എറണാകുളത്തിന്റെ തൊട്ടടുത്ത് കിടക്കുന്ന, എന്നാല്‍ യാത്രാതടസങ്ങള്‍ കൊണ്ട് അല്പം അകലെയാണെന്ന് തോന്നിപ്പിച്ചിരുന്ന ചേര്‍ത്തലയുടെ വികസന ഭൂപടം മാറ്റിവരയ്ക്കുകയാണ് ദേശീയപാത 66-ന്റെ വികസനം. എറണാകുളവുമായി ഏറ്റവും അടുത്തബന്ധം പുലര്‍ത്തുന്ന ചേര്‍ത്തലയുടെ റിയല്‍ എസ്റ്റേറ്റ്, ടൂറിസം, വ്യവസായ മേഖലകള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കാന്‍ ദേശീയപാതയുടെ ആറുവരിപ്പാത വികസനം വഴിയൊരുക്കുന്നു.
നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്ന അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ പൂര്‍ത്തിയാകുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാസമയം വെറും 20 മുതല്‍ 25 മിനിറ്റായി ചുരുങ്ങും. കൊച്ചിയുടെ പ്രധാന സാറ്റലൈറ്റ് നഗരമായി ചേര്‍ത്തല മാറുന്ന കാഴ്ചയ്ക്കാണ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
ദേശീയപാത 66 വഴി കൊച്ചിയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന മേഖലയാണ് ചേര്‍ത്തല. ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഐടി പാര്‍ക്കുകളിലേക്കും മറ്റ് കോര്‍പ്പറേറ്റ് ഓഫിസുകളിലേക്കും ചേര്‍ത്തലയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നത്. നിലവില്‍ റോഡ്, തീരദേശ റെയില്‍വേ സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
എന്നാല്‍, ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേകളില്‍ ഒന്നായി മാറുന്ന 12.75 കിലോമീറ്റര്‍ നീളമുള്ള അരൂര്‍-തുറവൂര്‍ എലിവേറ്റഡ് പാത തുറക്കുന്നതോടെ ഈ യാത്രാതടസങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. ഇതിനുപുറമേ, തൈക്കാട്ടുശ്ശേരി-തുറവൂര്‍ പാലവും തീരദേശ റെയില്‍വേയും മേഖലയ്ക്ക് മികച്ച അധിക കണക്റ്റിവിറ്റി നല്‍കുന്നു.
ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ മറ്റൊരു ഫ്‌ളൈഓവര്‍ കൂടി നിര്‍മിക്കുന്ന കാര്യം ദേശീയപാത അതോറിറ്റിയുടെ (NHAI) സജീവ പരിഗണനയിലാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇടപ്പള്ളി മുതല്‍ തുറവൂര്‍ വരെ നീളുന്ന കൂറ്റന്‍ എലിവേറ്റഡ് ഹൈവേ ശൃംഖല നിലവില്‍ വരികയും, യാത്രാസൗകര്യത്തില്‍ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാകുകയും ചെയ്യും.
ദേശീയപാത 66 വികസിക്കുന്നതോടെ ലോജിസ്റ്റിക്സ് ഹബ്ബുകള്‍, വെയര്‍ഹൗസുകള്‍, ഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍, MSME-കള്‍ (ചെറുകിട ഇടത്തരം വ്യവസായങ്ങള്‍) എന്നിവയ്ക്കൊക്കെ അനന്തമായ സാധ്യതകളാണ് ചേര്‍ത്തലയില്‍ വരുന്നതെന്ന് ചേര്‍ത്തല എം.എല്‍.എയും മുന്‍ കൃഷിമന്ത്രിയുമായ പി. പ്രസാദ് ചൂണ്ടിക്കാട്ടുന്നു. ചേര്‍ത്തലയെ ഒരു വാണിജ്യ കേന്ദ്രമായി മാറ്റാന്‍ ഇത് ഉപകരിക്കും.
റൂറല്‍ ടൂറിസം, ബാക്ക് വാട്ടര്‍ ടൂറിസം, ഫാം ടൂറിസം എന്നിവയ്ക്കുള്ള സാധ്യതകളാണ് മറ്റൊന്ന്. അതേപോലെ, ചേര്‍ത്തലയിലെ പരമ്പരാഗത കയര്‍ വ്യവസായ ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ ലോജിസ്റ്റിക്സ് വഴി എത്തിക്കാന്‍ ഈ വികസനം സഹായിക്കും. ഐ.ടി മേഖലയുമായി ബന്ധപ്പെട്ട് വലിയൊരു സാധ്യത തുറന്നുകിട്ടുന്നതിനൊപ്പം എറണാകുളത്തിന്റെ വികസനം വടക്കോട്ടേക്ക് മാത്രം മാറിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇനി അത് തെക്കോട്ടേക്കും (ചേര്‍ത്തലയിലേക്കും) എളുപ്പത്തില്‍ വ്യാപിക്കുമെന്നും അദ്ദേഹം പറയുന്നു.
ഒരു വശത്ത് അറബിക്കടലും മറു വശത്ത് വേമ്പനാട്ട് കായലുമുള്ള ഭൂപ്രകൃതിയാണ് ചേര്‍ത്തലയുടേത്. ഇതിനിടയിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ കടലും കായലും ചേരുന്ന ഇവിടുത്തെ ടൂറിസം സാധ്യതകളും കുമരകം പോലെയുള്ള കേന്ദ്രങ്ങളിലേക്കുള്ള എളുപ്പവഴിയും ചേര്‍ത്തലയ്ക്ക് വലിയ ഗുണം ചെയ്യും. ഐ.ടി, ടൂറിസം എന്നീ രണ്ട് മേഖലകളെയും മുന്‍നിര്‍ത്തി, പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളെ വികസിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് ആലോചിക്കുന്നത്.
ദേശീയപാത 66-ന്റെ വികസനം കണക്കിലെടുത്തുകൊണ്ട് ഒരു വെജിറ്റബിള്‍ അഗ്രോ പാര്‍ക്കിന് തറക്കല്ലിട്ടിരുന്നു. ചേര്‍ത്തല തിരുവഴയിലാണ് 50 കോടിയോളം രൂപ ചെലവ് വരുന്ന വെജിറ്റബിള്‍ അഗ്രോ പാര്‍ക്ക് വരുന്നത്. നെല്ല്, തേങ്ങ, മത്സ്യം, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധന ഉറപ്പാക്കി, ഉല്‍പാദന കേന്ദ്രത്തില്‍ നിന്ന് നേരിട്ട് വിപണിയിലേക്കും ഗ്ലോബല്‍ മാര്‍ക്കറ്റുകളിലേക്കും എത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്‍.എച്ച് വികസനത്തോടെ ചേര്‍ത്തല കൊച്ചിയുമായി കൂടുതല്‍ അടുക്കുകയാണെന്ന് ആലപ്പുഴ ജില്ലാ പ്ലാനിംഗ് ബോര്‍ഡ് അംഗവും ചേര്‍ത്തല നഗരസഭാ കൗണ്‍സിലറുമായ ബി. ഭാസി ധനം ഓണ്‍ലൈനിനോട് പറഞ്ഞു. കയര്‍ ഫാക്ടറികളും കയര്‍ ഉല്‍പന്നങ്ങളുമാണ് ചേര്‍ത്തലയുടെ പ്രധാന മേഖല. ട്രാന്‍സ്പോര്‍ട്ടിംഗിന്റെ സമയം കുറയുന്നത് ഈ വ്യവസായത്തിന് വലിയ മെച്ചമുണ്ടാക്കും. മുന്‍പ് ആലപ്പുഴയില്‍ നിന്ന് കണ്ടെയ്‌നറുകള്‍ക്ക് കൊച്ചിയിലെത്താന്‍ 3-4 മണിക്കൂര്‍ എടുത്തിരുന്ന സ്ഥാനത്ത് NH 66 വികസനത്തോടെ അത് ഒന്നര മണിക്കൂര്‍ ആയി കുറയും.
എറണാകുളത്തുണ്ടായിരുന്ന സ്‌മോള്‍ സ്‌കെയില്‍ ബിസിനസുകളും സ്ഥാപനങ്ങളും ചേര്‍ത്തലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ചെറുതും വലുതുമായ അനവധി ബിസിനസുകളും ബ്രാന്‍ഡുകളും ചേര്‍ത്തല കേന്ദ്രീകരിച്ച് വരുന്നുണ്ട്. മൈജി, റിലയന്‍സ് ട്രെന്‍ഡ്സ്, ടാറ്റയുടെ സ്റ്റുഡിയോ (Zudio) തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകള്‍ ചേര്‍ത്തല എക്സ്റേ കവലയിലടക്കം ആരംഭിക്കുകയും പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലും പല തരത്തിലുള്ള ബിസിനസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഫിഷ് എക്സ്പോര്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടുത്തകാലത്തായി അവിടെ വന്നിട്ടുണ്ട്. 5 വര്‍ഷത്തിനുള്ളില്‍ ചേര്‍ത്തലയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും കൂടുതല്‍ കമ്പനികള്‍ ഇങ്ങോട്ട് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സാധ്യത തെളിഞ്ഞു കാണുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഗതാഗതസൗകര്യം വര്‍ധിക്കുന്നതോടെ ചേര്‍ത്തലയിലെയും അരൂര്‍, തുറവൂര്‍ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ തരംഗം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബിസിനസുകള്‍ക്കും താമസത്തിനുമായി ആളുകള്‍ ഇങ്ങോട്ട് മാറുന്നതിനനുസരിച്ച് ലാന്‍ഡ് വാല്യൂ വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്.
'2018-ലെ പ്രളയസമയത്തുപോലും ചേര്‍ത്തലയില്‍ കാര്യമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നില്ല. അതിനുശേഷം ചേര്‍ത്തല മേഖലയിലെ ഭൂമിവിലയില്‍ പ്രകടമായ വര്‍ധനവുണ്ടാകാന്‍ തുടങ്ങിയിരുന്നു. ഇതിനൊപ്പം ദേശീയപാത വികസനം കൂടി വന്നതോടെ ലാന്‍ഡിന് കൂടുതല്‍ ഡിമാന്‍ഡുണ്ടാകുന്നുണ്ടെന്ന് ആര്‍ക്കിടെക്റ്റും തടം ഡിസൈന്‍ സ്റ്റുഡിയോ സഹസ്ഥാപകനുമായ അനന്തു പറയുന്നു.
''കൊച്ചിയുടെ ഒരു സാറ്റലൈറ്റ് സിറ്റിയായി ചേര്‍ത്തല മാറിയിട്ടുണ്ട്. കൊച്ചിയില്‍ വലിയ രീതിയിലുള്ള ക്ലസ്റ്ററിങ് നടന്നതോടെ അവിടെ ലഭ്യമായ ഭൂമിയുടെ അളവ് കുറഞ്ഞു. ബഹുനില കെട്ടിടങ്ങള്‍ വളരെ കുറവുള്ള പ്രദേശമാണ് ചേര്‍ത്തല. വിശാലമായ പ്ലോട്ടുകളും വില്ല പ്രോജക്ടുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷവും ഇവിടെയുണ്ട്. കോവിഡിനു ശേഷം യാത്രകള്‍ക്ക് സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നത് വര്‍ധിച്ചതും യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെട്ടതും കൊച്ചിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചേര്‍ത്തലയെ കൂടുതല്‍ ആക്‌സസിബിള്‍ ആക്കി. ഡെവലപ്പര്‍മാരും നിക്ഷേപകരും ഇപ്പോള്‍ ചേര്‍ത്തലയിലേക്ക് സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.''- അനന്തു പറയുന്നു.
കൊച്ചി നഗരത്തിലെ ഉയര്‍ന്ന ഭൂമിവിലയും ഫ്‌ളാറ്റ് വാടകയും താരതമ്യം ചെയ്യുമ്പോള്‍, ചേര്‍ത്തലയില്‍ ഭൂമിയോ ഫ്‌ലാറ്റോ വാങ്ങി താമസിക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് ഏറെ ലാഭകരമായിരിക്കും. പ്രവാസി മലയാളികളും ഐടി/കോര്‍പ്പറേറ്റ് ജീവനക്കാരും ചേര്‍ത്തലയിലെ വില്ല പദ്ധതികളിലേക്കും , ബജറ്റ് ഫ്‌ളാറ്റുകളിലേക്കും റെസിഡന്‍ഷ്യല്‍ പ്ലോട്ടുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.
കൊച്ചിയിലെ ഭൂമിവിലയും ജീവിതച്ചെലവും പരിഗണിക്കുമ്പോള്‍, അരൂര്‍-തുറവൂര്‍ ഹൈവേ പൂര്‍ത്തിയാകുന്നതോടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുടെ ആദ്യ ചോയ്‌സ് ചേര്‍ത്തലയായിരിക്കും. അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ ഇവിടെ ഭൂമിവിലയില്‍ 30% മുതല്‍ 50% വരെ വര്‍ധനപ്രതീക്ഷിക്കാമെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
യാത്രാസമയം പകുതിയായി കുറയുന്നത് ചേര്‍ത്തലയുടെയും ആലപ്പുഴയുടെയും തീരദേശ ടൂറിസത്തിന് വലിയ കരുത്താകും.
കൊച്ചിയിലെ ഐടി ജീവനക്കാര്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും 'വണ്‍ ഡേ ഔട്ടിംഗ്', ടീം ഗെറ്റ് ടുഗെതറുകള്‍, കോര്‍പ്പറേറ്റ് റിട്രീറ്റുകള്‍ എന്നിവയ്ക്കായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച കേന്ദ്രമായി ചേര്‍ത്തല മാറും. തണ്ണീര്‍മുക്കം, വേമ്പനാട്ട് കായല്‍ തീരങ്ങള്‍, മാരാരിക്കുളം ബീച്ച് എന്നിവ കേന്ദ്രീകരിച്ച് റിസോര്‍ട്ടുകള്‍, ബോട്ടീക് ഹോട്ടലുകള്‍, വര്‍ക്കേഷന്‍ സ്‌പോട്ടുകള്‍ എന്നിവയ്ക്കും വന്‍ സാധ്യതയാണുള്ളത്.
Cherthala emerges as Kochi's premier satellite city, cut down to a 20-minute drive following the NH 66 elevated highway expansion.
Read DhanamOnline in English
Subscribe to Dhanam Magazine