രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ വാണിജ്യ പാചകവാതക വിതരണത്തിലുണ്ടായ വന്‍ കുറവ് ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പല ഭക്ഷണശാലകളും പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കാനോ ഭാഗികമായി അടച്ചിടാനോ നിര്‍ബന്ധിതരായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, പാചകവാതകത്തിന്റെ കൃത്യമായ വിതരണം ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 'അവശ്യ സാധന നിയമം' (Essential Commodities Act) നടപ്പിലാക്കി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ നഗരത്തിലെ പല റെസ്റ്റോറന്റുകളും പാചകവാതകം ലാഭിക്കുന്നതിനായി പാകം ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുന്ന ദാല്‍ മഖ്നി, റാവ ദോശ തുടങ്ങിയ വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കി.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ ഐടി നഗരങ്ങളില്‍ ഉച്ചഭക്ഷണ സമയത്ത് പോലും സിലിണ്ടറുകള്‍ തീര്‍ന്നുപോകുന്ന അവസ്ഥയാണെന്ന് ഉടമകള്‍ പരാതിപ്പെടുന്നു. സിലിണ്ടറുകള്‍ക്കായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്നത് ചെലവ് വര്‍ധിപ്പിക്കുന്നുമുണ്ട്.
ഹോട്ടല്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കാത്തതിനാല്‍ കേരളത്തിലും ഹോട്ടലുകള്‍ അടച്ചു പൂട്ടികൊണ്ടിരിക്കുകയാണെന്ന് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.
നിലവില്‍ ഹോട്ടലുകളില്‍ സ്റ്റോക്കുള്ള സിലിണ്ടറുകള്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകളും അടച്ചിടേണ്ടിവരും. ഇന്ധനപ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്നഭ്യര്‍ത്ഥിച്ച് സംഘടന പ്രധാനമന്ത്രിക്കും, പെട്രോളിയം മന്ത്രിക്കും, മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ അടച്ചിട്ടാല്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പതിനായിരങ്ങള്‍ക്ക് തൊഴിലില്ലാതാവും.
പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച്, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, രോഗികളടക്കമുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അതിരൂക്ഷമായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കെന്നപോലെ ഹോട്ടലുകള്‍ക്കും പാചകവാതകം അവശ്യവസ്തുവായി പരിഗണിച്ച് വിതരണം ചെയ്യുവാനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും ആവശ്യപ്പെട്ടു
വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തിലുണ്ടായ തടസത്തെത്തുടര്‍ന്ന് ഇന്ന് മുതല്‍ ബെംഗളൂരുവിലെ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ബാംഗ്ലൂര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഗ്യാസ് വിതരണം സാധാരണ നിലയിലാകുന്നത് വരെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധി നേരിടുമെന്നാണ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറയുന്നത്. 70 ദിവസത്തേക്ക് ഗ്യാസ് വിതരണത്തില്‍ തടസമുണ്ടാകില്ലെന്ന് എണ്ണക്കമ്പനികള്‍ ഉറപ്പുനല്‍കിയിരുന്നിട്ടും, പെട്ടെന്നുണ്ടായ ഈ വിതരണ സ്തംഭനം നഗരത്തിലുടനീളമുള്ള ഹോട്ടല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
വാണിജ്യ പാചകവാതകത്തിന്റെ തടസമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചെന്നെ ഹോട്ടല്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
മുംബൈയില്‍ ഏകദേശം 20 ശതമാനത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇതിനോടകം തന്നെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് വ്യവസായ മേഖലയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്ഷാമം തുടരുകയാണെങ്കില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മുംബൈയിലെ എല്ലാ റെസ്റ്റോറന്റുകളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പറയുന്നത്.
വിതരണത്തില്‍ ചില സാങ്കേതിക തടസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ രാജ്യം പാചകവാതക ക്ഷാമം നേരിടുന്നില്ലെന്നുമാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രതികരിച്ചത്. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ വിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
എല്‍പിജി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ആഭ്യന്തര ഉപഭോഗത്തിന് മുന്‍ഗണന നല്‍കാനും സര്‍ക്കാര്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് കൂടാതെ, പൂഴ്ത്തിവെപ്പ് തടയുന്നതിനായി ബുക്കിംഗുകള്‍ക്കിടയില്‍ 25 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാണിജ്യ മേഖലകളില്‍ നിന്നുള്ള വിതരണ അഭ്യര്‍ത്ഥനകള്‍ പരിശോധിക്കുന്നതിനായി ഒരു സമിതിയും രൂപീകരിച്ചു. നിലവിലുള്ള പ്രതിസന്ധികള്‍ക്കിടയില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാവശ്യ മേഖലകള്‍ക്ക് ആവശ്യമായ വിതരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 31.3 ദശലക്ഷം ടണ്‍ എല്‍പിജി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ 87 ശതമാനവും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ബാക്കി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടുന്ന വാണിജ്യ മേഖലയിലുമാണ് ഉപയോഗിക്കുന്നത്. ഈ മൊത്തം ആവശ്യകതയുടെ 62 ശതമാനവും ഇറക്കുമതിയിലൂടെയാണ് രാജ്യം കണ്ടെത്തുന്നത്. ഇറാനുമേലുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണവും തുടര്‍ന്നുണ്ടായ പ്രത്യാക്രമണവും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിന് കാരണമായി. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 85-90 ശതമാനവും നടന്നിരുന്നത് ഈ പാതയിലൂടെയായിരുന്നു.
ഇന്ധനവില വര്‍ദ്ധനവിനും പണപ്പെരുപ്പത്തിനും പിന്നാലെ പാചകവാതക വിതരണത്തിലുണ്ടാകുന്ന ഇത്തരം പാളിച്ചകള്‍ സേവന മേഖലയെ സാരമായി ബാധിക്കും. ഉത്സവ സീസണിലേക്ക് കടക്കാനിരിക്കെ വിതരണ ശൃംഖലയിലെ ഇത്തരം വിള്ളലുകള്‍ പരിഹരിച്ചില്ലെങ്കില്‍ ഹോട്ടല്‍ വിഭവങ്ങളുടെ വില ഉയരാനും അത് സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കാനും സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine