ഓണക്കാല വില്പനയിലൂടെ കുടുംബശ്രീ ഇത്തവണ നേടിയത് 44.89 കോടി രൂപയുടെ വരുമാനം. കഴിഞ്ഞവര്‍ഷം 40.44 കോടി രൂപയായിരുന്നു വരുമാനം. മികച്ച മുന്നൊരുക്കത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഉത്പന്നങ്ങള്‍ കൂടുതലായി വിപണിയിലെത്തിക്കാനും കുടുംബശ്രീക്ക് സാധിച്ചു.
ഓണസദ്യ, ഓണക്കിറ്റ്, സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങള്‍ എന്നിവ വിറ്റഴിച്ചതിലൂടെ 34.82 കോടിയും പൂക്കളും പച്ചക്കറികളും വിറ്റഴിച്ചതിലൂടെ 10.07 കോടിയും ലഭിച്ചു. ആലപ്പുഴയില്‍ സംസ്ഥാന ഓണം വിപണന മേളയും 12 ജില്ലാ ഓണം വിപണന മേളകളും 1952 സിഡിഎസ് വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. ആകെ 43,613 സൂക്ഷ്മ സംരംഭ യൂണിറ്റുകളും 27,509 കര്‍ഷകസംഘങ്ങളും മേളയില്‍ പങ്കെടുത്തു. 27.01 കോടിയാണ് ഇതുവഴിയുള്ള വിറ്റുവരവ്.
സംസ്ഥാനതലത്തില്‍ നടത്തിയ ഓണസദ്യ വിതരണംവഴി 2.64 കോടിയുടെ വിറ്റുവരവും നേടി. 415 യൂണിറ്റുകള്‍ക്കാണ് ഈ വരുമാനം ലഭിക്കുക. 929 സിഡിഎസുകളിലായി സംഘടിപ്പിച്ച ഓണക്കിറ്റ് വിപണനം 9,169 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്ക് വരുമാനം ലഭിക്കാനിടയാക്കി. ആകെ 1,09,423 ഓണക്കിറ്റുകളാണ് വിറ്റുപോയത്. 5.17 കോടിയാണ് ഇതുവഴിയുള്ള വരുമാനം.
കഴിഞ്ഞ വര്‍ഷം പൂക്കളുടെ വില്‍പനയിലൂടെ 7.30 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 2.78 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. ഓണം സീസണില്‍ കുടുംബശ്രീയുടെ 'പോക്കറ്റ്മാര്‍ട്ട്' ഇ-കൊമേഴ്സ് ആപ്ലിക്കേഷന്‍ വഴിയുള്ള ഉല്‍പന്ന വില്‍പനയും മികച്ചതായിരുന്നു.
'ഓണക്കനി' പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 33,000ലേറെ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച 1580.88 മെട്രിക് ടണ്‍ നാടന്‍ പച്ചക്കറികളാണ് ഓണസദ്യയൊരുക്കാന്‍ വിപണിയിലെത്തിയത്. 8.91 കോടിയാണ് ഇതുവഴിയുള്ള വിറ്റുവരവ്. പൂക്കളുടെ ആഭ്യന്തര ഉല്‍പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ 'നിറപ്പൊലിമ' പദ്ധതിയും വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചു.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5500 കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത 113.17 മെട്രിക് ടണ്‍ പൂക്കള്‍ വിപണിയിലെത്തിച്ചതു വഴി 1.16 കോടിയാണ് വിറ്റുവരവ്. ഈ വരുമാനം പൂര്‍ണമായും കര്‍ഷകര്‍ക്കാണ് ലഭിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine