Business Kerala

കെ.എസ്.ആര്‍.ടി.സിയുടെ മാറ്റം! ലക്ഷദ്വീപിനു പറക്കാം, കിടിലന്‍ പാക്കേജ്, ₹29,500ന് 4 ദിവസത്തെ യാത്ര

29,500 രൂപയ്ക്ക് നാല് ദിവസത്തെ ലക്ഷദ്വീപ് പാക്കേജ് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ വഴി ബുക്ക് ചെയ്യാം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

Resya Raveendran

സാഹസിക യാത്രികര്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഒരുപോലെ പ്രിയങ്കരമായ ലക്ഷദ്വീപിലേക്ക് വിമാന മാര്‍ഗ്ഗം ചുരുങ്ങിയ ചെലവില്‍ യാത്രയൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. 2026 ഒക്ടോബര്‍ 14-ന് ആരംഭിക്കുന്ന 3 രാത്രിയും 4 പകലും നീളുന്ന പ്രത്യേക പാക്കേജിന് 29,500 രൂപയാണ് നിരക്ക്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് യാത്ര.

യാത്രക്കാരുടെ സൗകര്യത്തിന് രണ്ടു തരം താമസം

രണ്ട് തരത്തിലുള്ള താമസ പാക്കേജുകളാണ് ലഭ്യമാക്കുന്നത്. ഹോം സ്റ്റേ പാക്കേജും (Home Stay Package) റിസോർട്ട് പാക്കേജും (Resort Package). കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഹോം സ്റ്റേ പാക്കേജ്. ദ്വീപുവാസികളുടെ പ്രാദേശിക വീടുകളിലോ അവയോട് ചേർന്നുള്ള റൂമുകളിലോ ലളിതവും വൃത്തിയുള്ളതുമായ സൗകര്യങ്ങളോടെ താമസിക്കാനും, അവരുടെ തനത് സംസ്കാരവും ജീവിതരീതിയും അടുത്തറിയാനും ഇതിലൂടെ അവസരം ലഭിക്കുന്നു. എന്നാൽ, കൂടുതൽ ആഡംബരവും പ്രകൃതിഭംഗിയും സ്വകാര്യതയും (Privacy) ആഗ്രഹിക്കുന്നവർക്ക് കടൽത്തീരത്തോട് ചേർന്നുള്ള മികച്ച റിസോർട്ട് പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്; ഹോംസ്റ്റേയെ അപേക്ഷിച്ച് ഇതിന് ഉയർന്ന നിരക്കായിരിക്കുമെങ്കിലും ബീച്ചിലേക്ക് നേരിട്ടുള്ള പ്രവേശനവും കൂടുതൽ മികച്ച സൗകര്യങ്ങളും മികച്ചൊരു യാത്രാനുഭവവും ഇത് ഉറപ്പുനൽകുന്നു.

വിമാന ടിക്കറ്റ്, ഭക്ഷണം, എന്‍ട്രി പെര്‍മിറ്റ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, അഗത്തി, കല്‍പ്പിട്ടി ദ്വീപുകളിലെ യാത്രകളും വാട്ടര്‍ സ്‌പോര്‍ട്ട്‌സും പാക്കേജ് നിരക്കില്‍ ഉള്‍പ്പെടുന്നു. വെജിറ്റേറിയന്‍ ഭക്ഷണം ആവശ്യമുള്ളവര്‍ ബുക്കിംഗ് സമയത്ത് തന്നെ അത് വ്യക്തമാക്കേണ്ടതാണ്. രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മുഴുവന്‍ വിമാന ചാര്‍ജും ബാധകമാണ്.

അഗത്തിയും കല്‍പ്പിട്ടിയും കാണാം; സാഹസിക വിനോദങ്ങളും

ഒന്നാം ദിവസം കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ അഗത്തിയില്‍ എത്തുന്നു. ഉച്ചയ്ക്ക് ശേഷം ലഗൂണ്‍ ബീച്ച്, വെസ്റ്റേണ്‍ ജെട്ടി, സൗത്ത് ബീച്ച് എന്നിവ സന്ദര്‍ശിച്ച് അന്ധന്‍ ബീച്ചിലെ സൂര്യാസ്തമയത്തോടെ ദിനം അവസാനിക്കും.

രണ്ടാം ദിവസം സ്‌നോര്‍ക്കെലിംഗ്, കടലില്‍ സുരക്ഷിതമായ നീന്തല്‍, ഡോള്‍ഫിന്‍ വാച്ച്, ഡീപ് സീ ബോട്ട് സഫാരി തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു.

മൂന്നാം ദിവസം ഗ്ലാസ് ബോട്ട് റൈഡ്, ടര്‍ട്ടില്‍ വാച്ച്, കയാക്കിംഗ് എന്നിവയ്ക്ക് ശേഷം പ്രൈവറ്റ് ബോട്ടില്‍ കല്‍പ്പിട്ടി ദ്വീപിലേക്ക് ഡേ ട്രിപ്പ്.

നാലാം ദിവസം ലക്ഷദ്വീപിന്റെ തനത് പലഹാരങ്ങളും ഫിഷ് അച്ചാറുകളും വാങ്ങാനുള്ള ഷോപ്പിംഗ് സമയത്തിന് ശേഷം കൊച്ചിയിലേക്ക് മടക്കയാത്ര.

സ്‌കൂബ ഡൈവിംഗ് (3,500-4,000 രൂപ നിരക്കില്‍) പോലുള്ള വിനോദങ്ങള്‍ക്ക് അധിക തുക നല്‍കേണ്ടി വരും. ദ്വീപുകളില്‍ എല്ലാത്തരം മരുന്നുകളും ലഭ്യമാകാത്തതിനാല്‍ യാത്രക്കാര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കയ്യില്‍ കരുതേണ്ടതുണ്ട്. എന്‍ട്രി പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്ളതിനാല്‍ ആവശ്യമായ രേഖകളും മുഴുവന്‍ തുകയും നല്‍കി സീറ്റുകള്‍ നേരത്തെ ഉറപ്പാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രമ്യ ആർ. എസ് -91889 38525 (ബജറ്റ് ടൂറിസം ആലപ്പുഴ ജില്ലാ കോഡിനേറ്റർ), ജിദീഷ് സിദ്ധാർത്ഥൻ -9447708368 (ബജറ്റ് ടൂറിസം സെല്‍ ചേർത്തല) .

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT