മലബാറിലെ ജനങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള യൂറോളജി, വൃക്കരോഗ ചികിത്സകൾ ലഭ്യമാക്കുന്നതിനായി കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റൽ 'അഡ്വാൻസ്ഡ് ഡിപ്പാർട്ട്മെന്റ് ഓഫ് യൂറോളജി ആന്റ് റെനൽ സയൻസസ്' നവീകരിച്ചു. ഇന്ത്യയിലെ പ്രമുഖ യൂറോളജിസ്റ്റും റോബോട്ടിക്-ലേസർ യൂറോളജി വിദഗ്ധനുമായ ഡോ. മോഹൻ കേശവമൂർത്തിയുടെ നേതൃത്വത്തിലുള്ള പ്രഗത്ഭ ഡോക്ടർമാരുടെ സംഘമാണ് കേന്ദ്രത്തിൽ സേവനത്തിനെത്തിയിരിക്കുന്നത്.
റോബോട്ടിക് സർജറി, കിഡ്നി സ്റ്റോണുകൾക്കുള്ള ആർ.ഐ.ആർ.എസ് (RIRS), യു.ആർ.എസ് (URS), പ്രോസ്റ്റേറ്റ് രോഗങ്ങൾക്കുള്ള ലേസർ ടി.യു.ആർ.പി (TURP), ഹൊലെപ് (HoLEP), യൂറോലിഫ്റ്റ് (UroLift) എന്നീ അത്യാധുനിക ലേസർ സേവനങ്ങൾ നവീകരിച്ച വിഭാഗത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, മൂത്രനാളിയിലെയും വൃക്കകളിലെയും അർബുദങ്ങൾക്കുള്ള യൂറോ-ഓങ്കോളജി സേവനങ്ങൾ, സങ്കീർണമായ പുനർനിർമ്മാണ ശസ്ത്രക്രിയകൾ, അത്യാധുനിക കിഡ്നി-പാൻക്രിയാസ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ ജന്മനാ ഉള്ള യൂറോളജി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പീഡിയാട്രിക് യൂറോളജി, പുരുഷ വന്ധ്യത-ലൈംഗിക ആരോഗ്യ ചികിത്സകൾക്കുള്ള ആൻഡ്രോളജി വിഭാഗം എന്നിവയും ഇവിടെ പ്രവർത്തിക്കും.
ഡോ. മോഹൻ കേശവമൂർത്തിയുടെ പരിചയസമ്പത്ത്: മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള ഡോ. മോഹൻ കേശവമൂർത്തി, 2,500-ലധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും 3,000-ലധികം ലേസർ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. വൃക്കരോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ ലോകോത്തര ചികിത്സ സാമാന്യജനങ്ങൾക്ക് ലഭ്യമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മെയ്ത്ര ഹോസ്പിറ്റൽ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി. ചെറിയാൻ, സി.ഇ.ഒ നിഹാജ് ജി. മുഹമ്മദ്, സീനിയർ കൺസൾട്ടന്റ് ഡോ. വേണുഗോപാൽ, ഡോ. സർഫറാസ് അസ്ലം, ഡോ. റയീസ് റഷീദ്, കൗൺസിലർ ശ്രീജ സുരേഷ് എന്നിവർ പങ്കെടുത്തു. മെട്രോ നഗരങ്ങളിലോ വിദേശത്തോ പോകാതെ തദ്ദേശീയമായിത്തന്നെ അത്യാധുനിക യൂറോളജി ചികിത്സ നേടാൻ ഇതിലൂടെ സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine