ആശുപത്രി സമുച്ചയം, ഇൻസൈറ്റിൽ റവ. ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി, ഡയറക്റ്റര്‍&സിഇഒ, എല്‍എഫ് ഹോസ്പിറ്റല്‍ 
Business Kerala

ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍; നവതിയുടെ നിറവില്‍

1936-ല്‍ ഒരു ഡോക്ടറും നാല് കിടക്കകളുമായി തുടക്കമിട്ട ക്ലിനിക്ക് ഇന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വളര്‍ന്നിരിക്കുന്നു. എല്‍എഫ് കണ്ണാശുപത്രി വജ്ര ജൂബിലിയുടെ നിറവിലും.

Dhanam News Desk

ആശ്രയത്തിനായി ഒരു ജനത വഴിതേടി. ആ വിളികേട്ട് 90 വര്‍ഷം മുമ്പ് അങ്കമാലിയില്‍ തുടക്കമിട്ട ഒരു ചെറു ക്ലിനിക്ക് ഇന്ന് സംസ്ഥാനത്തെ മികവുറ്റ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ നിരയിലുണ്ട്. അങ്കമാലിയിലെ ജനങ്ങളുടെ ആവശ്യമറിഞ്ഞ് എറണാകുളം അതിരൂപതയുടെ അന്നത്തെ മെത്രാന്‍ മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലാണ് ആശുപത്രി തുടങ്ങാന്‍ മുന്നിട്ടിറങ്ങിയത്. അതിന് മുമ്പ് ധര്‍മഗിരിയില്‍ ആശുപത്രി സ്ഥാപിച്ച് അനുഭവസമ്പത്തുള്ള ഫാ. ജോസഫ് പഞ്ഞിക്കാരനെ അതിനായി ചുമതലപ്പെടുത്തുകയും ചെയ്തു.

1936 ഫെബ്രുവരി നാലിന് ഒരു ഡോക്ടറും ഒരു നേഴ്സും ഒരു കമ്പോണ്ടറും നാല് കിടക്കകളുമായി വാടക കെട്ടിടത്തില്‍ തുടങ്ങിയ ക്ലിനിക്ക്, ഇന്ന് നവതി വര്‍ഷത്തില്‍ 30ലേറെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകളും ബ്ലഡ് ബാങ്കും സുസജ്ജമായ ലബോറട്ടറി സൗകര്യങ്ങളും 24 മണിക്കൂറും സര്‍ജറി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സേവനങ്ങളും നല്‍കും വിധം മള്‍ട്ടി സ്പെഷ്യാലിറ്റിയായി വളര്‍ന്നിരിക്കുന്നു.

''അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയെ കണ്ണാശുപത്രിയെന്നാണ് പൊതുവെ ആളുകള്‍ വിശേഷിപ്പിക്കാറെങ്കിലും നവതി വര്‍ഷത്തില്‍ സുസജ്ജമായ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും റിസര്‍ച്ച് സെന്ററുമാണ് ഇത്,'' ട്രസ്റ്റി ഫാ. ജേക്കബ് ജി പാലക്കപ്പിള്ളി പറയുന്നു.

ഫാ. ജോസഫ് പഞ്ഞിക്കാരന്റെ നേതൃമികവും അങ്കമാലി ജനതയുടെ അകമഴിഞ്ഞ പിന്തുണയും കൊണ്ട് പടിപടിയായി വളര്‍ന്ന ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ഇന്ന് കാര്‍ഡിയോ തൊറാസിക് സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍, ജനറല്‍ മെഡിസിന്‍, ഗ്യാസ്ട്രോഎന്ററോളജി, ജനറല്‍ സര്‍ജറി, ഹീമറ്റോ-ഓങ്കോളജി, നിയോനേറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസര്‍ജറി, ഗൈനക്കോളജി എന്നുവേണ്ട എല്ലാവിധ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുണ്ട്.

തുടക്കത്തില്‍ ഒരു ദശാബ്ദത്തിലേറെക്കാലം ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയെ നയിച്ച ഫാ. ജോസഫ് പഞ്ഞിക്കാരന്‍ ആതുരസേവനത്തിനായി ദി മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ്. ജോസഫ് (എംഎസ്ജെ) എന്നൊരു കോണ്‍ഗ്രിഗേഷന് തുടക്കമിട്ടു. ആ സഭയിലെ സിസ്റ്റര്‍മാരാണ് എല്‍എഫില്‍ നേഴ്സിങ് സേവനം നടത്തിയിരുന്നത്. ഇന്ന് ഇവരെ കൂടാതെ മറ്റ് സഭകളില്‍ നിന്നുള്ള സന്യാസിനിമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഏതാണ്ട് 50ഓളം സന്യാസിനികള്‍ ഇപ്പോള്‍ ഇവിടെ സേവനരംഗത്തുണ്ട്.

ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിക്ക് വജ്ര ജൂബിലി തിളക്കം

1964ലാണ് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നേത്ര ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത്. ഡോ. എം.എസ് ശുക്ലയായിരുന്നു ആദ്യ ഡോക്ടര്‍. 1967ല്‍ ഡോ. ടോണി ഫെര്‍ണാണ്ടസ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വളര്‍ച്ചക്ക് പ്രധാന കാരണമായി. പിന്നീട് പ്രഗത്ഭരായ ഒട്ടേറെ ഡോക്ടര്‍മാരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി എല്‍എഫ് ഒഫ്ത്താല്‍മിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റവും മികച്ച നേത്ര ചികിത്സാ കേന്ദ്രത്തിന്റെ നിരയിലേക്ക് വളര്‍ന്നു.

വജ്രജൂബിലി വര്‍ഷത്തില്‍ ഫാ. ജേക്കബ് ജി പാലക്കപ്പിള്ളിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് സ്ഥാപനം വളരുകയാണ്. നേത്ര ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായ കാലത്ത് തുടക്കമിട്ട ഈ ആശുപത്രി, സംസ്ഥാനത്ത് ആദ്യ കണ്ണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ കേന്ദ്രം കൂടിയാണ്. വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നേത്രരക്ഷാ പദ്ധതി, ഗ്രാമങ്ങളില്‍ സൗജന്യ തിമിര നിര്‍ണയ ശസ്ത്രക്രിയ ക്യാമ്പുകള്‍ എന്നിവയെല്ലാം സംസ്ഥാനത്ത് ആദ്യമായി കൊണ്ടുവന്നത് എല്‍എഫാണ്. മികച്ച നേത്ര ബാങ്കിനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടുവട്ടം ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നുപോലും കണ്ണ് ശസ്ത്രക്രിയക്ക് ഇവിടെ രോഗികളെത്തുന്നു.

നേത്ര ചികിത്സയിലെ സൂപ്പര്‍ സബ് സ്പെഷ്യാലിറ്റി ക്ലിനിക്കുകളായ റെറ്റിന ക്ലിനിക്ക്, യുവിയ, ഗ്ലോക്കോമ, കാറ്ററാക്ട്, പീഡിയാട്രിക് ഒഫ്ത്താല്‍മോളജി, ന്യൂറോ ഒഫ്ത്താല്‍മോളജി, കോര്‍ണിയ ക്ലിനിക്ക്, കോങ്കണ്ണ് ക്ലിനിക്ക്, ഓര്‍ബിറ്റ്്&ഒക്യൂലോപ്ലാസ്റ്റി, ലോ വിഷന്‍ ക്ലിനിക്ക് എന്നിവ ആദ്യം തുടങ്ങിയത് ഇവിടെയാണ്. റിഫ്രാക്ടീവ് സര്‍ജറി കേരളത്തില്‍ ആദ്യം ആരംഭിച്ചതും സംസ്ഥാനത്ത് ആദ്യ ഒഫ്ത്താല്‍മിക് ലേസര്‍ യൂണിറ്റ് ആരംഭിച്ചതും ഇവിടെ തന്നെ. നേത്ര ചികിത്സക്ക് രാജ്യാന്തര നിലവാരമുള്ള സംവിധാനം ഇവിടെ സുസജ്ജമാണ്.

നേത്ര ചികിത്സയുമായി ബന്ധപ്പെട്ട തുടര്‍വിദ്യാഭ്യാസത്തിനും ആരംഭം കുറിച്ചത് എല്‍എഫ് ആണ്. കേരള യൂണിവേഴ്സിറ്റി ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ്, എംജി യൂണിവേഴ്സിറ്റി എന്നിവയുടെ അംഗീകാരത്തോടെ പാരാമെഡിക്കല്‍ കോഴ്സുകള്‍ ഇവിടെയാണ് ആദ്യം ആരംഭിച്ചത്. ഇന്ന് നേത്ര ചികിത്സ വിദഗ്ധര്‍ക്കായുള്ള പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്സുകളും വിവിധ സബ് സ്പെഷ്യാലിറ്റികളില്‍ ഫെലോഷിപ്പുകളുമുണ്ട്.

ജര്‍മനിയിലെ സിബിഎം ഇന്റര്‍നാഷണല്‍, അമേരിക്കയിലെ ഓര്‍ബിസ് ഇന്റര്‍നാഷണല്‍, കനേഡിയന്‍ ഏജന്‍സിയായ ഓപറേഷന്‍ ഐസൈറ്റ് എന്നിവ എല്‍എഫുമായി സഹകരിക്കുന്നുണ്ട്. ഇത് എല്‍എഫിനെ ലോകോത്തര നിലവാരത്തിലെത്താന്‍ സഹായിക്കുന്നു. നേത്ര ചികിത്സാ സൗകര്യം കൂടുതല്‍ പേരിലെത്തിക്കാന്‍ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലായി ആറ് വിഷന്‍ സെന്ററുകള്‍ നടത്തുന്നുണ്ട്.

റവ. ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി, ഡയറക്റ്റര്‍&സിഇഒ, എല്‍എഫ് ഹോസ്പിറ്റല്‍

നമ്മുടെ നാട്ടില്‍ പ്രധാനമായും ഇനി മൂന്ന് തരത്തിലുള്ള ആശുപത്രികളാകും ഉണ്ടാവുക. സര്‍ക്കാര്‍ ആശുപത്രികള്‍, കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രികള്‍, ട്രസ്റ്റുകളും മതസംഘടനകളും ഒക്കെ നടത്തുന്ന മിഷന്‍ ആശുപത്രികള്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്രയമാവുക മിഷന്‍ ആശുപത്രികളാവും. വിദ്യാഭ്യാസവും രോഗീപരിചരണവും ക്രിസ്തുവിന്റെ ഉദ്ബോധനങ്ങളാണ്. അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിലുള്ള ആശുപത്രികള്‍ അക്ഷരാര്‍ഥത്തില്‍ രാഷ്ട്രനിര്‍മാണത്തിലാണ് പങ്കാളികളാകുന്നത്. ഇത് ഞങ്ങള്‍ക്ക് ബിസിനസല്ല.

ഇത്തരം ആശുപത്രികള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയും അത്യാവശ്യമാണ്. ജനറിക് മരുന്നുകള്‍ ന്യായവിലയില്‍ ലഭ്യമാക്കുകയും കോര്‍പറേറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തയാറാവുകയും വേണം. വിദേശനിര്‍മിത ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ധര്‍മാശുപത്രികള്‍ക്ക് ഇളവുകള്‍ നല്‍കണം. എങ്കില്‍ മാത്രമെ സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ താങ്ങാവുന്ന നിരക്കില്‍ നല്‍കാനാവൂ.

റിസര്‍ച്ച് സെന്റര്‍

610 പേര്‍ക്ക് കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ള എല്‍എഫില്‍ പ്രതിദിനം ചികിത്സ തേടി 2000ല്‍ പരം പേരാണെത്തുന്നത്. 200ലേറെ ഡോക്ടര്‍മാരുണ്ട്. ''അത്യാധുനിക ആതുരസേവനം നല്‍കുന്നതിനൊപ്പം ഇവിടം ഇന്ന് റിസര്‍ച്ച് സെന്ററുമാണ്. ഒട്ടേറെ റിസര്‍ച്ച് പേപ്പറുകള്‍ ഡോക്ടര്‍മാര്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്'' ഫാ. ജേക്കബ് ജി പാലക്കപ്പിള്ളി ചൂണ്ടിക്കാട്ടുന്നു.

പ്രൊഫസര്‍ ഡോ. ജെ.കെ മുക്കാടന്റെ നേതൃത്വത്തിലാണ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വിവരങ്ങള്‍ക്ക്: 94469 30716.

(ധനം മാഗസീന്‍ 2026 ഫെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT