Business Kerala

50 വര്‍ഷത്തെ മികവ്: ആരോഗ്യരംഗത്ത് മുമ്പേ നടക്കുന്ന മെഡിക്കല്‍ ട്രസ്റ്റ്

റോബോട്ടിക് സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള നൂതന ചികിത്സകളിലൂടെ മികവിന്റെ കേന്ദ്രമാകുകയാണ് അര നൂറ്റാണ്ട് പിന്നിട്ട മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍

Dhanam News Desk

കേരളത്തിലെ ആരോഗ്യപരിചരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഇന്ന് എത്തിനില്‍ക്കുന്നത് സുവര്‍ണ നേട്ടങ്ങളുടെ നെറുകയില്‍. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സൗത്ത് ബ്ലോക്കും റോബോട്ടിക് സര്‍ജറി രംഗത്തെ വന്‍ കുതിച്ചുചാട്ടവും മെഡിക്കല്‍ ട്രസ്റ്റിനെ ആഗോള നിലവാരമുള്ള ഹെല്‍ത്ത്‌കെയര്‍ ഹബ്ബായി മാറ്റിയിരിക്കുകയാണ്.

കാലത്തിനും മുമ്പേ

ഡോ. വര്‍ഗീസ് പുളിക്കലിന്റെ ദീര്‍ഘവീക്ഷണത്തില്‍ പിറന്നതാണ് ഇന്ന് കൊച്ചി നഗരത്തിന്റെ മുഖമുദ്രയായി ഉയര്‍ന്നുനില്‍ക്കുന്ന മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍. വിദഗ്ധ ചികിത്സക്കായി കേരളത്തിലെ ജനങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വന്നിരുന്ന, അത്യാധുനിക സൗകര്യങ്ങള്‍ ഒരു വിദൂര സ്വപ്‌നം മാത്രമായിരുന്ന കാലത്താണ് അദ്ദേഹം മെഡിക്കല്‍ ട്രസ്റ്റ് വിഭാവനം ചെയ്തത്. സംസ്ഥാനത്തിന്റെ വ്യവസായ തലസ്ഥാനമായി കൊച്ചി വളര്‍ന്നുവരുന്ന കാലം കൂടിയായിരുന്നു അത്.

ഇന്ന്, പുള്ളിക്കല്‍ മെഡിക്കല്‍ ഫൗണ്ടേഷന്റെ പ്രധാന സ്ഥാപനമായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, 800 കിടക്കകളുള്ള, NABH അംഗീകാരമുള്ള മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. ലോക നിലവാരത്തിലുള്ള ഡോക്ടര്‍മാരും ചികിത്സാരീതികളും ഇവിടെയുണ്ട്. മെറിറ്റിലും പ്രശസ്തിയിലും അധിഷ്ഠിതമായ സേവനത്തിലൂടെ ഹെല്‍ത്ത് ടൂറിസം രംഗത്തും ആശുപത്രി ഇന്ന് മുന്‍പന്തിയിലുണ്ട്. ഗുണമേന്മയുള്ള ആരോഗ്യപരിചരണം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിനെ സാധാരണക്കാരുടെ ആശുപത്രിയായി നിലനിര്‍ത്താന്‍ അതിന്റെ നേതൃത്വത്തിന് എപ്പോഴും പ്രചോദനം നല്‍കുന്നത്.

'ഫസ്റ്റുകളുടെ' ചരിത്രം

1973ല്‍ പ്രവര്‍ത്തനമാരംഭിച്ച മെഡിക്കല്‍ ട്രസ്റ്റ്, ഓരോ നിലകളായി നിര്‍മാണം പൂര്‍ത്തിയാക്കി ഘട്ടംഘട്ടമായാണ് സുസജ്ജമായ ആശുപത്രിയായി മാറിയത്. കേരളത്തിലെ സ്വകാര്യ മേഖലയില്‍ ആദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നിര്‍വഹിച്ചത് മെഡിക്കല്‍ ട്രസ്റ്റിലാണ്. ആദ്യമായി വിജയകരമായ കാഡവര്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് നടത്തിയതും ഒരു ഓര്‍ഗന്‍ ഡോണര്‍ രജിസ്ട്രി ആരംഭിച്ചതും ഇവിടെത്തന്നെ. മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍, പോളിട്രോമ കെയര്‍ തുടങ്ങിയ മേഖലകളിലും മെഡിക്കല്‍ ട്രസ്റ്റ് ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചാണ് മുന്നോട്ടു പോകുന്നത്.

ഗുണമേന്മയുള്ള ചികിത്സ, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വൈപ്പിന്‍, ഗോശ്രീ ദ്വീപ് നിവാസികള്‍ക്കായി കുഴുപ്പിള്ളിയിലും ആശുപത്രി സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. 2024ല്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്ത സൗത്ത് ബ്ലോക്ക്, റോബോട്ടിക് സെന്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സമര്‍പ്പിത ട്രാന്‍സ്പ്ലാന്റ് സെന്ററാണ്. നോര്‍ത്ത് ബ്ലോക്കിലെ MTH മദര്‍ലൈന്‍ സെന്റര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക വിഭാഗമാണ്.

പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും ഇളവുകളോടെയും സൗജന്യമായും ചികിത്സ നല്‍കുന്ന ഒരു ഫ്‌ളെക്സിബ്ള്‍ താരിഫ് സംവിധാനം ആശുപത്രിയിലുണ്ട്. 24 മണിക്കൂറും സജീവമായ ആശുപത്രിയുടെ വാതിലുകള്‍ എപ്പോഴും എല്ലാവര്‍ക്കുമായി തുറന്നുകിടക്കുന്നു. മുന്നൂറിലധികം ഡോക്ടര്‍മാരും രണ്ടായിരത്തിലധികം ജീവനക്കാരുമാണ് ഹോസ്പിറ്റലിന്റെ കരുത്ത്. ആരോഗ്യപരിചരണത്തിലെ മികവിനായുള്ള നിരന്തര പരിശ്രമമാണ് മെഡിക്കല്‍ ട്രസ്റ്റ് നടത്തുന്നതെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ടീം സ്പിരിറ്റിലൂടെയും അത് കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഹോസ്പിറ്റല്‍ മാനേജ്മെന്റ് പറയുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസത്തിലും മുന്നില്‍

മെഡിക്കല്‍ എഡ്യൂക്കേഷന്‍ രംഗത്തും ആശുപത്രി സജീവമാണ്. 21 സ്പെഷ്യാലിറ്റികളിലായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സിന്റെ പിജി കോഴ്സുകള്‍ ഇവിടെയുണ്ട്. മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് (MTIMS) കീഴില്‍ ഫിസിയോതെറാപ്പി, ഒപ്‌റ്റോമെട്രി, മെഡിക്കല്‍ ലാബ് ടെക്നോളജി, കാര്‍ഡിയോവാസ്‌കുലാര്‍ ടെക്നോളജി, എംഎച്ച്എ തുടങ്ങിയ പാരാമെഡിക്കല്‍ കോഴ്സുകളും മെഡിക്കല്‍ ട്രസ്റ്റ് കോളെജ് ഓഫ് നഴ്‌സിങ്ങിന് (MTCON) കീഴില്‍ ബിഎസ്‌സി നഴ്‌സിങ് കോഴ്സുകളും പോസ്റ്റ് ബിഎസ്‌സി നഴ്സിങ് കോഴ്സുകളും നടത്തുന്നു.

ഇതുകൂടാതെ, ഡയറക്റ്ററേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ (DME)  കീഴിലുള്ള ഡിപ്ലോമ കോഴ്സുകളും ഈ ആശുപത്രിയില്‍ നടത്തിവരുന്നു.

റോബോട്ടിക്  സര്‍ജറിയില്‍ വന്‍ കുതിപ്പ്

അടുത്തിടെ നടന്ന MTH  റോബോ സമിറ്റ് ആരോഗ്യരംഗത്തെ പുതിയ ചുവടുവെപ്പായി മാറി. ആധുനിക ചികിത്സാരംഗത്ത് റോബോട്ടിക് സര്‍ജറിയുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വളര്‍ന്നുവരുന്ന പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്ത ഒരു സുപ്രധാന മെഡിക്കല്‍ കോണ്‍ഫറന്‍സായിരുന്നു. ഡോക്ടര്‍മാര്‍, നൂതന സാങ്കേതിക വിദഗ്ധര്‍, ആരോഗ്യരംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന ഈ ഉച്ചകോടി, സാങ്കേതികവിദ്യ എങ്ങനെയാണ് ആരോഗ്യമേഖലയുടെ അതിരുകള്‍ മാറ്റിമറിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി.

ശസ്ത്രക്രിയകളിലെ കൃത്യത വര്‍ധിപ്പിക്കാനും മുറിവുകള്‍ കുറക്കാനും വേഗത്തിലുള്ള സുഖം പ്രാപിക്കല്‍ ഉറപ്പാക്കാനും റോബോട്ടിക് സംവിധാനങ്ങള്‍ എങ്ങനെ സഹായിക്കുന്നുവെന്ന് വിവിധ ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ധര്‍ വിശദീകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ഇമേജ്-ഗൈഡഡ് നാവിഗേഷന്‍, റിമോട്ട്-അസിസ്റ്റഡ് പ്രൊസീജ്യറുകള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ റോബോട്ടിക്സ് എങ്ങനെയാണ് രോഗീസുരക്ഷയെയും ചികിത്സാ രീതികളെയും മാറ്റിമറിക്കുന്നത് എന്നതിനെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 200ലധികം റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മെഡിക്കല്‍ ട്രസ്റ്റ്, ചികിത്സാ രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലും എത്തിക്കുന്നു. സര്‍ജന്മാരും സാങ്കേതിക വിദഗ്ധരും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിലൂടെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ അടുത്ത തലമുറയിലുള്ള മികച്ച ചികിത്സാ രീതികള്‍ രോഗികള്‍ക്ക് ലഭ്യമാക്കുകയാണ്.

(Originally published in Dhanam Magazine February 15, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT