കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി ഗോവ കണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയ ഗോവന്‍ യാത്രകള്‍ വന്‍ ഹിറ്റിലേക്ക്. യാത്ര, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി, കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുമായി (കെ.ടി.ഡി.എസ്)കെ.ടി.ഡി.എസുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിക്ക് കേരളത്തിലുടനീളം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ഇതിനോടകം 22 ഓളം ട്രിപ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതുവഴി 850 ഓളം സഞ്ചാരികളാണ് ഗോവന്‍ കാഴ്ചകള്‍ കണ്ടു മടങ്ങിയത്.
സംസ്ഥാനത്തെ 93 ഡിപ്പോകളില്‍ നിന്നും ഗോവന്‍ ട്രിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു ഡിപ്പോയില്‍ നിന്ന് ഒരു ഗോവന്‍ ട്രിപ്പ് എന്ന നിലയിലാണ് ഇപ്പോള്‍ ട്രിപ്പുകള്‍ നടക്കുന്നത്.
ഒരു ട്രിപ്പില്‍ പരമാവധി 37 പേരെയാണ് ഉള്‍ക്കൊള്ളുന്നതെങ്കിലും ആവശ്യക്കാര്‍ ഇരട്ടിയിലധികമായിരുന്നു. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പങ്കെടുക്കാനായതെന്ന് ട്രിപ്പ് കോര്‍ഡിനേറ്റര്‍മാര്‍ പറയുന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി ഗോവന്‍ ട്രിപ്പുകള്‍ വിജയമാക്കിയത് കുടുംബങ്ങളും പ്രായമായവരുമാണെന്ന് ബജറ്റ് ടൂറിസം കോര്‍ഡിനേഷന്‍ ചുമതലയുള്ള വര്‍ഗീസ് പറയുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ കണക്കുകളനുസരിച്ച് 80 ശതമാനം യാത്രക്കാരും 50 വയസിന് മുകളില്‍ ഉള്ളവരായിരുന്നു.
ആലപ്പുഴ ജില്ലയില്‍ നിന്ന് മാത്രം ഇതുവരെ 150-ഓളം പേര്‍ ഈ പാക്കേജിലൂടെ ഗോവ സന്ദര്‍ശിച്ചെന്ന് ചേര്‍ത്തല ബജറ്റ് ടൂറിസം കോര്‍ഡിനേറ്ററായ ജിദീഷ് സിദ്ധാർഥൻ പറയുന്നു. ചേര്‍ത്തല ഡിപ്പോയില്‍ നിന്ന് മൂന്ന് ട്രിപ്പുകളാണ് നടന്നത്.
കേരള അതിര്‍ത്തിയായ തലപ്പാടി വരെ കെഎസ്ആര്‍ടിസിയുടെ ലക്ഷ്വറി വോള്‍വോ ബസിലും, തുടര്‍ന്ന് ഗോവയില്‍ എസി ബസിലുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഗോവയിലെ രണ്ട് പകലും ഒരു രാത്രിയും നീളുന്ന സന്ദര്‍ശനത്തില്‍ അഗോഡ ഫോര്‍ട്ട്, കലങ്കോട്ട്, ബാഗാ ബീച്ചുകള്‍, മങ്കേഷ് ടെമ്പിള്‍, ഓള്‍ഡ് ഗോവ ചര്‍ച്ചുകള്‍, പനാജിയിലെ മിരാമര്‍ ബീച്ച് എന്നിവയാണ് സന്ദര്‍ശിക്കുന്നത്. കൂടാതെ താല്‍പ്പര്യമുള്ളവര്‍ക്ക് സണ്‍സെറ്റ് ക്രൂയിസ് യാത്രയ്ക്കുള്ള സൗകര്യവുമുണ്ടാകും. ചേര്‍ത്തല ഡിപ്പോയില്‍ നിന്ന് യാത്ര തിരിക്കുന്ന ഒരാള്‍ക്ക് 9,100 രൂപയാണ് നിരക്ക്. ഓരോ ഡിപ്പോയും അനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ട്.
ഗോവയിലെത്തിയാല്‍ ആദ്യ ദിവസത്തെ ഫ്രഷ് അപ് ഒഴികെയുള്ള മറ്റ് ചെലവുകള്‍ പാക്കേജിലുണ്ടാകും. എന്‍ട്രി ഫീസുകള്‍, വാട്ടര്‍ സ്പോര്‍ട്സ് ചിലവുകള്‍, തലപ്പാടി വരെയുള്ള ഭക്ഷണച്ചെലവ് എന്നിവ യാത്രികര്‍ തന്നെ വഹിക്കണം.
ഗോവയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടുത്താന്‍ പ്രത്യേക ഗൈഡിന്റെ സേവനം ലഭ്യമാണ്. കാഴ്ചകള്‍ കാണുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ, എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
രണ്ട് ഡ്രൈവര്‍മാരും ഒരു കോര്‍ഡിനേറ്ററും യാത്രയിലുടനീളം സംഘത്തോടൊപ്പമുണ്ടാകും. ഗോവയിലെ കാഴ്ചകള്‍ക്ക് പുറമെ, മടക്കയാത്രയില്‍ വടക്കന്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബേക്കല്‍ കോട്ട, മുഴുപ്പിലങ്ങാട് ബീച്ച് എന്നിവയൊക്കെ കൂടി സമയം പോലെ കണ്ടു മടങ്ങാനാകും. ഇത് സമയമനുസരിച്ച് ഓരോ ഡിപ്പോകളുമാണ് തീരുമാനിക്കുന്നത്.
ഫാമിലി ബുക്കിംഗ് ആയിരുന്നു ഓരോ ഗോവന്‍ പാക്കേജുകളിലും കൂടുതലുമുണ്ടായിരുന്നത്. മറ്റൊരു പ്രത്യേകത, 65 ഉം 70 ഒക്കെ വയസുള്ളവരും എല്ലാ ഡിപ്പോകളില്‍ നിന്നുമുള്ള യാത്രികരില്‍ സജീവമായി ഉണ്ടായിരുന്നുവെന്നതാണ്.
സ്വകാര്യ ഏജന്‍സികളെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി നല്‍കുന്ന വിശ്വാസ്യതയാണ് കൂടുതല്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിനോടകം തന്നെ 25-ലേറെ തവണ കെഎസ്ആര്‍ടിസി പാക്കേജില്‍ യാത്ര ചെയ്ത സ്ഥിരം സഞ്ചാരികളും ഈ ഗോവന്‍ ട്രിപ്പില്‍ ഉണ്ടായിരുന്നു എന്നത് ഇതിന്റെ വിജയത്തിന് തെളിവാണെന്ന് മാവേലിക്കര ഡിപ്പോയ്‌ക്കൊപ്പം ഗോവന്‍ യാത്രയില്‍ പങ്കെടുത്ത മഹാരാജാസ് കോളേജിലെ ലൈബ്രേറിയന്‍ ബിനു പറയുന്നു. ഇത് രണ്ടാം തവണയാണ് ബിനു കെ.എസ്.ആര്‍.ടി.സിക്കൊപ്പം യാത്ര പോകുന്നത്. ആദ്യം മൂന്നാറിലേക്കായിരുന്നു. ഇത്തവണ മകനും ഭര്‍ത്താവിനുമൊപ്പമാണ് ഗോവന്‍ യാത്രയില്‍ പങ്കെടുത്തത്. നാല് ദിവസത്തെ യാത്രയില്‍ ഒരുവിധത്തിലുള്ള അസൗകര്യങ്ങളുമുണ്ടായില്ലെന്നു മാത്രമല്ല ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള സഹകരണം എടുത്തു പറയേണ്ടതാണെന്നും ബിനു പറയുന്നു.
ക്രൂയിസ് യാത്രയും ബീച്ചുകളിലെ നൈറ്റ് ലൈഫും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിക്കുന്നുണ്ട്. പ്രായമായ ആള്‍ക്കാര്‍ ഗോവന്‍ ബീച്ചില്‍ നൃത്തം ചെയ്ത് ആസ്വദിക്കുന്നതൊക്കെ കാണാനായത് ആഹ്ലാദവും ആശ്ചര്യവുവുമായെന്നും ബിനു പറയുന്നു. പലരും മക്കളോട് പോലും പറയാതെയാണ് കെ.എസ്.ആര്‍.ടി.സിയുടെ സുരക്ഷിതത്വത്തില്‍ യാത്രയില്‍ പങ്കെടുത്തത്.
ഉയര്‍ന്ന നിലവാരമുള്ള റൂമുകളാണ് സഞ്ചാരികള്‍ക്കായി നല്‍കുന്നത്. നാല് പേര്‍ക്ക് ഒരു റൂം എന്ന രീതിയിലാണ് സജീകരണം. എന്നാലും കുടുംബമായി വരുന്നവര്‍ക്ക് പ്രത്യേക പ്രൈവസി വേണമെങ്കില്‍ ചെറിയ അധിക തുക നല്‍കി രണ്ട് പേര്‍ക്ക് മാത്രമുള്ള റൂമുകള്‍ തിരഞ്ഞെടുക്കാനും അവസരം ലഭിച്ചതായി യാത്രക്കാര്‍ പറയുന്നു.
1,500 ലധികം എക്‌സ്‌ക്ലൂസീവ് പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ വിവിധ ഡിപ്പോകള്‍ വഴി നല്‍കി വരുന്നത്. കഴിഞ്ഞ മാസം ഇതു വഴി മികച്ച വരുമാനവും കെ.എസ്.ആര്‍.ടി.സി നേടിയിരുന്നു. മെയ് മാസത്തില്‍ ആലപ്പുഴ ജില്ലാ ബജറ്റ് ടൂറിസം സെല്‍ മാത്രം നേടിയത് 18,24,055 രൂപയാണ്. സീസണ്‍, അണ്‍സീസണ്‍ എന്നില്ലാതെ എല്ലാ ദിവസവും കെ.എസ്.ആര്‍.ടിസിക്ക് ടൂര്‍ പാക്കേജുകളുണ്ട്.
KSRTC’s Goa budget tourism package has emerged as a major hit, attracting over 850 travelers in two months, including a large number of families and senior citizens.
Read DhanamOnline in English
Subscribe to Dhanam Magazine