Business Kerala

ലുലു റീറ്റെയ്‌ലിന്റെ ലാഭത്തില്‍ 16 ശതമാനം വര്‍ധന, സൗദിയില്‍ നിന്നുള്ള വരുമാനവും വര്‍ധിച്ചു, 20 പുതിയ സ്‌റ്റോറുകള്‍ തുറക്കും

ലുലുവിന്റെ ഇ കൊമേഴ്‌സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ മികച്ച വളര്‍ച്ച നേട്ടത്തിന് കരുത്തേകി , ജനുവരി-മാര്‍ച്ച് പാദത്തില്‍ അഞ്ച് സ്റ്റോറുകള്‍ തുറന്നു

Dhanam News Desk

ലുലു റീറ്റെയ്ല്‍ ഹോള്‍ഡിംഗ്‌സ് 2025 വര്‍ഷത്തിന്റെ ആദ്യ പാദമായ ജനുവരി-മാര്‍ച്ചില്‍ 16 ശതമാനം വര്‍ധനവോടെ 69.7 മില്യണ്‍ ഡോളറിന്റെ ലാഭം രേഖപ്പെടുത്തി. വരുമാനം ഇക്കാലയളവില്‍ 7.3 ശതമാനം വളര്‍ച്ചയോടെ 2.1 ബില്യണ്‍ ഡോളര്‍ ആയി. ലുലുവിന്റെ ഇ കൊമേഴ്‌സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ മികച്ച വളര്‍ച്ചയാണ് നേട്ടത്തിന് കരുത്തേകിയത്. 26 ശതമാനത്തോളം വളര്‍ച്ചയുമായി 93.4 മില്യണ്‍ ഡോളറിന്റെ വില്‍പ്പന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ നടന്നു. മൊത്തം വരുമാനത്തിന്റെ 4.7 ശതമാനവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ്. 6.4 ശതമാനം വളര്‍ച്ചയോടെ 214.1 മില്യണ്‍ ഡോളറാണ് എബിറ്റ്ഡ (EBITDA) മാര്‍ജിന്‍.

നിക്ഷേപകര്‍ ലുലുവില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്നും റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കി സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. പ്രൈവറ്റ് ലേബല്‍ - ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ സേവനമാണ് ലുലു നല്‍കുന്നത്. ജിസിസിയിലെ കൂടുതല്‍ ഇടങ്ങളിലേക്ക് സാന്നിദ്ധ്യം വര്‍ധിപ്പിക്കുമെന്നും നിക്ഷേപകര്‍ക്ക് കൂടുതല്‍ മികച്ച നേട്ടം ഉറപ്പാക്കുമെന്നും യൂസഫലി വ്യക്തമാക്കി.

കൂടുതല്‍ പുതിയ സ്റ്റോറുകള്‍

പ്രതീക്ഷിച്ചതിനുമപ്പുറം ലാഭവിഹിതം കുതിച്ചുയര്‍ന്നതോടെ കൂടുതല്‍ ഇടങ്ങളിലേക്ക് റീറ്റെയ്ല്‍ സേവനം വിപുലീകരിക്കാനൊരുങ്ങുകയാണ് ലുലു റീറ്റെയ്ല്‍. ഇതിന്റെ ഭാഗമായി ജിസിസിയിലെ 20 പുതിയ സ്ഥലങ്ങളില്‍ കൂടി പുതിയ സ്റ്റോറുകള്‍ തുറക്കും. ആദ്യ പാദത്തില്‍ മാത്രം അഞ്ച് പുതിയ സ്റ്റോറുകള്‍ ലുലു തുറന്നു. യുഎഇയില്‍ മാത്രം ആറ് ശതമാനത്തോളം വളര്‍ച്ച ലുലു നേടി. ഫ്രഷ് ഫുഡ് സെഗ്മെന്റില്‍ 15 ശതമാനത്തിലേറെയാണ് വളര്‍ച്ച. സൗദി അറേബ്യയിലും ഏറ്റവും മികച്ച നേട്ടമാണ് ലുലുവിന് ലഭിച്ചത്. പത്ത് ശതമാനത്തിലേറെ വരുമാന വര്‍ധനയാണ് സൗദി അറേബ്യയില്‍ ലുലുവിന് ഉള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT