Representational image, courtesy: Canva
Business Kerala

ജി.ഐ ടാഗിന്റെ തിളക്കം, പക്ഷേ കൃഷി ചുരുങ്ങി; മറയൂർ ശർക്കരയുടെ മധുരപ്പാരമ്പര്യം പ്രതിസന്ധിയിൽ

പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലുള്ള പ്രത്യേക കാലാവസ്ഥ മറയൂർ ശർക്കരയ്ക്ക് പ്രത്യേക സവിശേഷതകൾ നൽകുന്നു

Sutheesh Hariharan

കേരളത്തിന്റെ തനതായ കാർഷിക ഉൽപ്പന്നങ്ങളിൽ ഏറെ ശ്രദ്ധേയമാണ് ഭൗമ സൂചികാ പദവി (GI Tag) ലഭിച്ച മറയൂർ ശർക്കര. ഇടുക്കി ജില്ലയിലെ മറയൂർ പ്രദേശം ലോകപ്രശസ്തമായത് അവിടുത്തെ സുഗന്ധം പരത്തുന്ന ചന്ദനക്കാടുകൾ കൊണ്ടും നാവിലൂറുന്ന മധുരമുള്ള ശർക്കര കൊണ്ടുമാണ്. എന്നാൽ ഇന്ന് ഈ മധുരപ്പാരമ്പര്യം വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മറയൂർ ശർക്കരയുടെ സവിശേഷതകളും നിലവിൽ ഈ മേഖല നേരിടുന്ന കഠിനമായ വെല്ലുവിളികളും പരിശോധിക്കാം.

മറയൂർ ശർക്കരയുടെ സവിശേഷതകൾ

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി മുകളിലാണ് മറയൂരിലെ കരിമ്പ് കൃഷി നടക്കുന്നത്. പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് (Rain shadow area) സ്ഥിതി ചെയ്യുന്നതിനാലുള്ള പ്രത്യേക കാലാവസ്ഥയാണ് മറയൂർ ശർക്കരയ്ക്ക് ഇത്രയേറെ സവിശേഷതകൾ നൽകുന്നത്. മറ്റു പ്രദേശങ്ങളിലെ ശർക്കരയേക്കാൾ കൂടുതൽ മധുരവും (Sweetness), ഉയർന്ന അളവിൽ ഇരുമ്പിന്റെ അംശവും (Iron content) ഇതിലുണ്ട്. രാസവസ്തുക്കൾ ചേർക്കാതെ പരമ്പരാഗതമായ രീതിയിൽ ഉൽപ്പാദിപ്പിക്കുന്നതിനാൽ ഇതിന് സവിശേഷമായ രുചിയും മണവുമുണ്ട്. ഈ പ്രത്യേകതകൾ കണക്കിലെടുത്ത് 2019 ൽ കേന്ദ്ര സർക്കാർ മറയൂർ ശർക്കരയ്ക്ക് ഭൗമ സൂചിക (GI Tag) പദവി നൽകി ആദരിച്ചു.

നിലവില്‍ മറയൂര്‍ ശര്‍ക്കര ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 150-160 രൂപയ്ക്കാണ് ലഭ്യമാകുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കിലോഗ്രാമിന് 80-90 രൂപയാണ്.

ഗുണമേന്മയും പ്രത്യേകതകളും

മറയൂർ ശർക്കരയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ നിർമ്മാണത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്നതാണെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസറും ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ കോര്‍ഡിനേറ്ററുമായിരുന്ന സി.ആര്‍. എല്‍സി ധനം ഓണ്‍ലൈനോട് പറഞ്ഞു. വിപണിയിൽ ലഭിക്കുന്ന പല ശർക്കരകൾക്കും ആകർഷകമായ സ്വർണനിറം ലഭിക്കാൻ രാസവസ്തുക്കൾ ചേർക്കുമ്പോൾ, മറയൂർ ശർക്കര സ്വാഭാവികമായ കടും തവിട്ടുനിറത്തിലാണ് (Dark Brown) കാണപ്പെടുന്നത്. തെളി കിട്ടാനായി കുമ്മായം മാത്രമാണ് ഇതിൽ ചേർക്കുന്നത്. കൂടാതെ, നിർമ്മാണ വേളയിൽ നീര് കൃത്യമായി അരിച്ചെടുക്കുന്നതിനാൽ ഇതിൽ അഴുക്കുകൾ വളരെ കുറവാണെന്ന് പരിശോധനകളിൽ തെളിഞ്ഞിട്ടുളളതായും സി.ആര്‍. എല്‍സി പറഞ്ഞു.

കരിമ്പ് കൃഷിയും ഭൂപ്രകൃതിയും

മറയൂർ, കാന്തല്ലൂർ മേഖലകളിലെ പ്രത്യേക കാലാവസ്ഥയും തണുത്ത അന്തരീക്ഷവും കരിമ്പിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധമായ വെള്ളവും മണ്ണും കരിമ്പ് കൃഷിക്ക് ഏറെ അനുയോജ്യമാണ്. പാരമ്പര്യമായി ഉപയോഗിച്ചുപോരുന്ന നാടൻ കരിമ്പ് ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഈ കരിമ്പിന്റെ നീരിന് സവിശേഷമായ രുചിയാണുള്ളത്.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും മറ്റ് വിപണി സാമ്പിളുകളുമായി താരതമ്യം ചെയ്ത ശേഷമാണ് ഇതിന്റെ ഔദ്യോഗികമായ ഗുണമേന്മ സ്ഥിരീകരിച്ചത്. പരിസ്ഥിതി മലിനീകരണം കുറഞ്ഞ ശുദ്ധമായ സാഹചര്യത്തിൽ നിർമ്മിക്കപ്പെടുന്നതിനാലാണ് മറയൂർ ശർക്കരയ്ക്ക് മികച്ച ആരോഗ്യഗുണങ്ങൾ കൈവരുന്നത്. ജിഐ രജിസ്ട്രി ലഭിച്ചതോടെ മറയൂർ ശർക്കരയ്ക്ക് മാത്രമായി പ്രത്യേക ലോഗോയും നിലവിലുണ്ട്. കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ പഠനങ്ങളുടെയും മുൻ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ സജീവമായ ഇടപെടലുകളുടെയും ഫലമായാണ് ഈ അംഗീകാരം ലഭിച്ചത്.

നേരിടുന്ന പ്രധാന പ്രതിസന്ധികൾ

കൃഷിഭൂമിയുടെ കുറവ്: മുൻപ് 2000 ഏക്കറിലധികം ഉണ്ടായിരുന്ന കരിമ്പ് കൃഷി ഇന്ന് 500 ഏക്കറിൽ താഴെയായി ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയില്‍ വലിയ അളവിലാണ് കൃഷിഭൂമിയില്‍ ഇടിവുണ്ടായത്.

വ്യാജ ശർക്കരയുടെ കടന്നുകയറ്റം: വിപണിയിൽ മറയൂർ ശർക്കര എന്ന പേരിൽ വിൽക്കപ്പെടുന്നതിൽ ഏകദേശം 80 ശതമാനവും തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാജ ശർക്കരയാണ്. പഞ്ചസാരയും രാസവസ്തുക്കളും ചേർത്ത് കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന ഇത്തരം ശർക്കരകൾ വിനോദസഞ്ചാരികളെ പറ്റിക്കാനായി ആലപ്പുരകൾക്ക് മുന്നിൽ വെച്ച് വിൽക്കപ്പെടുന്നു. ഭൗമ സൂചിക പദവി ലഭിച്ചിട്ടും ഇത് കർശനമായി തടയാൻ കഴിഞ്ഞിട്ടില്ല.

തൊഴിലാളി ക്ഷാമവും താല്പര്യക്കുറവും: കഠിനമായ അധ്വാനം ആവശ്യമായ കരിമ്പ് കൃഷിയിലേക്ക് വരാൻ യുവതലമുറ തയ്യാറാകുന്നില്ലെന്ന് മറയൂർ അഗ്രികൾച്ചർ ഹിൽസ് ഡെവലപ്മെന്റ് സൊസൈറ്റി (MAHADS) സെക്രട്ടറി ഇന്ദ്രജിത്ത് ധനം ഓണ്‍ലൈനോട് പറഞ്ഞു. പണിക്കൂലി വർദ്ധനവും തൊഴിലാളികളുടെ ലഭ്യതക്കുറവും ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.

റിയൽ എസ്റ്റേറ്റ് കടന്നുകയറ്റം: കൃഷിഭൂമികൾ റിയൽ എസ്റ്റേറ്റ് സംഘങ്ങൾ വൻ വില നൽകി വാങ്ങുകയും അവ പ്ലോട്ടുകളാക്കി തിരിച്ച് വിൽക്കുകയും ചെയ്യുന്നത് കൃഷി വ്യാപകമായി കുറയാൻ കാരണമായി. വിനോദസഞ്ചാര മേഖലയുടെ വളർച്ചയോടെ ഹോംസ്റ്റേകൾക്കും റിസോർട്ടുകൾക്കുമായി കൃഷിഭൂമി മാറ്റപ്പെടുകയാണ്.

വന്യമൃഗ ശല്യം: വനാതിർത്തിയിലുള്ള കരിമുട്ടി, കോരക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം കർഷകർ കൃഷി പൂർണമായും ഉപേക്ഷിച്ചു.

കർഷകരും ഉല്‍പ്പാദനവും തമ്മിലുള്ള അകലം: പണ്ട് കർഷകർ തന്നെ സ്വന്തം ആലപ്പുരകളിൽ ശർക്കര നിർമ്മിച്ചിരുന്നു. എന്നാൽ ഇന്ന് വ്യാപാരികൾ കർഷകരിൽ നിന്ന് ടൺ കണക്കിന് കരിമ്പ് വാങ്ങുകയും അവർ നേരിട്ട് ശർക്കര നിർമ്മിക്കുകയും ചെയ്യുന്നു. ഇത് ശർക്കര നിർമ്മാണത്തിൽ നിന്നുള്ള ലാഭം കർഷകരിലേക്ക് എത്തുന്നതിനെ തടയുന്നു.

മുന്നോട്ടുള്ള പാത

ഈ പ്രതിസന്ധികളെ മറികടക്കാൻ ജിഐ (GI) ഉൽപ്പന്നങ്ങൾക്കായി പ്രത്യേക വിപണന പ്ലാറ്റ്‌ഫോമുകൾ ആവശ്യമാണ്. 'ജിഐ ടൂറിസം' (Geographical Indication Tourism) വികസിപ്പിക്കുന്നത് ഇതിനൊരു പരിഹാരമാകും. കൃഷി സ്ഥലങ്ങളിൽ തന്നെ പരിസ്ഥിതി സൗഹൃദപരമായ ടൂറിസം (Responsible Tourism) അനുവദിക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാനും കൃഷി നിലനിർത്താനും സാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഇടപെടലുകളിലൂടെ വ്യാജ ശർക്കരയുടെ വിൽപന തടയുകയും കർഷകർക്ക് അർഹമായ വില ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ മറയൂർ ശർക്കരയുടെ മധുരം നിലനിർത്താൻ സാധിക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT