Business Kerala

ഇലക്ട്രിക് വാഹന ഹബ്ബാകാന്‍ കേരളം; ഫാക്ടറി തുടങ്ങാന്‍ മഹീന്ദ്ര

ഇ-വെഹിക്കിളുകളുടെ സ്‌കില്ലിംഗ് അപ്പിന്റെ ഭാഗമായാണ് മഹീന്ദ്ര ടീം എത്തുന്നത്

Dhanam News Desk

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ കേരളത്തില്‍ ഇലക്ട്രിക് വാഹന നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച ഇത് സംബന്ധിച്ച് വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ സ്‌കില്ലിംഗ് അപ്പിന്റെ ഭാഗമായാണ്‌ അടുത്തയാഴ്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയെന്നും ഇതിനൊടൊപ്പം മാനുഫാക്ചറിംഗ് യൂണിറ്റിനെ കുറിച്ചും ചര്‍ച്ചചെയ്‌തേക്കാമെന്നും വ്യവസായ മന്ത്രി പി.രാജീവ് ധനം ഓണ്‍ലൈനിനോട് പറഞ്ഞു.

കൂടാതെ രാജ്യത്തിനു പുറത്തു നിന്നുള്ള ചില കമ്പനികളും കേരളത്തിലെ ഇ.വി വിപണി ലക്ഷ്യമിട്ട് ഇങ്ങോട്ടെത്താന്‍ നീക്കം നടത്തുന്നുണ്ടെന്നും അതെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മാനുഫാക്ചറിംഗ് ഹബാകാന്‍ കേരളം

വൈദ്യുത വാഹനവില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നതാണ് കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. ചര്‍ച്ചകള്‍ പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്ക് കുതിപ്പാകുമിത്. രാജ്യത്ത് വൈദ്യുത വാഹന വില്‍പ്പന ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വാഹന്‍ ഡാഷ്‌ബോര്‍ഡ് ലഭ്യമാക്കുന്ന കണക്കുകളനുസരിച്ച് 2024 ല്‍ കേരളത്തില്‍ വിറ്റഴിച്ച നാല് ചക്ര വാഹനങ്ങളില്‍ 5.8 ശതമാനവും ഇലക്ട്രിക് ആയിരുന്നു. ഹൈബ്രിഡ് വാഹനങ്ങളെ ഉള്‍പ്പെടുത്തിയാല്‍ ഇത് 18.5 ശതമാനം ആയി ഉയരും.

അതേസയമം കര്‍ണാടകയില്‍ വൈദ്യുത വാഹന പെനട്രേഷന്‍ 3.8 ശതമാനവും ഡല്‍ഹിയില്‍ 3 ശതമാനവുമാണ്. തമിഴ്‌നാട്, മഹാഷ്ട്ര എന്നിവിടങ്ങളില്‍ 2.9 ശതമാനമാണിത്.

വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ വരവും ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ വ്യാപാനവും കേരളത്തിന് ഈ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു. സംസ്ഥാന ഉടമസ്ഥതയിലുള്ള കേരള ഓട്ടോമൊബൈല്‍സ് ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണവുമായി ഈ മേഖലയില്‍ വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്. ഇതൊനൊപ്പം മറ്റ് കമ്പനികളും കേരളത്തില്‍ നിര്‍മാണ യൂണിറ്റുകളുമായെത്തിയാല്‍ അതിവേഗം മുന്നേറാന്‍ കേരളത്തിന് സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT