Image Courtesy: facebook.com/ilmkpathanamthitta 
Business Kerala

റെക്കോഡിന്റെ തിളക്കത്തില്‍ കെ.എസ്.ആര്‍.ടി.സി; ഒരു ദിവസത്തെ ടിക്കറ്റ് വരുമാനം 11 കോടി, 'ആനവണ്ടി'യുടെ മാറ്റം പലവിധം

സെപ്റ്റംബര്‍ എട്ടിന് നേടിയ 10.19 കോടി രൂപയുടെ ടിക്കറ്റ് വരുമാനമാണ് ഇതോടെ മറികടന്നത്

Dhanam News Desk

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടവുമായി ( ഓപ്പറേറ്റിംഗ് റവന്യു) കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC). ഇന്നലെ (15 ഡിസംബര്‍ 2025) പ്രതിദിന ടിക്കറ്റ് വരുമാനമായി കെ.എസ്.ആര്‍.ടി.സി നേടിയത് 10.77 കോടി രൂപ. ടിക്കറ്റിതര വരുമാനമായ 0.76 കോടി രൂപ ഉള്‍പ്പെടെ 11.53 കോടി രൂപയാണ് ഇന്നലെ കെ.എസ്.ആര്‍.ടി.സിയുടെ ആകെ വരുമാനം.

സെപ്റ്റംബര്‍ എട്ടിന് നേടിയ 10.19 കോടി രൂപയുടെ ടിക്കറ്റ് വരുമാനമാണ് ഇതോടെ മറികടന്നത്. ഡിസംബര്‍ ഒന്നിന് 9.72 കോടിരൂപയുടെ ടിക്കറ്റ് വരുമാനവും രേഖപ്പെടുത്തിയിരുന്നു.

ജീവനക്കാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും, ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെ.എസ്.ആര്‍.ടി.സിക്ക് സഹായകരമാകുന്നത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവില്ലാതെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെ.എസ്.ആര്‍.ടി.സി കൈവരിച്ചത്.

പുതിയ ബസുകളുടെ വരവും, സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെ.എസ്.ആര്‍.ടി.സി നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റ് നേടുന്നതിനായി ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT