Business Kerala

ലുലുവിന്റെ ഇരട്ട വിസ്മയം ജൂണ്‍ 28ന് മിഴി തുറക്കും; 30 നിലകള്‍, 4500 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം, 30,000 ഐ.ടി പ്രഫഷണലുകള്‍ക്ക് ജോലി, മലയാളികളെ അമ്പരപ്പിക്കാന്‍ യൂസഫലി

നിലവില്‍ നാല് കമ്പനികള്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, ഇതുവഴി 2,500 പേര്‍ക്ക് തൊഴില്‍ ലഭിക്കും

Resya Raveendran

ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ ഉദ്ഘാടനം ജൂണ്‍ 28ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനം.

12.74 ഏക്കറില്‍ 35 ലക്ഷം ചതുരശ്ര അടിയില്‍ 30 നിലകളിലായി ഒരുങ്ങുന്ന ഇരട്ട ടവര്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങളോട് കിടപിടിക്കുന്നതാണ്‌. 152 മീറ്റര്‍ ഉയരമുള്ള ഇരട്ടടവറുകളില്‍ 25,000-30,000 ഐ.ടി പ്രഫഷണലുകള്‍ക്ക് ജോലി ചെയ്യാനാകും. 25 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസ് സ്‌പേസിനായി ഒരുക്കിയിരിക്കുന്നത്.

രാജ്യാന്തര കമ്പനികള്‍ ഒരുങ്ങി

രാജ്യാന്തര കമ്പനികള്‍ പലതും ഇവിടെ ഓഫീസ് തുറന്നു കഴിഞ്ഞു. ഇഎക്‌സ്എല്‍ (EXL), ഒപി.ഐ (OPI), സെല്ലീസ് (Zellis), ഗള്‍ഫ് ആസ്ഥാനമായ ഡൈനാമെഡ് (Dynamed) എന്നീ കമ്പനികള്‍ അവരുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇവരിലൂടെ മാത്രം തുടക്കത്തില്‍ തന്നെ 2,500 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതുകൂടാതെ ആറോളം പ്രമുഖ ഐ.ടി കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ആഡംബര ഹോട്ടലുകളെയും വെല്ലുന്ന സൗകര്യങ്ങള്‍

പോഡിയം മുതല്‍ അമിനിറ്റി ബ്ലോക്കുകള്‍ ഉള്‍പ്പെടെ 30 ഫ്‌ളോറുകളാണ് ഈ ടവറുകളിലുള്ളത്. ഗ്രൗണ്ട് ഫ്‌ളോര്‍ അടക്കം നാല് ഫ്‌ളോറുകള്‍ അമിനിറ്റിക്കായി നീക്കിവച്ചിരിക്കുന്നു. 67 അതിവേഗ ലിഫ്റ്റുകള്‍, 12 എസ്‌കലേറ്ററുകള്‍ എന്നിവയും ഈ ഇരട്ട ടവറുകളിലുണ്ട്.

2,500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള ക്രഷ് സൗകര്യം, ബാങ്കുകള്‍, എ.ടിഎമ്മുകള്‍, ഡിസ്‌പ്ലേ കിയോസ്‌കുകള്‍, ജിം, റീറ്റെയ്ല്‍ സ്‌പേസ്, കഫേ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, 600 പേരെ ഉള്‍ക്കൊള്ളാവുന്ന കോണ്‍ഫറന്‍സ്ഹാള്‍, വമ്പന്‍ ഓഡിറ്റോറിയം കേന്ദ്രീകൃത എ.സി, മാലിന്യ സംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയെല്ലാം ഇരട്ട ടവറുകളിലുണ്ടാകും.

4,500 കാറുകള്‍ പാര്‍ക്ക് ചെയ്യാം

3200ത്തില്‍ പരം കാറുകള്‍ക്കുള്ള റോബോട്ടിക് കാര്‍ പാര്‍ക്കിംഗ് സൗകര്യമാണ് മറ്റൊരു പ്രത്യേകത. കാര്‍ പാര്‍ക്കിംഗ് പരിമിതികള്‍ ഒഴിവാക്കാനായി നൂതന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പല നിലകളിലായി കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതു പോലെ വിവിധ റാക്കുകളിലായി കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. 1,200 സാധാരണ കാര്‍ പാര്‍ക്കിംഗ് സൗകര്യത്തിനു പുറമെയാണിത്. മൊത്തം ടവറില്‍ 4,500 ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും.

കേരളത്തില്‍ തൊഴില്‍ ഉറപ്പാക്കാന്‍ ലുലു ഐ.ടി പാര്‍ക്‌സ്‌

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഐക്കോണിക് ആയ ഐ.ടി ടവര്‍ കൊച്ചിയില്‍ തുറക്കുക എന്ന ലുലുവിന്റെ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

രണ്ടാം നിര നഗരങ്ങളില്‍ കൊച്ചിയുടെ ഭാവി മുന്നില്‍ കണ്ടാണ് ലുലു ഇത്രയും ബ്രഹത്തായ പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ വിദ്യാസമ്പന്നര്‍ ആയ മലയാളി കുട്ടികള്‍ക്ക്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ മാന്യമായ ശമ്പളത്തില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അരലക്ഷം ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാവുന്ന ലെവലിലേക്ക് ലുലു ഐ.ടി പാര്‍ക്കിനെ ഉയര്‍ത്തുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. നിലവില്‍ ലുലുവിന്റെ രണ്ട് ഐ.ടി പാര്‍ക്കിലുമായി 14,000 ഐ.ടി പ്രൊഫഷണലുകള്‍ ജോലിചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ഇരട്ട ടവറുകളില്‍ ഒരുങ്ങുന്ന തൊഴിലവസരം.

Lulu Group is launching Kerala's tallest twin IT towers in Kochi on June 28, aiming to become South India's most iconic IT hub.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT