Business Kerala

വനിതാ ദിനം ആഘോഷമാക്കാന്‍ കെടിഡിസി; മുറിവാടകയില്‍ 50% ഇളവ് പ്രഖ്യാപിച്ചു

സ്ത്രീകള്‍ ഉള്‍പ്പെടുന്ന എല്ലാ റിസര്‍വേഷനുകള്‍ക്കും മുറിവാടകയില്‍ പകുതി വില കുറച്ചു ലഭിക്കും

Dhanam News Desk

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി ആകര്‍ഷകമായ ഓഫറുകളുമായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KTDC). സ്ത്രീ ശാക്തീകരണത്തിന് ആദരമര്‍പ്പിച്ചുകൊണ്ട്, തിരഞ്ഞെടുക്കപ്പെട്ട കെടിഡിസി റിസോര്‍ട്ടുകളില്‍ താമസത്തിന് 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2026 മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 10 വരെയുള്ള താമസത്തിന് ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 28 വരെ നടത്തുന്ന മുന്‍കൂര്‍ റിസര്‍വേഷനുകള്‍ക്കാണ് ഇളവ് ബാധകം.

സ്ത്രീകള്‍ ഉള്‍പ്പെടുന്ന എല്ലാ റിസര്‍വേഷനുകള്‍ക്കും മുറിവാടകയില്‍ പകുതി വില കുറച്ചു ലഭിക്കും.

കെടിഡിസി സെന്‍ട്രല്‍ റിസര്‍വേഷന്‍ സെന്റര്‍ വഴിയോ അതത് പ്രോപ്പര്‍ട്ടികളിലോ നേരിട്ട് ബുക്ക് ചെയ്യാം. പ്രീമിയം വിഭാഗത്തിലും ബജറ്റ് വിഭാഗത്തിലുമുള്ള പ്രോപ്പര്‍ട്ടികളില്‍ ഈ ആനുകൂല്യം ലഭ്യമാണ്. പ്രീമിയം ഹോട്ടലുകളായ മാസ്‌കറ്റ് ഹോട്ടല്‍ (തിരുവനന്തപുരം), സമുദ്ര (കോവളം), വാട്ടര്‍ സ്‌കേപ്സ് (കുമരകം), ടീ കൗണ്ടി (മൂന്നാര്‍), ആരണ്യ നിവാസ് (തേക്കടി) എന്നിവയും ബജറ്റ് ഹോട്ടലുകളായ പെരിയാര്‍ ഹൗസ് (തേക്കടി), കുമരകം ഗെയ്റ്റ്വേ (തണ്ണീര്‍മുക്കം), റിപ്പിള്‍ ലാന്‍ഡ് (ആലപ്പുഴ), ഗാര്‍ഡന്‍ ഹൗസ് (മലമ്പുഴ) എന്നിവിടങ്ങളിലും ഓഫര്‍ ബാധകമാകും.

സ്ത്രീകളുടെ സാമൂഹിക-സാംസ്‌കാരിക നേട്ടങ്ങളെ അംഗീകരിക്കുന്നതിനൊപ്പം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ വനിതാ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും സെന്‍ട്രല്‍ റിസര്‍വേഷന്‍ സെന്റര്‍ നമ്പറുകളായ 94000 08585, 1800 425 0123 എന്നിവയിലോ അതത് റിസോര്‍ട്ടുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT