വിദേശ കറന്‍സി നിക്ഷേപങ്ങളായ ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് [FCNR(B)] അക്കൗണ്ടുകളിലൂടെ പ്രവാസികള്‍ക്ക് സമ്പാദ്യത്തിന്മേല്‍ വലിയ ലാഭമുണ്ടാക്കാന്‍ ഇപ്പോള്‍ മികച്ച അവസരമാണ് ഒരുങ്ങുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഹെഡ്ജിംഗ് ചെലവുകള്‍ വഹിക്കാന്‍ തയ്യാറായതോടെ മുന്‍നിര ഇന്ത്യന്‍ ബാങ്കുകളെല്ലാം എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് 6 മുതല്‍ 7 ശതമാനം വരെ ആകര്‍ഷകമായ പലിശ നിരക്കുകള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ ഈ പലിശ നിരക്കുകളെക്കാള്‍ പ്രവാസികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കി നല്‍കുന്നത് 'ലിവറേജിംഗ്' (Leveraging) എന്ന ധനകാര്യ തന്ത്രമാണ്. വിദേശത്ത് ലഭ്യമാകുന്ന കുറഞ്ഞ പലിശയ്ക്കുള്ള ക്രെഡിറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ച്, സ്വന്തം കൈയ്യിലുള്ള തുകയുടെ പല മടങ്ങ് തുക വായ്പയെടുത്ത് ഇന്ത്യയില്‍ നിക്ഷേപിച്ച് ലാഭം കൊയ്യുന്ന രീതിയാണിത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു മലയാളി പ്രവാസിയുടെ പക്കല്‍ ഒരു ലക്ഷം യുഎസ് ഡോളര്‍ ഉണ്ടെന്ന് കരുതുക. ഇത് നിലവിലെ നിരക്കില്‍ ഏകദേശം 3.67 ലക്ഷം യുഎഇ ദിര്‍ഹത്തിന് തുല്യമാണ്. ഈ തുക നേരിട്ട് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ലിവറേജ് രീതിയിലൂടെ വരുമാനം അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാന്‍ സാധിക്കും.
ഇതിനായി ആദ്യം പ്രവാസി മലയാളി തന്റെ പക്കലുള്ള 1,00,000 ഡോളര്‍ വിദേശത്തെ ബാങ്കില്‍ എത്തിക്കുന്നു. ഈ തുക കൊളാറ്ററല്‍ അഥവാ ഈടായി നിലനിര്‍ത്തിക്കൊണ്ട്, വിദേശ ബാങ്ക് പ്രവാസിക്ക് അതിന്റെ ഒന്‍പത് മടങ്ങ് തുക (അതായത് 9,00,000 യുഎസ് ഡോളര്‍) വായ്പയായി അനുവദിക്കുന്നു. വിദേശത്ത് ഡോളര്‍ വായ്പകള്‍ക്ക് പലിശ കുറവായതിനാല്‍ ഏകദേശം 5.5 ശതമാനം നിരക്കിലാണ് ഈ തുക ലഭിക്കുന്നത്. ഈ വായ്പ ഇന്ത്യന്‍ ബാങ്കില്‍ എഫ്സിഎന്‍ആര്‍ നിക്ഷേപം നടത്താന്‍ വേണ്ടി മാത്രമായിട്ടുള്ളതാണ്.
ഇപ്പോള്‍ പ്രവാസിയുടെ സ്വന്തം ഫണ്ടും ബാങ്ക് നല്‍കിയ വായ്പയും ചേര്‍ന്ന് ആകെ 10,000,000 (10 ലക്ഷം) യുഎസ് ഡോളര്‍ ആയി മാറി. ഈ തുക മുഴുവനായി ഇന്ത്യയിലെ ബാങ്കിലേക്ക് നേരിട്ട് അയച്ച് 7 ശതമാനം പലിശ നിരക്കില്‍ എഫ്സിഎന്‍ആര്‍ നിക്ഷേപമാക്കുന്നു. ഈ ഡിപ്പോസിറ്റ് വായ്പ നല്‍കിയ വിദേശ ബാങ്കിന് സെക്യൂരിറ്റിയായി ലീന്‍ മാര്‍ക്ക് (Lien marked) ചെയ്യുകയും ചെയ്യും. ഇന്ത്യന്‍ ബാങ്ക് വിദേശ ബാങ്കിന് നല്‍കുന്ന ഗ്യാരന്റിയാണിത്. വിദേശ ബാങ്ക് വായ്പ നല്‍കുന്ന നിമിഷം തന്നെ ആ തുക ഇന്ത്യയിലെ ഡിപ്പോസിറ്റായി മാറുകയും, ആ ഡിപ്പോസിറ്റ് രേഖകള്‍ വിദേശ ബാങ്കിന്റെ പക്കല്‍ ഈടായി ഇരിക്കുകയും ചെയ്യുന്നു.
നിക്ഷേപ കാലാവധിയായ 3 വര്‍ഷമോ 5 വര്‍ഷമോ കഴിയുമ്പോള്‍, ഇന്ത്യന്‍ ബാങ്ക് ആ തുക നേരിട്ട് പ്രവാസിയുടെ അക്കൗണ്ടിലേക്ക് അയക്കില്ല. പകരം, കരാര്‍ പ്രകാരം വിദേശ ബാങ്കിന്റെ നോസ്‌ട്രോ (Nostro) അക്കൗണ്ടിലേക്കാണ് പണം മാറ്റുന്നത്.
വിദേശ ബാങ്കിലേക്ക് പണം എത്തുമ്പോള്‍ അവര്‍ ആദ്യം ചെയ്യുക പ്രവാസിക്ക് നല്‍കിയ ഒമ്പത് ലക്ഷം രൂപയുടെ വായ്പയും അതിന്റെ പലിശയും അക്കൗണ്ടില്‍ നിന്ന് കുറയ്ക്കുക (Netting) എന്നതാണ്. ബാക്കി വരുന്ന പ്രവാസിയുടെ സ്വന്തം മൂലധനമായഒരു ലക്ഷം രൂപയും, ഇന്ത്യയില്‍ നിന്ന് ലഭിച്ച ഉയര്‍ന്ന പലിശയുടെ ലാഭവും ചേര്‍ത്തുള്ള തുക മാത്രമേ പ്രവാസിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് വിദേശ ബാങ്ക് കൈമാറൂ.
ഇന്ത്യന്‍ ബാങ്കില്‍ നിന്നും ആകെ ലഭിക്കുന്ന 7 ശതമാനം പലിശയും വിദേശ ബാങ്കിന് നല്‍കേണ്ട 5.5 ശതമാനം പലിശയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ പ്രവാസിയുടെ അറ്റാദായമായി മാറുന്നത്. അതായത്, വായ്പയെടുത്ത തുകയ്ക്ക് മേല്‍ ബാങ്കുകള്‍ തമ്മിലുള്ള പലിശ വ്യത്യാസമായ (Interest Spread) 1.5 ശതമാനം ലാഭം പ്രവാസിക്ക് നെറ്റായി ലഭിക്കുന്നു.
അതായത്, സ്വന്തം പണമായ 1,00,000 ഡോളറിന് ലഭിക്കുന്ന 7% പലിശ മുഴുവനായി പ്രവാസിക്ക് ലഭിക്കും. വായ്പയെടുത്ത 9,00,000 ഡോളറിന് പലിശ വ്യത്യാസത്തിലൂടെ ലഭിക്കുന്ന ലാഭം 13.5% ആണ്. ഇപ്രകാരം സ്വന്തം മൂലധനത്തിന്മേല്‍ പ്രവാസിക്ക് ലഭിക്കുന്ന ആകെ വാര്‍ഷിക ഡോളര്‍ റിട്ടേണ്‍ (Annual USD Return) 20.5% (7% + (9x 1.5%) ആയി മാറുന്നു!
ഈ വിപണിയില്‍ വായ്പയും ഡിപ്പോസിറ്റും തമ്മിലുള്ള പലിശ വ്യത്യാസം വെറും 1 ശതമാനം മാത്രമാണെങ്കില്‍ പോലും ഒന്‍പത് മടങ്ങ് ലിവറേജ് ഉപയോഗിക്കുന്നതിലൂടെ പ്രവാസികള്‍ക്ക് 16 ശതമാനം വരെ വാര്‍ഷിക റിട്ടേണ്‍ ഉറപ്പാക്കാന്‍ സാധിക്കും.
എങ്കിലും ഈ പലിശ നയം 3 മുതല്‍ 5 വര്‍ഷം വരെയുള്ള എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് മാത്രമാണ് ആര്‍ബിഐ അനുവദിച്ചിട്ടുള്ളത്. കൂടാതെ ഈ പ്രത്യേക ആനുകൂല്യം സെപ്റ്റംബര്‍ 30 വരെ മാത്രമേ ലഭ്യമാകൂ എന്ന കാര്യവും നിക്ഷേപകര്‍ ഓര്‍ക്കേണ്ടതുണ്ട്.
രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതും പ്രവാസികള്‍ക്ക് ഗുണമാണ്. നിലവിലെ സാഹചര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ രൂപ മെച്ചപ്പെടാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ കാണുന്നില്ല. ഇത് എക്സ്ചേഞ്ച് നിരക്കിലെ നേട്ടത്തിന് പ്രതീക്ഷ നല്‍കുന്നു.
മുന്‍കാലങ്ങളില്‍ ,പ്രത്യേകിച്ച് 2013-ല്‍ സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ വിദേശ ബാങ്കുകളെ മാത്രമാണ് ഇതിനായി ആശ്രയിച്ചിരുന്നതെങ്കില്‍, ഇത്തവണ ഇന്ത്യന്‍ ബാങ്കുകളുടെ തന്നെ വിദേശ ശാഖകള്‍ക്കും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി (GIFT City) ശാഖകള്‍ക്കും ഈ ലോണ്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കാത്തതിനാല്‍ ആര്‍ബിഐയില്‍ നിന്ന് ഒരു അധിക സര്‍ക്കുലര്‍ ബാങ്കുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്ന് വ്യക്തത തേടിയിട്ടുമുണ്ട്.
ലിവറേജ്ഡ് എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ബാങ്കുകളുടെ അസറ്റുകളിലും ലയബിലിറ്റികളിലും (Assets and Liabilities) ഒരേസമയം വലിയ മാറ്റങ്ങളുണ്ടാകും. ഒരു കസ്റ്റമര്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന എഫ്സിഎന്‍ആര്‍ തുകയ്ക്ക് മേല്‍ ആ ബാങ്കിന്റെ തന്നെ വിദേശ ശാഖയില്‍ നിന്ന് വായ്പ അനുവദിക്കുകയും, ആ തുക വീണ്ടും അതേ ബാങ്കില്‍ തന്നെ നിക്ഷേപമായി (Rebook) മാറ്റുകയും ചെയ്യുന്ന ഘടനയ്ക്ക് നിലവിലെ നിയമം അനുവദിക്കുന്നുണ്ടോ എന്നാണ് ബാങ്കുകള്‍ പ്രധാനമായും ചോദിക്കുന്നത്.
വിദേശ ബാങ്കുകള്‍ വഴിയുള്ള പങ്കാളിത്തവും അതിന്റെ സങ്കീര്‍ണ്ണതകളും ഒഴിവാക്കി, ഇന്ത്യന്‍ ബാങ്കുകളുടെ ഗിഫ്റ്റ് സിറ്റി ശാഖകള്‍ക്ക് തന്നെ വായ്പയും എഫ്സിഎന്‍ആര്‍ നിക്ഷേപവും നേരിട്ട് ഏകോപിപ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രക്രിയ കൂടുതല്‍ ലളിതമാകും. ഒരേ ബാങ്കിന്റെ രണ്ട് അന്താരാഷ്ട്ര ശാഖകള്‍ തമ്മിലുള്ള ആഭ്യന്തര ഇടപാടായി ഇത് മാറുന്നതിനാല്‍ ലീന്‍ മാര്‍ക്കിംഗും ഫണ്ട് കൈമാറ്റവും പൂര്‍ണ്ണമായും സുരക്ഷിതവും വേഗത്തിലുമാകും. എന്നാല്‍ ആര്‍ബിഐ വ്യക്തത നല്‍കിയാല്‍ മാത്രമേ ബാങ്കുകള്‍ക്ക് ഇതില്‍ പൂര്‍ണ്ണതോതില്‍ മുന്നോട്ട് പോകാനാകൂ.
കേരളത്തില്‍ നിന്നുള്ള വലിയൊരു വിഭാഗം പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലും യുഎസ്, യുകെ തുടങ്ങിയ ഇടങ്ങളിലും ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരാണ്. മുന്‍പ് 2013-ല്‍ സമാനമായ എഫ്സിഎന്‍ആര്‍ പലിശ ആര്‍ബിട്രേജ് (Arbitrage) വിന്‍ഡോ തുറന്നപ്പോള്‍ 26 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍ ഇത്തവണ ഗിഫ്റ്റ് സിറ്റി ശാഖകളുടെ സാന്നിധ്യവും ബാങ്കുകളുടെ ഉയര്‍ന്ന പലിശ നിരക്കുകളും കണക്കിലെടുക്കുമ്പോള്‍ നിക്ഷേപ ഒഴുക്ക് 40 മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെയായി ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത് കേരളത്തിലേക്കുള്ള പ്രവാസി ഡോളര്‍ നിക്ഷേപങ്ങളിലും വലിയ പ്രതിഫലനമുണ്ടാക്കും.
By strategically pairing low-interest overseas funds with high-yield Indian FCNR accounts, Gulf NRIs can amplify their returns to unprecedented levels.
Read DhanamOnline in English
Subscribe to Dhanam Magazine