canva
Business Kerala

ഇനി എംസി റോഡിലും ടോൾ‌ നൽകേണ്ടി വരുമോ? ₹5,217 കോടിയുടെ നാലുവരി വികസനം കിഫ്ബി വഴിയെന്ന് മന്ത്രി ബാല​ഗോപാൽ

എംസി റോഡിലൂടെ ഇനി കുതിച്ചുപായാം. നാലുവരി പാതയാക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ 5,217 കോടി രൂപ. അരഡസനിലേറെ ടൗണുകളിൽ പുതിയ ബൈപ്പാസുകൾ നിർമിക്കും. നിരവധി ജം​ഗ്ഷനുകളും വികസിപ്പിക്കുമെന്നും ധനമന്ത്രി ബാല​ഗോപാൽ.

Dhanam News Desk

കേരളത്തിലെ ഏറ്റവും പ്രധാന സംസ്ഥാന പാതകളിലൊന്നും അഞ്ച് ജില്ലകളുടെ ജീവനാഡിയുമായ എം.സി റോഡ് നാലുവരി പാതയായി വികസിപ്പിക്കുമെന്ന് 2026-ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. 24 മീറ്റർ വീതിയിൽ അന്തർദേശീയ നിലവാരത്തിലാകും എം.സി റോഡ് പുനർനിർമിക്കുക. ഇതിലേക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പണം സമാഹരിക്കുന്ന കേരള സർക്കാരിന്റെ ഔദ്യോ​ഗിക ഏജൻസിയായ കിഫ്ബി (KIIFB) വഴി 5,217 കോടി രൂപ ഒന്നാം ഘട്ടത്തിനായി വകയിരുത്തുമെന്നും ധനവകുപ്പ് മന്ത്രി കെ.എൻ ബാല​ഗോപാൽ പ്രഖ്യാപിച്ചു.

ബൈപ്പാസ് നിർമാണം, ജം​ഗ്ഷൻ വികസനം

തെക്കൻ, മധ്യ കേരളത്തിലെ നിരവധി പട്ടണങ്ങളിലൂടെ കടന്നുപോകുന്നതിനാൽ നേരിടുന്ന ​ഗതാ​ഗതാക്കുരുക്ക് പരിഹരിക്കുന്നതിനായി ബൈപ്പാസ് നിർമാണവും പ്രധാന ജം​ഗ്ഷനുകളുടെ വികസനവും എം.സി റോഡിന്റെ ഒന്നാം ഘട്ട നവീകരണ പദ്ധതിയുടെ ഭാ​ഗമായി നടപ്പിലാക്കുമെന്നാണ് സംസ്ഥാന ബജറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ കിളിമാനൂർ, കൊല്ലം ജില്ലയിലെ നിലമേൽ, ചടയമം​ഗലം, ആയൂർ എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ പന്തളം, ചെങ്ങന്നൂർ തുടങ്ങിയ എംസി റോഡ് കടന്നുപോകുന്ന ടൗണുകളിൽ പുതിയ ബൈപ്പാസുകൾ നിർമിക്കും. ഇതിനകം കൊട്ടാരക്കര ബൈപ്പാസ് പദ്ധതിക്കായി 110 കോടി രൂപയുടെ സാമ്പത്തിക അനുമതി നൽകിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ അതിവേ​ഗത്തിൽ പുരോ​ഗമിക്കുകയാണെന്നും ബജറ്റ് പ്രസം​ഗത്തിൽ മന്ത്രി ബാല​ഗോപാൽ വ്യക്തമാക്കി.

ടോൾ നൽകേണ്ടിവരുമോ?

കേരളത്തിലെ ​ഗ​താ​ഗത മേഖലയ്ക്ക് വമ്പൻ കുതിപ്പേകാൻ ഇത്തവണത്തെ ബജറ്റിൽ നിർദേശിക്കപ്പെട്ട എം.സി റോഡ് നാലുവരി വികസന പദ്ധതിക്ക് കഴിയുന്നതാണ്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 5,217 കോടി രൂപ കിഫ്ബി വഴി വകയിരുത്തുമെന്നാണ് സംസ്ഥാന സർക്കാ‌രിന്റെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഭാവിയിൽ കിഫ്ബി ഏറ്റെടുക്കുന്ന പദ്ധതികളിൽ നിന്നും വരുമാനം ഉറപ്പാക്കുമെന്നും ധനമന്ത്രി ബാല​ഗോപാൽ ബജറ്റിന് മുന്നോടിയായി വ്യക്തമാക്കിയിരുന്നു.

ഈയൊരു പശ്ചാത്തലത്തിൽ നാലുവരി പാതയാക്കുന്ന എംസി റോഡിൽ ടോൾ പിരിവ് ഉണ്ടാകുമോ എന്ന ചോ​ദ്യവും വിവിധ കോണുകളിൽ നിന്നും ഉയർന്നുകഴിഞ്ഞു. 50 കോടിയിലേറെ രൂപ മുതൽ മുടക്കുന്ന റോഡുകളിൽ നിന്നും ടോൾ പിരിവിലൂടെ വരുമാനം കരസ്ഥമാക്കാനുള്ള സാധ്യതകൾ കിഫ്ബിയുടെ പരി​ഗണനയിലാണെന്ന് കഴിഞ്ഞ വർഷം നിയമസഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടിയായി മന്ത്രി ബാല​ഗോപാൽ തുറന്നുസമ്മതിച്ചിരുന്നു. അതേസമയം റോഡുകളിൽ നിന്നും കിഫ്ബിക്ക് ടോൾ പിരിക്കുന്നതിനായി നിയമസഭയിൽ പ്രത്യേക നിയമം പാസാക്കേണ്ടതായുണ്ട്. അതുപോലെ എംസി റോഡ് വികസനം പൂർത്തായാക്കുന്നതിന്റെ സമയക്രമവും സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.

എം.സി റോഡ്

കേരളത്തിലെ നമ്പർ വൺ സംസ്ഥാന പാതയാണ് (SH 1) മെയിൻ സെൻട്രൽ റോഡ് അഥവാ എംസി റോഡ്. തിരുവനന്തപുരം (കേശവദാസപുരം) മുതൽ എറണാകുളം അങ്കമാലി വരെ 240.6 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ പാത. കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിങ്ങനെ നിരവധി പട്ടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കേരളത്തിന്റെ തെക്ക്, മധ്യ മേഖലകളുടെ ജീവനാഡിയാണ് എംസി റോഡ്.

നിരവധി ദേശീപാതകൾ എം.സി റോഡുമായി വിവിധയിടങ്ങളിൽ കൂട്ടിമുട്ടുന്നുണ്ട്. കൊട്ടാരക്കരയിൽ എൻഎച്ച്-744, കോട്ടയത്ത് എൻഎച്ച്-183, മൂവാറ്റുപുഴയിൽ എൻഎച്ച്-85, ഒടുവിൽ അങ്കമാലിയിൽ വെച്ച് എൻഎച്ച്-544ലാണ് എംസി റോഡ് അവസാനിക്കുന്നത്. 2006-ലും 2014-ലും രണ്ട് ഘട്ടങ്ങളിലായി എംസി റോഡ് നവീകരണം നടപ്പാക്കിയിരുന്നു. നിലവിൽ രണ്ട് വരി ​ഗതാ​ഗതമാണ് ഉള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT