Image courtesy: bevco.in, Canva
Business Kerala

രണ്ടു മാസത്തിനകം 'മിന്നൽ മാജിക്' എത്തും! പ്രീമിയം വിപണി പിടിക്കാൻ സർക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ എന്തെല്ലാം?

പ്രീമിയം സെഗ്മെന്റിലെ വിപുലീകരണം നിലവിൽ വെല്ലുവിളിയാണെങ്കിലും ഭാവിയിൽ അത്തരം മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്

Sutheesh Hariharan

സര്‍ക്കാര്‍ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് (MDL) ഉല്‍പ്പാദിപ്പിക്കുന്ന ബ്രാൻഡി ആയ 'മിന്നൽ മാജിക്' (Minnal Magic) ഉടൻ വിപണിയിലെത്തുന്നു. ഈ മാസം ഉല്‍പ്പാദനം ആരംഭിച്ച് ജൂൺ-ജൂലൈ മാസങ്ങളിലായി ബെവ്കോ ഔട്ട്ലെറ്റുകളിൽ ഈ ബ്രാൻഡ് ലഭ്യമായിത്തുടങ്ങും. പ്രതിദിനം മൂന്ന് ഓട്ടോമാറ്റിക്ക് ലൈനുകളിലായി 13,500 കെയ്‌സുകളാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് ലൈനുകള്‍ക്കാണ് എക്സൈസ് അനുമതി ലഭിച്ചിരിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ മൂന്ന് ലൈനുകളിലാണ് ഉല്‍പ്പാദനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്.

ഉത്പാദനവും വിതരണവും

ആദ്യഘട്ടത്തിൽ അര ലിറ്റർ കുപ്പികളാണ് വിപണിയിലെത്തിക്കുന്നത്, ഇതിന് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ മാത്രമാണ് ഒരു ലിറ്റർ കുപ്പികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എംഡിഎല്‍ ജനറല്‍ മാനേജര്‍ സുഗുണന്‍ എസ്. ധനം ഓണ്‍ലൈനോട് പറഞ്ഞു. മലമ്പുഴ ഡാമിലെ റോ വാട്ടര്‍ ഡിഎം പ്ലാന്റ് വഴി ശുദ്ധീകരിച്ചാണ് ആദ്യഘട്ടത്തില്‍ ജലം ഉപയോഗിക്കുക. മഴവെളള സംഭരണിയിലൂടെ ശാശ്വത പരിഹാരം കണ്ടെത്താനാണ് തീരുമാനം, ഇതിന്റെ പ്രാരംഭ നടപടികള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് ജില്ലയുടെ കിഴക്കൻ ഭാഗമായ മേനോൻപാറയിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് 113 ഏക്കർ വിസ്തൃതിയിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്.

പ്രീമിയം ബ്രാൻഡുകൾ അവതരിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ

ഗവൺമെന്റ് നയം: സാധാരണക്കാരായ ഉപഭോക്താക്കളുടെ പോക്കറ്റിനെ ബാധിക്കാത്ത വിധം കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മദ്യം നൽകുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക നയം. സർക്കാർ ഉൽപ്പന്നമായ ജവാന് (Jawan) 650 രൂപയോളമാണ് വില. കെമിക്കൽ പരിശോധനകൾ കൃത്യമായി പൂർത്തിയാക്കി സുരക്ഷിതമായ മദ്യം ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാണ് മുൻഗണന.

നിലവിൽ വൻ ഡിമാൻഡുള്ള ജവാൻ പോലും വിപണിയിൽ പൂർണമായി എത്തിക്കാൻ സാധിക്കുന്നില്ല. സാധാരണക്കാർക്കിടയിൽ ജനപ്രിയമായ (Popular demand) ബ്രാൻഡുകൾക്കാണ് നിലവിൽ കൂടുതൽ വിപണി സാധ്യതയുള്ളത്.

തിരുവല്ലയിലെ ടിസിഎല്‍ കമ്പനിയാണ് ജവാന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ടിസിഎല്‍, എംഡിഎല്‍ എന്നീ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് മദ്യം ഉല്‍പ്പാദിപ്പിക്കുന്നത്.

വിപണിയിലെ മറ്റ് മാറ്റങ്ങൾ

പുതിയ ബ്രാൻഡ് എത്തുന്നതിനോടൊപ്പം തന്നെ, ചില ജനപ്രിയ മദ്യ ബ്രാന്‍ഡുകളുടെ വിലയിൽ ബെവ്കോ 10 രൂപ മുതൽ 50 രൂപ വരെ കുറച്ചിട്ടുണ്ട്. ചില കമ്പനികളുടെ ബ്രാന്‍ഡുകള്‍ വിപണിയിൽ നിന്ന് പിന്മാറുന്നതിന്റെ (Exit) ഭാഗമായും അധിക സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായുമാണ് ഇത്തരത്തിൽ വില കുറയ്ക്കാൻ സാധിച്ചത്.

മിന്നൽ മാജിക് എന്ന പുതിയ ബ്രാൻഡിലൂടെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രീമിയം സെഗ്മെന്റിലെ വിപുലീകരണം നിലവിൽ വെല്ലുവിളിയാണെങ്കിലും ഭാവിയിൽ അത്തരം മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT