പണി പൂര്‍ത്തിയാകുന്ന ലുലു ഇന്‍ഫ്രബില്‍ഡ് ഇരട്ട ടവറുകള്‍ 
Business Kerala

കൊച്ചിയില്‍ ഉയരുന്നു ലുലുവിന്റെ വമ്പന്‍ ഇരട്ട ഐ.ടി ടവര്‍; തുറക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍

നിര്‍മ്മാണം അന്തിമഘട്ടത്തില്‍, താത്പര്യം അറിയിച്ച് മള്‍ട്ടിനാഷണല്‍ കമ്പനികള്‍

Resya Raveendran

ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. 12.74 ഏക്കറില്‍ 33 ലക്ഷം ചതുരശ്ര ടിയില്‍ 30 നിലകളിലായി ഒരുങ്ങുന്ന ഇരട്ട ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനം പൂര്‍ത്തിയാതായി ലുലു ഐ.ടി ഇന്‍ഫ്രബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ അഭിലാഷ് വലിയവളപ്പില്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു.

ഫയര്‍ എന്‍.ഒ.സിക്ക് ഇതിനകം തന്നെ അപേക്ഷിച്ചിട്ടുണ്ട്. അത് കിട്ടിയാലുടന്‍ ഏകജാലക സംവിധാനം വഴി ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം. ജൂണ്‍ അവസാനത്തോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷമേ കമ്പനികള്‍ക്ക്‌ ലീസ് എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കാനാകൂ. ഒക്ടോബര്‍-നവംബറോടെ ഇരട്ട ടവറുകള്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

153 മീറ്ററാണ് ടവറിന്റെ ഉയരം. മുപ്പതിനായിരം ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റുന്ന സ്‌പേസാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 1,400 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പലതും ഇതിനകം തന്നെ സൈറ്റ് സന്ദര്‍ശിക്കുകയും ഇവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായും അഭിലാഷ് പറഞ്ഞു.

വിശാലമായ ലോകം

ഗ്രാന്‍ഡ് എന്‍ട്രി ലൗഞ്ച്‌ മുതല്‍ എല്ലായിടങ്ങളും വളരെ വിശാലമായാണ് ഒരുക്കുന്നത്. 2,000ത്തോളം സീറ്റുകളുള്ള ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള ക്രഷ് സൗകര്യം, ജിം, റീറ്റെയ്ല്‍ സ്‌പേസ്, കഫേ,  ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, മാലിന്യ സംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയെല്ലാം ഇരട്ട ടവറുകളിലുണ്ടാകും.

3000ത്തില്‍ പരം കാറുകള്‍ക്കുള്ള റോബോട്ടിക് കാര്‍പാര്‍ക്കിംഗ് സൗകര്യമാണ് മറ്റൊരു പ്രത്യേകത. കാര്‍ പാര്‍ക്കിംഗ് പരിമിതികള്‍ ഒഴിവാക്കാനായി നൂതന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പല നിലകളിലായി കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതു പോലെ വിവിധ റാക്കുകളിലായി കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. മൊത്തം ടവറില്‍ 4,400 ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും.

ലക്ഷ്യം ഒരു ലക്ഷംപേര്‍ക്കുള്ള തൊഴിലിടം

ഐ.ടി ഇന്‍ഫ്‌സ്ട്രക്ചര്‍ രംഗത്ത് മറ്റ് പല പ്രോജക്ടുകളും ലുലു ഗ്രൂപ്പ് നിലവില്‍ നടത്തുന്നുണ്ട്‌. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ വണ്‍, സൈബര്‍ ടവര്‍ 2 എന്നിവ പൂര്‍ണ ശേഷിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സൈബര്‍ പാര്‍ക്ക് ടവര്‍ 2ല്‍ മിച്ചമുണ്ടായിരുന്ന സ്ഥലം അടുത്തിടെ ഐ.ടി രംഗത്തെ മുന്‍നിര കമ്പനിയായ ഐ.ബി.എം എടുത്തിരുന്നു. ഹൈടെക് ലാബ് സജ്ജമാക്കാനായി നാല് ഫ്‌ളോറുകളിലായി 3.4 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐ.ബി.എം ഏറ്റെടുത്തത്. 

ലുലു സൈബര്‍ പാര്‍ക്കിന്റെ ഇരു ടവറുകളിലുമായി നിലവില്‍ 15,000ത്തോളം പേര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിനു പുറമെയാണ് ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റിയില്‍ 30,000 പേര്‍ക്കുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാവുന്ന ലെവലിലേക്ക് ലുലു ഐ.ടി പാര്‍ക്കിനെ ഉയര്‍ത്തുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായി പുതിയ സ്ഥലങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനായി ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി അധികാരികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അഭിലാഷ് പറഞ്ഞു.

ഐ.ടി വിദ്യര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ ജോലി ചെയ്യാവുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ സാരഥി എം.എ യൂസഫലിയുടെ വിഷന്റെ ഭാഗമായാണ് ഐ.ടി ടവറുകള്‍ ഒരുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT