കേരളത്തിലെ യുവസംരംഭകര്‍ക്കും വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആഗോളതലത്തിലേക്ക് വളരാന്‍ വഴിയൊരുക്കുന്ന പുത്തന്‍ പദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM). വിവിധ മേഖലകളില്‍ നിന്നുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും അക്കാദമിക് രംഗത്തെ വിദഗ്ധരെയും പുതുതലമുറ സംരംഭകരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 'മിഷന്‍ 14 എക്‌സ്' (Mission 14X) പദ്ധതിക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടക്കമിട്ടു.
സംസ്ഥാനത്തെ ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളിലെ (IEDC) വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങള്‍ക്ക് പ്രൊഫഷണല്‍ പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ ഐ.ഇ.ഡി.സി ക്ലസ്റ്ററുകളിലെ നൂതനാശയങ്ങളെയും സംരംഭകത്വ മികവിനെയും പിന്തുണയ്ക്കുന്നതിനായി വിദഗ്ധരുടെ ഒരു ശക്തമായ ശൃംഖല കെ.എസ്.യു.എം രൂപീകരിക്കും. ഇതിനായി ബിസിനസ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ളവരുടെ ഒരു പ്രത്യേക പാനല്‍ തയാറാക്കും. പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ അറിവും അനുഭവസമ്പത്തും വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകളിലേക്ക് നേരിട്ടെത്തിക്കാന്‍ ഈ പാനല്‍ സഹായിക്കും.
സ്റ്റാര്‍ട്ടപ്പ് സംരംഭകത്വം, നിക്ഷേപം, സാങ്കേതികവിദ്യ, ഇന്നവേഷന്‍, മെന്റര്‍ഷിപ്പ്, ഗവേഷണം, ബിസിനസ് തുടങ്ങിയവയില്‍ വൈദഗ്ധ്യമുള്ളതും ഏഴു വര്‍ഷത്തിലധികം പരിചയസമ്പന്നരുമായ പ്രൊഫഷണലുകള്‍ക്കും അക്കാദമിക് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും 'മിഷന്‍ 14 എക്‌സി' ന്റെ ഭാഗമാകാം.
'ക്ലസ്റ്റര്‍ തലത്തിലുള്ള ഇന്നൊവേഷന്‍ പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ടപ്പ് സ്‌ക്രീനിംഗുകള്‍, സാങ്കേതിക മൂല്യനിര്‍ണയങ്ങള്‍, സംരംഭക ആവാസവ്യവസ്ഥ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയെ പിന്തുണയ്ക്കാന്‍ കഴിവുള്ള ശക്തമായ ജില്ലാതല വിദഗ്ദ്ധ സംഘങ്ങളെ സൃഷ്ടിക്കുക എന്നതാണ് മിഷന്‍ 14 എക്‌സിലൂടെ ലക്ഷ്യമിടുന്നതെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തോടൊപ്പം സംരംഭകത്വ അഭിരുചിയുള്ളവരെ കണ്ടെത്താന്‍ കെ.എസ്.യു.എം ആവിഷ്‌കരിച്ച പദ്ധതിയാണ് ഐ.ഇ.ഡി.സി. നിലവില്‍ മെഡിക്കല്‍, കാര്‍ഷിക ശാസ്ത്രം, പോളിടെക്‌നിക്, എഞ്ചിനീയറിംഗ്, ആര്‍ട്‌സ് & സയന്‍സ്, മ്യൂസിക്, ലോ, ഫൈന്‍ ആര്‍ട്‌സ് തുടങ്ങി വിവിധ മേഖലകളിലെ കലാലയങ്ങളിലായി ആയിരത്തിലധികം ഐ.ഇ.ഡി.സികളാണ് കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നത്. ഈ വിപുലമായ ശൃംഖലയിലേക്കാണ് പുതിയ വിദഗ്ധ പാനലിന്റെ സേവനം ലഭ്യമാക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്ന 'ഐഡിയബോക്‌സ്' പോലുള്ള ഇന്‍കുബേഷന്‍ പ്രോഗ്രാമുകളുടെ ഭാഗമാകും. ആശയ മൂല്യനിര്‍ണ്ണയം, സ്റ്റാര്‍ട്ടപ്പ് സ്‌ക്രീനിംഗ്, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവയില്‍ ഇവര്‍ സജീവമായി പങ്കെടുക്കേണ്ടതുണ്ട്.
പദ്ധതിയുടെ ഭാഗമാകുന്ന പ്രൊഫഷണലുകള്‍ക്ക് സംസ്ഥാനത്തെ മുന്‍നിര യുവസംരംഭകരുമായി ഇടപഴകാനും, ഉയര്‍ന്നുവരുന്ന പുത്തന്‍ സാങ്കേതികവിദ്യകളും ഭാവി സാധ്യതകളും നേരിട്ട് മനസിലാക്കാനും സാധിക്കും. അതോടൊപ്പം പ്രൊഫഷണല്‍ ശൃംഖല വ്യാപിപ്പിക്കാനുള്ള മികച്ച അവസരമാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി https://ksum.in/Mission14X-Application-form എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine