ടാലൻമാർക്ക് കോർപ്പറേഷൻ സഹസ്ഥാപകനും ഡയറക്ടറുമായ ഹൈബത്തുള്ള എൻ., സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എം. ഹബീബുറഹ്മാൻ, സഹസ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷക്കീൽ ടി.കെ., സി.ഇ.ഒ ആയ പറക്കോട്ട് നിഷാന്ത് നായർ എന്നിവർ (ഇടത്തുനിന്ന്). Image Source: Special Arrangement
Business Kerala

ആഡംബര ഹോട്ടലുകളും ബീച്ച് ഫ്രണ്ട് സമുച്ചയവും; 2,500 കോടിയുടെ വളർച്ചാ കുതിപ്പിനൊരുങ്ങി ടാലൻമാർക്ക്

കോഴിക്കോട് ആസ്ഥാനമായ ടാലൻമാർക്ക് ഗ്രൂപ്പ് 2,500 കോടി രൂപയുടെ വികസന പദ്ധതികളുമായി ഹോസ്പിറ്റാലിറ്റി, വാണിജ്യ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു; നാല് ആഡംബര ഹോട്ടലുകളും കോഴിക്കോട് ബീച്ച് ഫ്രണ്ട് സമുച്ചയവും പദ്ധതിയുടെ ഭാഗമാണ്

Dhanam News Desk

ബെംഗളൂരുവിൽ വെച്ചുനടന്ന ഒരു സൗഹൃദ സംഭാഷണത്തിൽ നിന്ന് പിറവിയെടുത്ത സംരംഭം പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം 2,500 കോടി രൂപയുടെ വൻകിട വികസന പദ്ധതികളുമായി കുതിപ്പിനൊരുങ്ങുന്നു. കോഴിക്കോട് സ്വദേശികളായ എം. ഹബീബുറഹ്മാൻ, എൻ. ഹൈബത്തുള്ള, മുഹമ്മദ് ഷക്കീൽ ടി.കെ. എന്നിവർ 2014-ൽ സ്ഥാപിച്ച 'ടാലൻമാർക്ക്' (Talenmark) ഗ്രൂപ്പ് 2030-ഓടെ ദക്ഷിണേന്ത്യയിലെ മുൻനിര ആഡംബര ഭവന-ടൗൺഷിപ്പ് നിർമ്മാതാക്കളായി മാറാനാണ് ലക്ഷ്യമിടുന്നത്. ഈ വിപുലീകരണത്തിലൂടെ 2,500-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

ഹോസ്പിറ്റാലിറ്റിയിലും വാണിജ്യ മേഖലയിലും വൻ നിക്ഷേപം

അടുത്ത ഘട്ടത്തിൽ ഹോസ്പിറ്റാലിറ്റി, വാണിജ്യ നിർമ്മാണ മേഖലകളിലാണ് ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആകെ നിക്ഷേപമായ 2,500 കോടി രൂപയിൽ 1,700 കോടി രൂപ അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളുമായി സഹകരിച്ചുള്ള നാല് പഞ്ചനക്ഷത്ര-ഡീലക്സ് ഹോട്ടലുകൾക്കായി വിനിയോഗിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒന്നും, കോഴിക്കോട് രണ്ടും, വയനാട്ടിൽ ഒന്നും വീതമാണ് 126 മുതൽ 150-ലധികം മുറികൾ വീതമുള്ള ഈ ഹോട്ടലുകൾ ഉയരുന്നത്.

ബാക്കി 800 കോടി രൂപ വാണിജ്യ സമുച്ചയങ്ങൾക്കും ഹോസ്പിറ്റാലിറ്റി അധിഷ്ഠിത റെസിഡൻഷ്യൽ പദ്ധതികൾക്കുമാണ് മാറ്റിവെച്ചിരിക്കുന്നത്. കേരള സർക്കാരുമായി കരാറൊപ്പിട്ട കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം 2.5 ഏക്കറിൽ 250 മീറ്ററോളം ബീച്ച് ഫ്രണ്ടേജോടെയുള്ള വാണിജ്യ സമുച്ചയം ഇതിൽ പ്രധാനമാണ്. മലബാറിലെ ശക്തമായ അടിത്തറയിൽ നിന്ന് കൊച്ചിയിലേക്കും ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും ഭാവിയിൽ ജിസിസി (GCC) വിപണിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

വളർച്ചയുടെ നാൾവഴികളും വൈവിധ്യവൽക്കരണവും

കുട്ടികൾക്ക് ആശയവിനിമയ ശേഷിയും ജീവിത നൈപുണ്യവും പകർന്നു നൽകുന്ന സംരംഭത്തിലൂടെയായിരുന്നു ഇവരുടെ ആദ്യ ചുവടുവെപ്പ്. അതിൽ നിന്നുള്ള വരുമാനം മൂലധനമാക്കി 2014-ൽ 'ടാലൻമാർക്ക് ഡെവലപ്പേഴ്സ്' രൂപീകരിച്ചു. കൈതപ്പൊയിലിലെ 125 ഏക്കറിലുള്ള 'മർകസ് നോളജ് സിറ്റി', എട്ട് ഏക്കറിൽ പരന്നുകിടക്കുന്ന ജാമിഉൽ ഫുതൂഹ് മസ്ജിദ്, 'സൂഖ്' എന്നിവയുടെ രൂപകൽപ്പനയും നിർമ്മാണവും നിർവഹിച്ചതിലൂടെ ഗ്രൂപ്പ് ശ്രദ്ധ നേടി.

വയനാട് വൈത്തിരിയിലെ 'ടാലൻറിസോർട്ട്', 'ചിൽഗ്രോവ്', കോടഞ്ചേരിയിലെ 'ടാലൻ വിസ്റ്റ' എന്നിവയാണ് പ്രധാന റെറ (RERA) അംഗീകൃത റെസിഡൻഷ്യൽ പദ്ധതികൾ. നിർമ്മാണ-കരാർ മേഖലയിലെ 'ടാലൻ ഇൻഫ്രാ പ്രോജക്ട്സ് ആൻഡ് സർവീസസ്', ലാൻഡ്സ്കേപ്പ് ഡിസൈൻ സ്ഥാപനമായ 'പീപ്പിൾ എൻ സ്പേസ്', ഒളവണ്ണയിലെ 'ടാലൻഹെൽത്ത്' എന്നിവയും ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. ബിസിനസ്സ് തിരക്കുകൾക്കിടയിലും മൂന്ന് സ്ഥാപകരും ഡോക്ടറൽ ഗവേഷണം (PhD) നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Kerala-based Talenmark Group plans investments of over ₹2,500 crore in luxury hotels, commercial developments and hospitality-led residential projects.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT