗമമാക്കാനും സാധിക്കും. റോഡുകളിലെ വലിയ ട്രക്കുകളുടെ സാന്നിധ്യം കുറയ്ക്കാനും ഇത് സഹായിക്കും.
ആലപ്പുഴയിലെ ഹൗസ്ബോട്ട് ടൂറിസത്തിനും കൊല്ലത്തെ അഷ്ടമുടി കായല്‍ ടൂറിസത്തിനും പുതിയ പ്രോജക്റ്റ് വലിയ രീതിയില്‍ കരുത്താകും. വിനോദസഞ്ചാര മേഖലയ്ക്ക് വന്‍ കുതിച്ചുചാട്ടം സമ്മാനിച്ചുകൊണ്ട് മണ്‍റോ തുരുത്ത് പോലുള്ള പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പ്രധാന നഗരങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.
പുതിയ വാട്ടര്‍ മെട്രോ ടെര്‍മിനലുകള്‍ വരാനിരിക്കുന്ന പ്രദേശങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇപ്പോള്‍ തന്നെ വലിയ ഉണര്‍വ് ദൃശ്യമാണ്. ആലപ്പുഴയിലെയും കൊല്ലത്തെയും (പ്രത്യേകിച്ച് കുരീപ്പുഴ, കാവനാട് തുടങ്ങിയ പ്രദേശങ്ങള്‍) കായലോരങ്ങളിലുള്ള വസ്തുക്കള്‍ക്കും ഫ്ളാറ്റുകള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറുകയാണ്.
വിജയകരമായ മൂന്ന് വര്‍ഷത്തെ സര്‍വീസ് അടുത്തിടെ പൂര്‍ത്തിയാക്കിയ കൊച്ചി വാട്ടര്‍ മെട്രോയിലൂടെ ഇതുവരെ 65 ലക്ഷത്തിലധികം (6.5 Million) യാത്രക്കാരാണ് യാത്ര ചെയ്തത്. 2023 ഏപ്രിലിലായിരുന്നു വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്.
പ്രവര്‍ത്തനച്ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍ പദ്ധതി നിലവില്‍ ലാഭത്തിലല്ലെങ്കിലും, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാമ്പത്തിക പ്രകടനത്തില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചിട്ടുണ്ട്. സാമ്പത്തിക പാദങ്ങളിലെ പ്രകടനം പരിശോധിച്ചാല്‍ കമ്പനിയുടെ അറ്റനഷ്ടത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 30.26 ലക്ഷം രൂപയായിരുന്ന അറ്റനഷ്ടം, തൊട്ടടുത്ത 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 19.22 ലക്ഷം രൂപയായി കുറയ്ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.
മട്ടാഞ്ചേരി റൂട്ട് കൂടി ആരംഭിച്ചതോടെ വാട്ടര്‍ മെട്രോയുടെ ദിനംപ്രതിയുള്ള വരുമാനം ഇപ്പോള്‍ 2.5 ലക്ഷം രൂപ പിന്നിട്ടിരിക്കുകയാണ്. നിലവില്‍ പ്രതിദിനം ശരാശരി 7,000-ത്തോളം യാത്രക്കാരാണ് വാട്ടര്‍ മെട്രോ സേവനം പ്രയോജനപ്പെടുത്തുന്നത്. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം 8,000 ആയി ഉയര്‍ന്നാല്‍ പദ്ധതിക്ക് ബ്രേക്ക് ഈവന്‍ (നഷ്ടവുമില്ല ലാഭവുമില്ലാത്ത അവസ്ഥ) കൈവരിക്കാനാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.