തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2025-26) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 217.31 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 572.08 കോടി രൂപയുമായി നോക്കുമ്പോള്‍ ലാഭത്തില്‍ 62 ശതമാനം കുറവുണ്ട്. അതേസമയം, ജൂണിലവസാനിച്ച ഒന്നാം പാദത്തിലെ 132.47 കോടി രൂപയില്‍ നിന്ന് 64 ശതമാനം വര്‍ധിച്ചു.
രണ്ടാംപാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,637.14 കോടി രൂപയില്‍ നിന്ന് 2,285.36 കോടി രൂപയായി കുറഞ്ഞു. തൊട്ടു മുന്‍പാദത്തില്‍ വരുമാനം 2,637.14 കോടി രൂപയായിരുന്നു.
മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് നഷ്ടം രേഖപ്പെടുത്തിയതാണ് സംയോജിത ലാഭത്തില്‍ പ്രതിഫലിച്ചത്. ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് രണ്ടാം പാദത്തില്‍ 168 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം സമാനപാദത്തില്‍ 75 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
മൈക്രോഫിനാന്‍സ് വ്യവസായം മൊത്തത്തില്‍ നേരിടുന്ന വെല്ലുവിളികളാണ് ആശിര്‍വാദ് മൈക്രോഫിനാന്‍സിനെയും ബാധിക്കുന്നത്. ആശിര്‍വാദിനെ സംബന്ധിച്ച് ഏറ്റവും മോശം കാലഘട്ടം പിന്നിട്ടെങ്കിലും 2026 സാമ്പത്തിക വര്‍ഷം വളര്‍ച്ചയേക്കാള്‍ ഏകീകരണത്തിന്റെയും സ്ഥിരതയുടെയും വര്‍ഷമായിരിക്കുമൊന്നാണ് മുന്‍ വരുമാന അവലോകനത്തില്‍ മാനേജ്മെന്റ് സൂചിപ്പിച്ചിരുന്നത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ ആശിര്‍വാദ് ലാഭത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി സൂചിപ്പിച്ചിരുന്നു.
രണ്ടാം പാദത്തില്‍ സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ ലാഭം 375.87 കോടി രൂപയാണ്. ഇക്കാലയളവില്‍ പ്രവര്‍ത്തന വരുമാനം 1,820 കോടി രൂപയും.
മണപ്പുറം ഫിനാന്‍സിന്റെ സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 29.3 ശതമാനം വര്‍ധിച്ച് 31,505 കോടി രൂപയായി. മണപ്പുറം ഫിനാന്‍സിന്റെ കൈവശമുള്ള സ്വര്‍ണം ഒന്നാം പാദത്തിലെ 54.62 ടണ്ണില്‍ നിന്ന് 54.71 ടണ്ണായി വര്‍ധിച്ചു. 2025 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 26 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്.
ഭവന വായ്പ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മുന്‍ വര്‍ഷത്തെ 1,692 കോടി രൂപയില്‍ നിന്ന് 1,900 കോടി രൂപയായി ഉയര്‍ന്നു. വെഹിക്കിള്‍ ആന്‍ഡ് എക്യുപ്‌മെന്റ് ഫിനാന്‍സ് വിഭാഗത്തിന്റെ ആസ്തി മൂല്യം 4,057 കോടി രൂപയാണ്.
ഗ്രൂപ്പ് മൊത്തത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 45,789 കോടി രൂപയായി ഉയര്‍ന്നു. മുന്‍പാദത്തില്‍ ഇത് 44,304 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്തം കിട്ടാക്കടം ആസ്തിയുടെ 2.97 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ മെച്ചപ്പെട്ട വരുമാനവളര്‍ച്ചയുടെ തുടര്‍ച്ചയായി 2026 സാമ്പത്തിക വര്‍ഷം മുതല്‍ വളര്‍ച്ച ശക്തിപ്പെടുത്തുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ വിജയമാണ് രണ്ടാം പാദഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ചെയര്‍മാനും എം.ഡിയുമായ വി.പി നന്ദകുമാര്‍ പറഞ്ഞു.
രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
ഇന്നലെ വിപണി സമയം അവസാനിച്ചതിനു ശേഷമായിരുന്നു മണപ്പുറം ഫിനാന്‍സ് രണ്ടാം പാദഫലങ്ങള്‍ പുറത്തുവിട്ടത്. ഇന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് 36.79 ശതമാനം നേട്ടം ഓഹരി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 50 ശതമാനമാണ്. സ്വര്‍ണ വിലയിലുണ്ടായ വര്‍ധന മണപ്പുറം ഫിനാന്‍സ് അടക്കമുള്ള സ്വര്‍ണ വായ്പ കമ്പനികളുടെ ഓഹരികളില്‍ അടുത്ത കാലത്ത് വലിയ മുന്നേറ്റത്തിന് കാരണമായിരുന്നു. കഴിഞ്ഞ ഒരു മാസം കൊണ്ട് ഓഹരി 27 ശതമാനം വളര്‍ച്ചയും കാഴ്ചവച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine