V.P.Nandakumar, Manappuram Finance 
Business Kerala

ആഗോള കരുത്തില്‍ മണപ്പുറം ഫിനാന്‍സ്; ബെയ്ന്‍ കാപ്പിറ്റലിന് 41.7% ഓഹരികള്‍ ഏറ്റെടുക്കാന്‍ ആര്‍.ബി.ഐയുടെ പച്ചക്കൊടി

പൊതു ഓഹരി ഉടമകളില്‍ നിന്ന് 236 രൂപ നിരക്കില്‍ 26 ശതമാനം അധിക ഓഹരികള്‍ കൂടി വാങ്ങുന്നതിനുള്ള നിര്‍ബന്ധിത 'ഓപ്പണ്‍ ഓഫറിനും' ഈ ഇടപാട് വഴിയൊരുക്കുന്നു

Dhanam News Desk

പ്രമുഖ സ്വര്‍ണപണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ (Manappuram Finance) ഓഹരികള്‍ ഏറ്റെടുക്കാന്‍ ആഗോള നിക്ഷേപ സ്ഥാപനമായ ബെയ്ന്‍ കാപ്പിറ്റലിന് (Bain Capital) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി. കമ്പനിയുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി ക്യാപിറ്റലിന്റെ 41.66 ശതമാനം വരെ ഏറ്റെടുക്കാനാണ് ആര്‍ബിഐ ഇപ്പോള്‍ അന്തിമ അനുമതി നല്‍കിയിരിക്കുന്നതെന്ന് മണപ്പുറം ഫിനാന്‍സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

ബെയ്ന്‍ കാപ്പിറ്റലിന്റെ അഫിലിയേറ്റുകളായ ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XXV ലിമിറ്റഡ്, ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XIV ലിമിറ്റഡ് എന്നിവ വഴിയാണ് ഈ നിക്ഷേപം നടക്കുക. 2025 മാര്‍ച്ച് 20-ന് ഒപ്പുവെച്ച കരാറുകള്‍ പ്രകാരം, ഓഹരി ഒന്നിന് 236 രൂപ നിരക്കില്‍ ഇക്വിറ്റി ഓഹരികളുടെയും വാറന്റുകളുടെയും പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റിലൂടെ 18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി ഏകദേശം 4,385 കോടി രൂപ നിക്ഷേപിക്കുമെന്ന് ബെയ്ന്‍ കാപ്പിറ്റല്‍ ഉറപ്പുനല്‍കിയിരുന്നു.

ഓപ്പണ്‍ ഓഫര്‍ വഴി 26%

സെബി (Substantial Acquisition of Shares and Takeovers) റെഗുലേഷന്‍സ് 2011 പ്രകാരം, പൊതു ഓഹരി ഉടമകളില്‍ നിന്ന് 236 രൂപ നിരക്കില്‍ 26 ശതമാനം അധിക ഓഹരികള്‍ കൂടി വാങ്ങുന്നതിനുള്ള നിര്‍ബന്ധിത 'ഓപ്പണ്‍ ഓഫറിനും' ഈ ഇടപാട് വഴിയൊരുക്കുന്നു. ഈ അനുമതിയോടെ ബെയ്ന്‍ കാപ്പിറ്റല്‍ മണപ്പുറം ഫിനാന്‍സിന്റെ ഒരു പ്രൊമോട്ടറായി മാറുകയും നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്കൊപ്പം കമ്പനിയുടെ സംയുക്ത നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. കരാറുകളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും ബെയ്ന്‍ കാപ്പിറ്റലിന്റെ നോമിനി ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തുകയും ചെയ്യും.

ഓപ്പണ്‍ ഓഫര്‍ സബ്സ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍, നിക്ഷേപത്തിന് ശേഷം ബെയ്ന്‍ കാപ്പിറ്റലിന്റെ വിഹിതം 18 ശതമാനം മുതല്‍ 41.7 ശതമാനം വരെയായിരിക്കും (വാറന്റുകള്‍ വിനിയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഓഹരികള്‍ ഉള്‍പ്പെടെയാണിത്). നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്ക് നിക്ഷേപത്തിന് ശേഷം 28.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.

വിപുലീകരണത്തിന് അവസരം

ബെയ്ന്‍ കാപ്പിറ്റല്‍ കൂടി പങ്കാളിയാകുന്നതോടെ കമ്പനിയുടെ സാങ്കേതിക വിദ്യയിലും റിസ്‌ക് മാനേജ്മെന്റ് സംവിധാനങ്ങളിലും വലിയ നിക്ഷേപം നടത്താനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലുട നീളമുള്ള ശാഖാ ശൃംഖല കൂടുതല്‍ വിപുലീകരിക്കാന്‍ ഇത് സഹായിക്കുമെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

ഇടപാട് വാര്‍ത്തകള്‍ക്കിടയിലും കമ്പനിയുടെ മൂന്നാം പാദ സാമ്പത്തിക ഫലം സമ്മിശ്രമായിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ ലാഭം 15.9 ശതമാനം ഇടിഞ്ഞ് 381 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 453 കോടി രൂപയായിരുന്നു. എന്നാല്‍ പ്രവര്‍ത്തന വരുമാനത്തില്‍ 6.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT