സിറിള്‍ റോയി, ഹെര്‍മര്‍ച്ചീസ് ബാലന്‍ 
Business Kerala

യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍

യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് കരുത്തേകുന്ന സംരംഭം വികസിപ്പിച്ചതിനാണ് അംഗീകാരം

Dhanam News Desk

ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഔദ്യോഗിക എന്‍ഡോഴ്‌സ്‌മെന്റ് ബോഡി നല്‍കുന്ന ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് അര്‍ഹരായി മലയാളി സംരംഭകര്‍. യുകെ ഹോം ഓഫീസിന്റെ ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസ പ്രോഗ്രാമിന് കീഴിലുള്ള ഔദ്യോഗിക എന്‍ഡോഴ്‌സ്‌മെന്റ് ബോഡികളിലൊന്നായ എന്‍വെസ്റ്റേഴ്‌സ് ലിമിറ്റഡില്‍ നിന്നുള്ള പുരസ്‌കാരമാണ് കേരളത്തില്‍ നിന്നുള്ള ഹെര്‍മര്‍ച്ചീസ് ബാലനും സിറിള്‍ റോയിയും നേടിയത്.

യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിച്ചതിനാണ് ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് ഇവര്‍ അര്‍ഹരായത്. യുകെ ഗവണ്‍മെന്റ് നല്‍കുന്ന ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസയിലൂടെ ഇംഗ്ലണ്ടില്‍ എത്തുകയും ഇത്തരം ആശയങ്ങളെ മികച്ച സംരംഭമാക്കി മാറ്റുകയും ചെയ്യുന്നവരെയാണ് ഈ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. പത്ത് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750-ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് മലയാളി സംരംഭകര്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

യുകെ സ്റ്റാര്‍ട്ടപ് വിസ നേടിയ ഇന്ത്യയില്‍നിന്നുള്ള ചുരുക്കം സംരംഭകരില്‍ ഹെര്‍മര്‍ച്ചീസും സിറിളും ഉള്‍പ്പെടുന്നു. യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ വ്യക്തമായ മാറ്റമുണ്ടാക്കുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മെന്റര്‍ മെര്‍ലിന്‍ യുകെ ലിമിറ്റഡ് എന്ന ആരോഗ്യ സംരക്ഷണ പരിശീലന-സാങ്കേതിക കമ്പനി ഇവര്‍ സ്ഥാപിച്ചു. ഈ സംരംഭത്തിലൂടെ യുകെയില്‍ നിലവിലുണ്ടായിരുന്ന നഴ്‌സ് ക്ഷാമ പ്രതിസന്ധി മറികടക്കുന്നതിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയതിനും ഇതിലേക്കായി വികസിപ്പിച്ച സാങ്കേതിക വിദ്യകളെയും പരിഗണിച്ചാണ് ഈ അംഗീകാരം ഇവരിലേക്കെത്തിയത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ് ഹെര്‍മര്‍ച്ചീസ്. സിറിള്‍ കോട്ടയം കൈപ്പുഴ സ്വദേശിയാണ്.

2019 ല്‍ നിലവില്‍ വന്ന സ്റ്റാര്‍ട്ടപ്പ് വിസയ്ക്കും ഇന്നോവേറ്റര്‍ ഫൗണ്ടര്‍ വിസയ്ക്കുമായി ഇത്തരത്തില്‍ അവാര്‍ഡ് നല്‍കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടു തന്നെ തുടക്കം മുതലുള്ള എല്ലാ സംരംഭകരേയും അവാര്‍ഡിനായി പരിഗണിച്ചിരുന്നു. ഇതില്‍നിന്നാണ് ഹെര്‍മര്‍ച്ചീസിനെയും സിറിളിനെയും അവാര്‍ഡിനായി തിരഞ്ഞെടുത്തത് എന്നത് അംഗീകാരത്തിന്റെ തിളക്കം കൂട്ടുന്നു.

ഒപോര്‍ട്ടല്‍ എന്ന സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് മെന്റര്‍ മെര്‍ലിന്‍ വികസിപ്പിച്ചത്. നഴ്സ് റിക്രൂട്ട്മെന്റിന്റെ കാലതാമസം കുറയ്ക്കുക, മികച്ച ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുക, എന്‍എച്ച്എസ് തൊഴിലിനായി നഴ്‌സുമാരെ ബന്ധപ്പെടുത്തുക, പരിശീലന, യുകെയില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ബന്ധിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള പരിശീലന- പ്ലേസ്‌മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത ട്രാക്കിംഗ്, പരിശീലന പുരോഗതി, സംയോജിത പ്രകടന വിശകലനം, കംപ്ലയന്‍സ് മോണിറ്ററിംഗ്, ഓണ്‍ബോര്‍ഡിംഗ് പിന്തുണ എന്നിവ ഇത് ഒരുമിച്ച് കൊണ്ടുവരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT