Business Kerala

ദേശീയ ബ്രാന്‍ഡ് പടുത്തുയര്‍ത്തണോ? പ്രതിസന്ധികളുണ്ടായികൊണ്ടേയിരിക്കും, മറികടന്നു കൊണ്ടേയിരിക്കുക, ഊര്‍ജ്ജമാക്കാം, മുതിര്‍ന്ന സംരംഭകരുടെ ഈ വാക്കുകള്‍

ദേശീയ ബ്രാന്‍ഡായി വളര്‍ന്ന കമ്പനികളുടെ സാരഥികള്‍ അവരുടെ വളര്‍ച്ചാവഴികള്‍ ധനം എം.എസ്.എം.ഇ സമ്മിറ്റില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കുവച്ചു

Dhanam News Desk

കേരളത്തില്‍ നിന്ന് ഒരു ദേശീയ പടത്തുയര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമാണോ? അല്ല, പക്ഷെ ഒരു വിഷനുണ്ടെങ്കില്‍ അത് സാധ്യമാകുക തന്നെ ചെയ്യുമെന്ന് തെളിയിച്ച മൂന്ന് സംരംഭകര്‍ പുതു സംരംഭകര്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞത് വര്‍ഷങ്ങളുടെ അനുഭവങ്ങള്‍ കൊണ്ട് നേടിയെടുത്ത അറിവുകളാണ്.

ജ്യോതി ലാബ്‌സ്, സഹ്യാദ്രി ബയോ ലാബ്‌സ് എന്നിവയുടെ സ്ഥാപകന്‍ എം.പി രാമചന്ദ്രന്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ.കെ പോള്‍ തോമസ്, എവിഎ ഗ്രൂപ്പ് എം.ഡി ഡോ. എ.വി അനൂപ് ഇവരെല്ലാം കടന്നു വന്ന വഴികളില്‍ കാത്തിരുന്നത് ഒന്നോ രണ്ടോ പ്രതിസന്ധികളല്ല. പക്ഷെ ഓരോ പ്രതിസന്ധിയെയും അവര്‍ മറികടക്കാന്‍ കാണിച്ച ധൈര്യമാണ് ഇന്നത്തെ ഈ ദേശീയ ബ്രാന്‍ഡുകള്‍. ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച ധനം എം.എസ്.എം.ഇ സമ്മിറ്റിനോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയിലാണ് ദേശീയ ബ്രാന്‍ഡായി മാറാന്‍ സ്വീകരിച്ച വഴികളെ കുറിച്ച് ഈ മുതിര്‍ന്ന സംരംഭകര്‍ പങ്കുവച്ചത്.

ജ്യോതി ലാബ്‌സിന് തുടക്കം കുറിച്ചത് ബോംബെ ആസ്ഥാനമായാണ്. ഏറ്റവും ചെറിയ മൂലധനത്തില്‍ വെറും അഞ്ച് പേരുമായി തുടങ്ങിയ ബിസിനസാണ്. അന്ന് ബിസിനസിന് വികസിപ്പിക്കാനും മറ്റുമുള്ള പണം കണ്ടെത്താന്‍ ഗുണപ്രദമാകുമെന്ന ചിന്തയിലാണ് അവിടെ തുടങ്ങിയത്. എന്നാല്‍ ഒരു ദേശീയ ബ്രാന്‍ഡ് ആയി മാറാന്‍ ഇത് വലിയ പങ്കുവഹിച്ചതായി എം.പി രാമചന്ദ്രന്‍ പറഞ്ഞു.

നാഷണല്‍ ബ്രാന്‍ഡ് ആകണമെങ്കില്‍ പ്രത്യേകിച്ച് കണ്‍സ്യൂമര്‍ഡ് ഗുഡ്‌സ് പോലുള്ള ഒരു വിഭാഗത്തിലാണെങ്കില്‍ വലിയ വെല്ലുവിളികളുണ്ട്. ഇന്ന് ഇന്ത്യയില്‍ മാത്രമല്ല മലേഷ്യയില്‍ പോലും ബ്രാന്‍ഡ് എത്തിക്കാനായി. ഇന്ത്യയുടെ ഒരു അറ്റത്തു കിടക്കുന്ന കേരളത്തില്‍ നിന്ന് ഇന്ത്യ മുഴുവന്‍ എത്തിക്കുക ബുദ്ധിമുട്ട് തന്നെയാണ്. ബ്രാന്‍ഡിംഗില്‍ പോലും ശ്രദ്ധിക്കാനേറെയുണ്ട്. ഒരു ജില്ലയില്‍ തുടങ്ങി പതുക്കെ വിപുലീകരിക്കുന്ന രീതിയാണ് ജ്യോതി ലാബ്‌സ് സ്വീകരിച്ചത്. പരസ്യങ്ങള്‍ നല്‍കിയപ്പോള്‍ പോലും ഓരോ പ്രാദേശിക ഭാഷകളില്‍ തുടങ്ങിയാണ് പിന്നെ ദേശീയ ബ്രാന്‍ഡിംഗിലേക്ക് കടക്കുന്നത്. ബ്രാന്‍ഡിംഗ് ദേശീയതലത്തിലാക്കുമ്പോള്‍ ഉത്പന്നവും എല്ലായിടത്തും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പ്രസ്ഥാനമായി തുടങ്ങിയ ഇസാഫ് ദേശീയ ബ്രാന്‍ഡായതിനു സ്വീകരിച്ച വഴികളെ കുറിച്ചുള്ള ഡോ.കെ പോള്‍ തോമസിന്റെ വാക്കുകളും ശ്രദ്ധേയമായി. തൊഴിലില്ലായ്മയും മനുഷ്യരുടെ കഷ്ടപ്പാടും മറ്റും കണ്ടാണ് ഇസാഫിന് തുടക്കം കുറിക്കുന്നത്. ആളുകള്‍ക്ക് സ്വന്തമായി നില്‍ക്കാന്‍ ഒരു മാര്‍ഗം കണ്ടെത്താനാകുക സംരംഭകത്വത്തിലൂടെ മാത്രമാണെന്ന തിരിച്ചറിവാണ് ഇസാഫിനെ നയിക്കുന്നത്. എല്ലാവരിലേക്കും സഹായം എത്തിക്കാന്‍ ചാരിറ്റബിള്‍ സൊസൈറ്റി ആയാണ് തുടക്കം. ചാരിറ്റബിള്‍ സൊസൈറ്റിയായി തുടങ്ങുമ്പോള്‍ തന്നെ ദേശീയ തലത്തിലേക്ക് വളരണമെന്ന് ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ബാങ്ക് ആയി മാറിയപ്പോള്‍ ബോംബെയിലേക്ക് പോകുന്നതിനെ കുറിച്ച് പലരും ഉപദേശിച്ചെങ്കിലും തൃശൂരിലെ മണ്ണൂത്തിയിലെ ഒരു വാടക വീട്ടില്‍ തുടങ്ങിയതാണ്. ബാങ്കായി മാറുമ്പോള്‍ അതിന്റെ ഗുണം ഇവിടുള്ളവര്‍ക്കു കൂടുതലായി ലഭിക്കണമെന്ന് ചിന്തിച്ചതാണ് തൃശൂരില്‍ തന്നെ നിലയുറപ്പിക്കാന്‍ കാരണമായതെന്നും നമ്മള്‍ വലുതാകുമ്പോള്‍ സമൂഹത്തിന് തിരിച്ചുകൊടുക്കണമെന്നു വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്ന് ഇന്ത്യയില്‍ എല്ലാ സ്ഥലത്തും ഇസാഫിന് ശാഖകളുണ്ട്.

കേരളത്തിലെ സംരംഭകര്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്ന പദ്ധതികളെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കി മുന്നേറണമെന്ന് ഡോ. എ.വി അനൂപ് പറഞ്ഞു. ബിസിനസ് ചെയ്യുക എന്നാല്‍ റിസകാണ്. ഒരു ടെലിഫോണ്‍ കോള്‍ പോലും നമ്മെ പേടിപ്പിച്ചിരുന്ന കാലമുണ്ട്. പക്ഷെ എല്ലാ പ്രതിസന്ധിയെയും തരണം ചെയ്ത് മുന്നിലെത്തണമെന്ന് മാത്രമാണ് എല്ലാ കാലത്തും ആഗ്രഹിച്ചിട്ടുള്ളത്. ബ്രാന്‍ഡുകള്‍ വില്‍ക്കണമെന്ന ചിന്തയും ഒരിക്കലും വന്നിട്ടില്ലെന്ന് എ.വി അനൂപ് പറയുന്നു. പല സമയങ്ങളിലും പല വാഗ്ദാനങ്ങളും ഉണ്ടായിട്ടിണ്ടെങ്കിലും ബ്രാന്‍ഡ് വില്‍ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടനും ആഡ് ഫിലിം മേക്കറും ടിവിസി ഫാക്ടറി, അമേസിംഗ് സ്റ്റാര്‍ല് എന്നിവയുടെ എം.ഡിയുമായ സിജോയ് വര്‍ഗീസായിരുന്നു പാനല്‍ ചര്‍ച്ച നയിച്ചത്. കൃത്യമായൊരു ദിശാബോധമുണ്ടാകണം, നമ്മുടെ ബ്രാന്‍ഡ് എന്താണെന്ന് അറിയണം. അതാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള വഴി. പണത്തിലുപരി ബ്രാന്‍ഡ് ഇക്വിറ്റിക്ക് വിലമതിക്കുന്നവരാണ് യഥാര്‍ത്ഥ സംരംഭകരെന്ന് സിജോയ് വര്‍ഗീസ് പറഞ്ഞു. ബിസിനസില്‍ തിരിച്ചടികള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും, ഒരു മകനെയോ മകളെയോ വളര്‍ത്തുന്ന പാഷനോടെ വളര്‍ത്തുക എന്നതാണ് സംരംഭകര്‍ ചെയ്യേണ്ടതെന്നും സിജോയ് പറഞ്ഞു.

Leaders of Jyothy Labs, ESAF Bank, and AVA Group share their journey of building national brands from Kerala rrn

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT