Business Kerala

₹105 കോടി വാര്‍ഷിക വിറ്റുവരവ്, 142 ഔട്ട്‌ലെറ്റുകള്‍, ആറ് ഉത്പന്നങ്ങള്‍, കുടുംബശ്രീയുടെ ചിറകില്‍ പറന്ന് കേരള ചിക്കന്‍

നിലവില്‍ 142 ഔട്ട്‌ലറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്

Dhanam News Desk

വിപണി വിഹിതത്തില്‍ ഗണ്യമായ പുരോഗതിയുമായി കുടുംബശ്രീ കേരള ചിക്കന്‍. പദ്ധതി തുടങ്ങി ആറ് മാസം പിന്നിട്ടപ്പോള്‍ 400 കോടി രൂപ വിറ്റുവരവ് നേട്ടം സ്വന്തമാക്കിയ കുടുംബശ്രീ ചിക്കന്‍ നിലവില്‍ കേരളത്തിന്റെ ചിക്കന്‍ വിപണിയില്‍ എട്ട് ശതമാനം വിഹിതം കരസ്ഥമാക്കി മുന്നേറുകയാണ്. തുടക്കത്തില്‍ ആഭ്യന്തര ആവശ്യത്തിന്റെ വെറും രണ്ട് ശതമാനം മാത്രമായിരുന്നു കുടുംബശ്രീ ചിക്കന്റെ ഉത്പാദനം. ഉത്പാദനം കൂട്ടാനും മാര്‍ക്കറ്റിംഗ് വിപുലപ്പെടുത്താനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരുന്നതായി മന്ത്രി മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി.

പേട്ടയില്‍ പള്ളിമുക്കില്‍ കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പുതിയ ഫ്രോസണ്‍ ചിക്കന്‍ ഔട്ട്‌ലറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 25 ശതമാനം വരെ വിപണി വിഹിതം നേടുകയാണ് ലക്ഷ്യം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 105 കോടി രൂപയുടെ വിറ്റുവരവും കേരള ചിക്കന്‍ നേടി.

മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉടന്‍

2021ല്‍ ദിവസം ആറ് മെട്രിക് ടണ്‍ ഉത്പാദനം നടത്തിയിരുന്നത് 2025ല്‍ 58 മെട്രിക് ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 142 ഔട്ട്‌ലറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 482 ബ്രോയ്‌ലര്‍ ഫാമുകളും പദ്ധതിയുമായി സഹകരിക്കുന്നു. പദ്ധതി ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഫാം ഇന്റഗ്രേഷന്‍ വഴി രണ്ട്മാസത്തിലൊരിക്കല്‍ 2.5 ലക്ഷം രൂപ വരെ വരുമാനവും ലഭിക്കുന്നു. പതിനായിരം കോഴികളെയെങ്കിലും വളര്‍ത്തുന്ന കര്‍ഷകര്‍ക്കാണ് ഈ നേട്ടം. ഔട്ട്ലെറ്റ്‌ നടത്തുന്ന ഗുണഭോക്താക്കള്‍ക്കും പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമായി ലഭിക്കുന്നുണ്ട്.

ചിക്കന്‍ ഡ്രംസ്റ്റിക്, ബോണ്‍ലെസ് ബ്രെസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്, മുഴുവന്‍ ചിക്കന്‍ തൊലികളഞ്ഞത്, കളയാത്തത് എന്നിങ്ങനെ ആറ് തരം ഉത്പന്നങ്ങള്‍ കേരള ചിക്കന്‍ വഴി ലഭ്യമാക്കുന്നുണ്ട്. ഒരു കിലോ മുതലാണ് ഇവ ലഭിക്കുക. ഹോട്ടലുകളില്‍ നിന്നും കാറ്ററിംഗ് യൂണിറ്റുകളില്‍ നിന്നും വലിയ ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്. 10 കിലോയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍ വിതരണം സംവിധാനങ്ങളുണ്ട്. ചിക്കന്റെ മൂല്യവര്‍ധന ഉത്പന്നങ്ങള്‍ വതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വഴി 700 കുടുംബങ്ങള്‍ക്ക് നേരിട്ടും 300 കുടുംബങ്ങള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേരള ചിക്കന്‍ ഹൈബ്രിഡ് ഔട്ട്‌ലെറ്റുകള്‍ വഴി ഫ്രോസണ്‍ ഉത്പന്നങ്ങള്‍ ലഭിക്കും.

Kerala Chicken by Kudumbashree achieves ₹105 crore revenue and 8% market share with 142 outlets across Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT