Business Kerala

ലിസി ക്യാൻസർ സെന്റർ: അത്യാധുനിക ചികിത്സ സാധാരണക്കാർക്കും; കുറഞ്ഞ ചെലവിൽ ലോകോത്തര സേവനം

ക്യാന്‍സര്‍ രോഗിയെ മാത്രമല്ല, കുടുംബത്തെയും തളര്‍ത്തും. ക്യാന്‍സറിന് താങ്ങാവുന്ന നിരക്കില്‍ സമഗ്രവും അത്യാധുനികവുമായ ചികിത്സ ലഭ്യമാക്കുകയാണ് ലിസി ക്യാന്‍സര്‍ സെന്റര്‍

Dhanam News Desk

ഓരോ വര്‍ഷവും 4.3 ശതമാനം ഇന്ത്യക്കാരെ ദാരിദ്ര്യരേഖയുടെ താഴേക്ക് വലിച്ചുതാഴ്ത്തുന്ന ഒരു രോഗമുണ്ട്-ക്യാന്‍സര്‍. രോഗിയെ മാത്രമല്ല, ഇത് ആ വ്യക്തിയുടെ കുടുംബത്തെ അപ്പാടെ തകര്‍ത്തുകളയും. അതേസമയം ക്യാന്‍സര്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സമഗ്രമായ അത്യാധുനിക ചികിത്സ, താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കിക്കൊണ്ട് ശ്രദ്ധേയമാവുകയാണ് ലിസി ക്യാന്‍സര്‍ സെന്റര്‍.

മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, മറ്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ എന്നിവരുടെ കൂട്ടായ സേവനമാണ് ലിസി ക്യാന്‍സര്‍ സെന്ററിനെ വ്യത്യസ്തമാക്കുന്നത്. ക്യാന്‍സറിനുള്ള ചികിത്സ എന്നതിലുപരി രോഗിയുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനാണ് ഇവിടെ പ്രാധാന്യം.

2050 ഓടെ ലോകത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 77 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. 2022ലെ 20 ദശലക്ഷം രോഗികളില്‍ നിന്ന് 2025 ആയപ്പോഴേക്ക് അത് 35 ദശലക്ഷമായി. 2020ല്‍ ഇന്ത്യയില്‍ 1.4 ദശലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 2025ല്‍ ഇത് 1.57 ദശലക്ഷമായി വര്‍ധിച്ചു. 2020-25 കാലയളവില്‍ ക്യാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ 12.8 ശതമാനം വര്‍ധനയുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. 2040 ഓടെ ഇത് 2.08 ദശലക്ഷമാകും; 2020ലേതിനേക്കാള്‍ 57.5 ശതമാനം കൂടുതല്‍.

സമഗ്ര ചികിത്സയുമായി എല്‍സിസി

പ്രായമായവരുടെ എണ്ണം കൂടിവരുന്നതാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടാനുള്ള ഒരു കാരണം. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഭക്ഷണശീലങ്ങളിലെ മാറ്റവും അന്നനാള ക്യാന്‍സറിനും സ്തനാര്‍ബുദത്തിനുമൊക്കെ കാരണമായി. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ക്യാന്‍സറിലേക്ക് നയിക്കുന്നുണ്ട്. പ്രധാനമായും മറ്റു രോഗങ്ങള്‍ വരുമ്പോള്‍ നടത്തുന്ന പരിശോധനകളിലൂടെയാണ് ക്യാന്‍സര്‍ കണ്ടെത്തുന്നത്. സ്ഥിരമായ പരിശോധനകളിലൂടെ നേരത്തെ ക്യാന്‍സര്‍ തിരിച്ചറിയാനും വിജയകരമായി ചികിത്സ നടത്താനും കഴിയും. നേരത്തെ കണ്ടെത്തുമ്പോള്‍ ചികിത്സയുടെ കാഠിന്യവും കുറയും. അതുകൊണ്ട് ചികിത്സയുടെ സൈഡ് ഇഫക്ടും കുറയും. സാധാരണ ജീവിതത്തിലേക്ക് നേരത്തെ എത്താനും കഴിയും.

മാമോഗ്രാം, പാപ് സ്മിയര്‍, കൊളോണോസ്‌കോപീസ്, സിടി സ്‌കാനുകള്‍ തുടങ്ങിയവയിലൂടെ തുടക്കത്തില്‍ തന്നെ ലക്ഷണങ്ങള്‍ കണ്ടെത്താനാകും. എച്ച്പിവി, ഹെപ്  ബി വാക്‌സിനുകള്‍ക്ക് ഒരു പരിധി വരെ ക്യാന്‍സറിനെ തടയാനാകും. ലിസി ക്യാന്‍സര്‍ സെന്റര്‍ സമഗ്രമായ ക്യാന്‍സര്‍ സ്‌ക്രീനിങ് പ്രോഗ്രാമാണ് വാഗ്ദാനം ചെയ്യുന്നത്. വിദഗ്ധനായ ഓങ്കോളജിസ്റ്റിന്റെ കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെ ഇതില്‍പ്പെടുന്നു. സ്തനാര്‍ബുദം, ഗര്‍ഭാശയമുഴ ക്യാന്‍സര്‍, കൊളൊറെക്ടല്‍, ശ്വാസകോശ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവ നേരത്തെ കണ്ടെത്തുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനകള്‍ ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വാക്‌സിന്‍ അടക്കമുള്ള ചികിത്സാ രീതികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നു.

മുമ്പേ നടന്ന് എല്‍സിസി

കേരളത്തില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ തൈറോയ്ഡ് ക്യാന്‍സര്‍ വര്‍ധിച്ചുവരുന്നതായി എല്‍സിസിയിലെ ഡോ. സന്ദീപ് സുരേഷ് ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ക്യാന്‍സര്‍ രജിസ്ട്രി വിവരങ്ങള്‍ പ്രകാരം ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 9.6 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഇത് ആശങ്കാജനകമാണെങ്കിലും ആധുനിക പരിശോധനകളിലൂടെയും സ്‌ക്രീനിങ്ങിലൂടെയും ദോഷകരമായി മാറാന്‍ സാധ്യതയില്ലാത്ത ചെറിയ ട്യൂമറുകള്‍ പോലും കണ്ടെത്തപ്പെടുന്നു എന്നതാണ് കണക്കുകള്‍ കൂടാന്‍ കാരണം.

ശാസ്ത്രീയമായ ചികിത്സാ രീതിയിലൂടെ അനാവശ്യമായ ചികിത്സ ഒഴിവാക്കാനും സങ്കീര്‍ണമായ കേസുകള്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും ലിസി ക്യാന്‍സര്‍ സെന്റര്‍ അവസരമൊരുക്കുന്നു. സര്‍ജന്മാരും എന്‍ഡോക്രൈനോളജിസ്റ്റുകളും ന്യൂക്ലിയര്‍ മെഡിസിന്‍ ഫിസിഷ്യന്മാരും ഓങ്കോളജിസ്റ്റുകളുമടങ്ങുന്ന വിദഗ്ധ സംഘം ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സാ പദ്ധതി തയാറാക്കുന്നു. രോഗം പൂര്‍ണമായും നീക്കം ചെയ്യാനുതകുന്ന കൃത്യമായ ശസ്ത്രക്രിയകള്‍ എല്‍സിസിയില്‍ നടത്തുന്നു. ക്യാന്‍സര്‍ ചികിത്സയില്‍ സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് തന്നെ പല സാങ്കേതിക വിദ്യകളും ആദ്യമായി അവതരിപ്പിച്ച സ്ഥാപനം കൂടിയാണ് എല്‍സിസി. ട്രാന്‍സോറല്‍ എന്‍ഡോസ്‌കോപിക് തൈറോയിഡെക്റ്റമി (TOETVA) കേരളത്തില്‍ ആദ്യമായി ചെയ്ത സ്ഥാപനങ്ങളിലൊന്നാണ് ലിസി ഹോസ്പിറ്റല്‍.

സങ്കീര്‍ണമായ സ്റ്റേജ് ക്യാന്‍സറുകള്‍ക്കുള്ള മള്‍ട്ടി വിസറല്‍ സര്‍ജിക്കല്‍ റീസെക്ഷന്‍, ശസ്ത്രക്രിയക്ക് ശേഷമുള്ള റേഡിയോ അയോഡിന്‍ അബ്ലേഷന്‍ തെറാപ്പി, തൈറോയ്ഡ് മുഴകള്‍ക്ക് ശസ്ത്രക്രിയ ഇല്ലാത്ത മൈക്രോവേവ് അബ്ലേഷന്‍ ട്രീറ്റ്മെന്റ് തുടങ്ങി തൈറോയ്ഡ് സംബന്ധമായ എല്ലാ ചികിത്സകളും ഒരേ മേല്‍ക്കൂരക്ക് കീഴില്‍ ലിസി ക്യാന്‍സര്‍ സെന്ററില്‍ ലഭ്യമാണ്. ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം കണ്ടെത്താനും രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും റേഡിയോ ആക്ടീവ് മൂലകങ്ങള്‍ കുത്തിവെച്ച് നടത്തുന്ന അത്യാധുനിക രോഗനിര്‍ണയ സംവിധാനമാണ് പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (PET scan).

ഇന്ത്യയിലെ തന്നെ ആദ്യത്തെ അത്യാധുനിക 180-സ്ലൈസ് ഡിജിറ്റല്‍ PET CT, ലിസി ക്യാന്‍സര്‍ സെന്ററിലെ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ പിഇടി സ്‌കാനിനേക്കാള്‍ കുറഞ്ഞ റേഡിയേഷനും കൂടുതല്‍ കൃത്യമായ വിവരങ്ങളും ഇത് നല്‍കുന്നു. ക്യാന്‍സര്‍ കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങളും നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളും അവയുടെ വിവിധ ഘട്ടങ്ങളും കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ സാധിക്കും.

ലിസി ക്യാന്‍സര്‍ സെന്ററിന്റെ അവിഭാജ്യ ഘടകമാണ് ലിസി അഡ്വാന്‍സ്ഡ് ബ്രെസ്റ്റ് ഇമേജിങ് സെന്റര്‍ (LABIC). സ്തനരോഗ നിര്‍ണയത്തിനായി മാത്രമുള്ള ലാബില്‍ അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാണ്. സ്തനങ്ങളിലെ മാറ്റങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന ഫുള്‍ഫീല്‍ഡ് ഡിജിറ്റല്‍ മാമോഗ്രഫി, ടോമോസിന്തസിസ് പരിശോധനകള്‍ ഇവിടെ നടത്തുന്നുണ്ട്. കേരളത്തില്‍ ആദ്യമായി സിഇഎം ഗൈഡഡ് ബയോസ്പി സൗകര്യം ലഭ്യമാക്കിയ ഏക കേന്ദ്രമാണ് ലാബിക്. സ്തനങ്ങളിലെ മുഴകള്‍ പരിശോധിക്കുന്നതിനായുള്ള ബ്രെസ്റ്റ് അള്‍ട്രാസൗണ്ട് സിസ്റ്റം ഇവിടെയുണ്ട്. കൂടാതെ സാധാരണ മുഴകള്‍ കണ്ടെത്തി ചികിത്സിക്കാനും വാക്വം അസിസ്റ്റഡ് എക്‌സിഷന്‍ ശസ്ത്രക്രിയ ഇല്ലാതെ നീക്കം ചെയ്യാനും സ്തനങ്ങളിലെ പഴുപ്പ് നീക്കം ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ചലിക്കുന്ന ട്യൂമറുകളെ ചികിത്സിക്കുന്നതിനായുള്ള റെസ്പിറേറ്ററി മോഷന്‍ മാനേജ്‌മെന്റ് സൗകര്യവും കോണ്‍ ബീം സിടിയില്‍ കാണുന്ന ചെറിയ സ്ഥാനചലനങ്ങള്‍ പോലും തുരത്താന്‍ സഹായിക്കുന്ന 6ഡി കൗച്ച് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കണ്‍ഫോര്‍മല്‍ റേഡിയേഷന്‍ ചികിത്സക്കായി ഫ്‌ളെക്‌സിട്രോണ്‍ ഐആര്‍ 192 ബ്രാക്കി തെറാപ്പിക്കുള്ള മെഷീനും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

സിംഗിള്‍ ഫ്രാക്ഷന്‍ റേഡിയോ സര്‍ജറി

മികച്ച ഉപകരണങ്ങള്‍ക്കൊപ്പം അത് ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാനറിയുന്ന ഡോക്ടര്‍മാരും ഫിസിസിസ്റ്റുകളും ടെക്‌നോളജിസ്റ്റുകളും നഴ്‌സുമാരും അടങ്ങുന്ന മികച്ച ടീം എല്‍സിസിയുടെ പ്രത്യേകതയാണ്. എസ്ആര്‍എസ്, എസ്ബിആര്‍ടി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ക്കായി നിരവധി ക്ലിനിക്കല്‍ പ്രോട്ടോകോളുകള്‍ സ്ഥാപിക്കാനും ഹോസ്പിറ്റലിന് കഴിഞ്ഞു. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ചവരിലെ കഠിനമായ വേദന നിയന്ത്രിക്കുന്നതിനായി 'സീലിയാക് പ്ലെക്‌സസി' (Celiac plexus)നായി സിംഗിള്‍ ഫ്രാക്ഷന്‍ റേഡിയോസര്‍ജറി ചെയ്ത രാജ്യത്തെ ആദ്യ സ്ഥാപനങ്ങളിലൊന്നായിരിക്കും എല്‍സിസിയെന്നും മാനേജ്‌മെന്റ് പറയുന്നു.

ടിഎംഎല്‍ഐ പ്രോട്ടോക്കോള്‍

ഹെമറ്റോ-ഓങ്കോളജി വിഭാഗവുമായി സഹകരിച്ച് ടിഎംഎല്‍ഐ പോലുള്ള നൂതന പ്രോട്ടോക്കോളുകളും ഇവിടെ നടപ്പാക്കുന്നു. സര്‍ജിക്കല്‍ ഓങ്കോളജി, പള്‍മണോളജി വിഭാഗങ്ങളുമായി ചേര്‍ന്ന് സങ്കീര്‍ണമായ ബ്രാക്കിതെറാപ്പി ചികിത്സകളും ചെയ്യുന്നുണ്ട്. ക്യാന്‍സര്‍ സര്‍ജറിയും പ്ലാസ്റ്റിക് സര്‍ജറിയും സംയോജിപ്പിച്ചുള്ള ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സര്‍ജറി വഴി ശസ്ത്രക്രിയക്ക് ശേഷവും രോഗികള്‍ക്ക് തങ്ങളുടെ ശരീര പ്രകൃതിയെ കുറിച്ച് ആത്മവിശ്വാസം ലഭിക്കുന്നു. ലിസി ക്യാന്‍സര്‍ സെന്ററില്‍ രോഗികള്‍ക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കുന്നതിനായി പ്രത്യേക സ്പീച്ച് ആന്‍ഡ് സ്വാലോയിങ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നൂതന ശസ്ത്രക്രിയ രീതി

അനസ്തീഷ്യ നല്‍കുന്ന രീതിയിലുണ്ടാകുന്ന പോസ്റ്റ്-ഓപറേറ്റീവ് സങ്കീര്‍ണതകള്‍ രോഗി സുഖം പ്രാപിക്കുന്നത് വൈകിപ്പിച്ചേക്കാം. അതിനാല്‍, എല്‍സിസിയില്‍ ക്യാന്‍സര്‍ ശസ്ത്രക്രിയകളില്‍ അനസ്തീഷ്യയും റിക്കവറിയും ഓരോ രോഗിക്കും അനുയോജ്യമായ രീതിയില്‍ പ്രത്യേകം തയാറാക്കുന്നു. വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി ഒപ്പിയോയിഡ് ഫ്രീ മള്‍ട്ടി-മോഡല്‍ അനല്‍ജീസിയ, എന്‍ഹാന്‍സ്ഡ് റിക്കവറി ആഫ്റ്റര്‍ സര്‍ജറി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ക്യാന്‍സര്‍ തിരിച്ചുവരാനുള്ള ഘടകങ്ങളെ കുറക്കുന്ന ഇത്തരം നൂതന രീതികള്‍ എല്‍സിസിയില്‍ ഉണ്ട്.

സങ്കീര്‍ണമായ ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് എല്‍സിസിയിലെ ശസ്ത്രക്രിയ വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. നാല് അത്യാധുനിക മോഡുലാര്‍ ഓപറേഷന്‍ തിയേറ്ററുകള്‍ ഇവിടെയുണ്ട്. ഓപറേഷന്‍ തിയേറ്ററിനോടൊപ്പം ഏറ്റവും പുതിയ മോണിറ്ററിങ് സംവിധാനങ്ങളുള്ള പോസ്റ്റ്-ഓപറേറ്റീവ് റിക്കവറി റൂമുകളും ഐസിയുവും ക്രമീകരിച്ചിരിക്കുന്നു. വിവിധ തരം സ്‌കാനുകള്‍ക്ക് പുറമെ, റേഡിയോ ആക്ടീവ് ഘടകങ്ങള്‍ ഉപയോഗിച്ചുള്ള ഫലപ്രദമായ ചികിത്സകളും ഇവിടെ ലഭ്യമാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ക്കുള്ള ഹൈ-ഡോസ് റേഡിയോ അയോഡിന്‍ ചികിത്സ. ശസ്ത്രക്രിയക്ക് ശേഷം അവശേഷിക്കുന്ന രോഗാണുക്കളെ നീക്കം ചെയ്യാനും രോഗം വീണ്ടും വരുന്നത് തടയാനും ഈ രീതി ഉപയോഗിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറുകള്‍ക്കും പ്രോസ്റ്റേറ്റ് ക്യാന്‍സറിനുമുള്ള പിആര്‍ആര്‍ടി ചികിത്സ, TARE (Transarterial Radioembolization), ലിവര്‍ ക്യാന്‍സര്‍ (Hepatocellular Carcinoma) ബാധിച്ചവര്‍ക്കുള്ള അത്യാധുനിക ചികിത്സ തുടങ്ങിയവയും ഇവിടെ ചെയ്യുന്നുണ്ട്.

മിതമായ ചികിത്സാ ചെലവ്

സാങ്കേതിക പുരോഗതിക്കൊപ്പം ചികിത്സാ ചെലവ് മിതമാക്കാനും എല്‍സിസി ശ്രദ്ധിക്കുന്നു. ക്യാന്‍സര്‍ ചികിത്സയുടെ ചെലവ് വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ട്. രോഗനിര്‍ണയത്തിനും അതിന്റെ തീവ്രത അറിയാനുമായി നടത്തുന്ന സിടി, എംആര്‍ഐ, പിഇടി, സിടി തുടങ്ങിയ പരിശോധനകളും തുടര്‍ന്ന് നടത്തുന്ന ബയോപ്‌സിയും ഇതില്‍ ഉള്‍പ്പെടുന്നു. ബയോപ്‌സി സാമ്പിളുകള്‍ ഇമ്മ്യൂണോ ഹിസ്റ്റോ കെമിസ്ട്രി (ഐഎച്ച്‌സി), മോളിക്യുലാര്‍ പഠനങ്ങള്‍ എന്നിവക്ക് വിധേയമാക്കേണ്ടതുണ്ട്. ഏത് ചികിത്സയാണ് രോഗിക്ക് കൂടുതല്‍ ഫലപ്രദമാകുകയെന്ന് കണ്ടെത്താന്‍ ഈ പരിശോധനകള്‍ അനിവാര്യമാണ്. ഇതിന് ചെലവ് കൂടുതലാണെങ്കിലും, ഈ ഘട്ടത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ചികിത്സയുടെ ഫലത്തെ ദോഷകരമായി ബാധിക്കും.

ഓങ്കോളജി രംഗത്ത് നടക്കുന്ന പുതിയ ഗവേഷണങ്ങളും പുതിയ മരുന്നുകളുടെ വരവ്-ചെലവ് വര്‍ധിപ്പിക്കുന്നു. പല മരുന്നുകള്‍ക്കും പേറ്റന്റ് ഉള്ളതിനാലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടതിനാലും വില കൂടുതലാണ്. കൂടാതെ, ചികിത്സ നീണ്ടുനില്‍ക്കുന്നതും ഇടക്കിടെയുള്ള ആശുപത്രി പ്രവേശനവും പരിശോധനകളും സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്നു. മറ്റ് പല രാജ്യങ്ങളിലും ഇന്‍ഷുറന്‍സ് സേവനങ്ങളും സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമുകളും ചികിത്സാ ചെലവിന്റെ സിംഹഭാഗവും വഹിക്കുമ്പോള്‍, ഇന്ത്യയില്‍ ഏകദേശം 50 ശതമാനം ചെലവുകളും രോഗി തന്നെ നേരിട്ട് വഹിക്കേണ്ടി വരുന്നു.

അടുത്തിടെ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഒരു ക്യാന്‍സര്‍ രോഗിക്ക് ഔട്ട്‌പേഷ്യന്റ്, ചികിത്സക്കായി ശരാശരി 8,053 രൂപയും ഇന്‍പേഷ്യന്റ് അഥവാ അഡ്മിറ്റ് ചെയ്തുള്ള ചികിത്സക്കായി ശരാശരി 39,083 രൂപയും ചെലവ് വരുന്നുണ്ട്. ഒരാള്‍ ഏതാണ്ട് വര്‍ഷം തോറും സ്വന്തം കയ്യില്‍ നിന്ന് ചെലവാക്കേണ്ടി വരുന്ന തുക ഏകദേശം 3,31,177 രൂപയാണ്. ഒരു ശരാശരി ഇന്ത്യക്കാരന് ഇത് വളരെ വലിയൊരു തുകയാണ്. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെയാണ് ഈ രോഗം മൂലമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയും തൊഴില്‍ നഷ്ടവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇവിടെയാണ് മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അത്യാധുനിക ചികിത്സ താരതമ്യേന താങ്ങാവുന്ന നിരക്കില്‍ നല്‍കി എല്‍സിസി വ്യത്യസ്തമാകുന്നത്.

പത്തിലൊന്ന് ചികിത്സാ ചെലവില്‍ കാര്‍-ടി സെല്‍ തെറാപ്പി

ലിംഫോമ, അല്ലെങ്കില്‍ ലുക്കീമിയ പോലുള്ള ചില പ്രത്യേക തരം ക്യാന്‍സറുകള്‍ക്ക് നല്‍കുന്ന അത്യാധുനിക ചികിത്സാ രീതിയാണ് കാര്‍ ടി (CART) സെല്‍ തെറാപ്പി. കീമോ തെറാപ്പിയോട് പ്രതികരിക്കാത്തതോ, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റിന് ശേഷം വീണ്ടും വന്നതോ ആയ ക്യാന്‍സറുകള്‍ക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.ഈ പ്രക്രിയയില്‍ രോഗിയുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളെ ലാബില്‍ വച്ച് ജനിതക മാറ്റം വരുത്തി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ പ്രാപ്തമാക്കുന്നു. പിന്നീട് ഇവ തിരികെ ശരീരത്തിലേക്ക് കടത്തിവിട്ട് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. കേരളത്തില്‍ ഈ ചികിത്സ ലഭ്യമായ ചുരുക്കം കേന്ദ്രങ്ങളില്‍ ഒന്നാണ് ലിസി ക്യാന്‍സര്‍ സെന്റര്‍. രാജ്യാന്തര തലത്തിലുള്ള ചികിത്സാ ചെലവിന്റെ പത്തിലൊന്ന് ചെലവില്‍ ലിസിയില്‍ ഈ സൗകര്യം ലഭ്യമാക്കുന്നു.

ഹെമറ്റോ ഓങ്കോളജി-സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് സേവനം

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന വിധത്തില്‍ സജ്ജീകരിച്ച അത്യാധുനിക സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് സംവിധാനം ലിസി ഹോസ്പിറ്റലിന്റെ പ്രത്യേക വിഭാഗമാണ്. രക്തസംബന്ധമായ അസുഖങ്ങള്‍ക്കും ക്യാന്‍സറിനും ശാശ്വത പരിഹാരം ലക്ഷ്യമിട്ടുള്ള ഈ വിഭാഗത്തില്‍ മാച്ച്ഡ് റിലേറ്റഡ്, അണ്‍റിലേറ്റഡ്, ഹാപ്ലോഐഡന്റിക്കല്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റുകള്‍ നടത്തിവരുന്നു. കൂടാതെ, അഡ്വാന്‍സ്ഡ് സെല്ലുലാര്‍ തെറാപ്പിയുടെ ഭാഗമായി വിപ്ലവകരമായ കാര്‍-ടി സെല്‍ തെറാപ്പിയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

(ധനം മാഗസീന്‍ 2026 ഫെബ്രുവരി 28 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT