Image : Canva 
Business Kerala

ഓണക്കാലത്ത് വിലക്കുറവില്‍ സ്വര്‍ണം വാങ്ങാന്‍ അവസരമോ? പവന്‍ വിലയില്‍ ഇന്ന് 680 രൂപയുടെ കുറവ്

ഇടവേളയ്ക്ക് ശേഷം വെള്ളി വിലയിലും കുറവ്‌

Resya Raveendran

തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം സ്വര്‍ണ വില താഴേക്ക്. ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,205 രൂപയും പവന് 680 രൂപ താഴ്ന്ന് 1,13,640 രൂപയുമായി. ഓണം പടിവാതിലില്‍ എത്തിനില്‍ക്കെയുള്ള കുറവ് മലയാളികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് പവന് 2,200 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്നത്തെ കുറവ്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,670 രൂപയായി. 14 കാരറ്റിന് 55 രൂപ താഴ്ന്ന് 9,09 രൂപയും ഒമ്പത് കാരറ്റിന് 35 രൂപ താഴ്ന്ന് 5,860 രൂപയുമാണ് വില. ദിവസങ്ങള്‍ക്കു ശേഷം വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 245 രൂപയിലാണ് ഇന്ന് വ്യാപാരം.

ബോണ്ട് വീഴ്ച തുണയായി

രാജ്യാന്തര വിപണിയിലുണ്ടായ പെട്ടെന്നുള്ള സാമ്പത്തിക ചലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വര്‍ണവില കുറയാന്‍ പ്രധാന കാരണമായത്. യുഎസിന്റെ 30-വര്‍ഷ ബോണ്ട് യീല്‍ഡ് 19 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.3 ശതമാനത്തിലെത്തി. ബോണ്ടുകളില്‍ നിന്നുള്ള ആദായനിരക്ക് (Yield) ഉയര്‍ന്നതോടെ, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് ബോണ്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

ഇറാനെതിരായ യുദ്ധത്തെത്തുടര്‍ന്ന് യുഎസിന്റെ സാമ്പത്തിക സ്ഥിതി വഷളാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതോടെ നിക്ഷേപകര്‍ അമേരിക്കന്‍ കടപ്പത്രങ്ങള്‍ (ബോണ്ടുകള്‍) വലിയതോതില്‍ വിറ്റൊഴിയാന്‍ തുടങ്ങിയത് ആഗോള വിപണിയെ ഉലച്ചു. യുഎസ് ട്രഷറി ബോണ്ടുകളിലെ വന്‍കിട നിക്ഷേപകരായ ചൈന, ജപ്പാന്‍, യുകെ തുടങ്ങിയ മുന്‍നിര രാജ്യങ്ങള്‍ അവരുടെ നിക്ഷേപം വലിയതോതില്‍ വെട്ടിക്കുറച്ചതും ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി. ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും യുഎസ് സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം അന്താരാഷ്ട്ര തലത്തില്‍ ഓഹരി വിപണിയോടൊപ്പം സ്വര്‍ണവിലയിലും വന്‍ തോതിലുള്ള ഇടിവ് സംഭവിച്ചു.

യുദ്ധച്ചെലവുകള്‍ കുതിച്ചുയര്‍ന്നതും ക്രൂഡോയില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് പണപ്പെരുപ്പം ഉയര്‍ന്നതും ആഗോള സാമ്പത്തിക വിപണിയെ സങ്കീര്‍ണമാക്കുകയും വിലനിലവാരത്തെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

ആഭരണം വാങ്ങുന്നവര്‍ അറിയാന്‍

വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുക. ഇത് പ്രകാരം ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,23,068 രൂപയാകും. ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT