Business Kerala

മെഡിക്കല്‍ ടൂറിസം 2030 ഓടെ 1630 കോടി ഡോളറിലെത്തും, നോഡല്‍ ഏജന്‍സി വേണം, എയർ ആംബുലൻസ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും നൈജെല്‍ കുര്യാക്കോസ്

കേരളത്തിലെ നഴ്സുമാരും ഡോക്ടര്‍മാരും വിദഗ്ധരും സേവന തല്‍പ്പരരുമാണ്

Dhanam News Desk

മെഡിക്കല്‍ ടൂറിസം ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണെന്ന് ഐ.എം.എ ഒമാന്‍ ഓവര്‍സീസ് അഫേഴ്സ് ചെയര്‍മാന്‍ നൈജെല്‍ കുര്യാക്കോസ് മാത്യു പറഞ്ഞു. 2022 ല്‍ 900 കോടി ഡോളറിന്റെ മെഡിക്കല്‍ ടൂറിസമാണ് ഇന്ത്യയില്‍ നടന്നത്. 2030 ഓടെ ഇത് 1630 കോടി ഡോളറിലെത്തുമെന്നാണ് കരുതുന്നത്. ധനം ഹെല്‍ത്ത്കെയര്‍ സമ്മിറ്റില്‍ മെഡിക്കല്‍ ടൂറിസം- അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടത്തുകയായിരുന്നു നൈജെല്‍.

ഇറാഖ്, ഒമാന്‍, ബംഗ്ലാദേശ്, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി എത്തുന്നത്. വരുന്നവരുടെ അനുഭവവും അവര്‍ ഇവിടുത്തെ സംവിധാനങ്ങളെക്കുറിച്ച് അവരുടെ രാജ്യങ്ങളില്‍ ചെന്ന് നല്‍കുന്ന പ്രതികരണങ്ങളും അനുസരിച്ചാണ് കൂടുതല്‍ ആളുകള്‍ ഇന്ത്യയിലേക്ക് എത്തുക. സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സേഴ്സിന്റെ വാക്കുകള്‍ കേട്ട് അല്ല അവര്‍ ഇവിടെ വരുന്നതെന്ന് ഓര്‍ക്കണമെന്നും നൈജെല്‍ പറഞ്ഞു.

ആംബുലന്‍സ് സേവനങ്ങള്‍, എയര്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിക്കേണ്ടതുണ്ട്. എയര്‍ലൈനുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

കേരളത്തിലെ നഴ്സുമാരും ഡോക്ടര്‍മാരും വിദഗ്ധരും സേവന തല്‍പ്പരരുമാണ്. കൂടാതെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം മലയാളികളെ കൂടുതല്‍ സ്വീകാര്യരാക്കുന്നു. ആധുനിക ചികിത്സാ സംവിധാനങ്ങളോടൊപ്പം ആയുര്‍വേദ പോലുളള ചികിത്സാ മാര്‍ഗങ്ങളും നല്‍കാന്‍ കേരളത്തിന് സാധിക്കുന്നു.

മെഡിക്കല്‍ ടൂറിസം മേഖലയില്‍ നമുക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങളോ നോഡല്‍ ഏജന്‍സികളോ ഇല്ലാത്തത് വലിയ പോരായ്മയാണ്. ഏകികൃത ചികിത്സാ നിരക്ക് ഇല്ലാത്തതും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടലിബിറ്റിയുടെ അപര്യാപ്തകളും ന്യൂനതകളാണ്.

ജി.സി.സി രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ടൂറിസം രംഗത്ത് നമുക്ക് വലിയ വെല്ലുവിളികളാണ് ഉയരുന്നത്. പല ഗള്‍ഫ് രാജ്യങ്ങളിലും മികച്ച ചികിത്സ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് ആളുകള്‍ ചികിത്സയ്ക്കായി പോകുന്ന പ്രവണത ആരംഭിച്ചിട്ടുണ്ടെന്നും നൈജെല്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT