Representational image, courtesy: Canva
Business Kerala

പാലൊഴുകും ഓണക്കാലം! 60 ലക്ഷം ലിറ്ററിന്റെ റെക്കോഡ് വിൽപ്പന ലക്ഷ്യവുമായി മില്‍മ എറണാകുളം മേഖല; ഗുണമേന്മ ഉറപ്പാക്കാന്‍ കർശന മുൻകരുതലുകള്‍

ഓണം പോലുള്ള ഉത്സവ സീസണുകളിൽ പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും ഡിമാൻഡ് കുതിച്ചുയരുമ്പോൾ വിപണിയിൽ മായം ചേർക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വിപണിയിൽ നിന്ന് വാങ്ങുന്ന പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതാണ്

Sutheesh Hariharan

മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തെ വരവേൽക്കാൻ സംസ്ഥാനത്തെ പ്രമുഖ സഹകരണ പ്രസ്ഥാനമായ മിൽമ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഓണക്കാലത്തെ ഉയർന്ന ഡിമാൻഡ് പൂർണമായും പരിഹരിക്കാനും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതികൾ നടപ്പിലാക്കാനും മിൽമ സജ്ജമാണ്.

ഓണവിപണിയിലെ ഒരുക്കങ്ങളും റെക്കോർഡ് വിറ്റുവരവും

ഓണത്തോടനുബന്ധിച്ചുള്ള ഒരാഴ്ചക്കാലം കൊണ്ട് മാത്രം ഏകദേശം 60 ലക്ഷം ലിറ്റർ പാലിന്റെ വിൽപനയാണ് മിൽമയുടെ എറണാകുളം മേഖല യൂണിയന്‍ പ്രതീക്ഷിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്നത് നാളെയാണ് (ഉത്രാടം ദിവസം). സാധാരണ ദിവസങ്ങളിൽ 4.25 ലക്ഷം മുതൽ 4.5 ലക്ഷം ലിറ്റർ വരെയാണ് വിൽപനയെങ്കിൽ, ഉത്രാടം ദിവസം മാത്രം അത് 11.5 ലക്ഷം ലിറ്ററിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.

പത്തു ദിവസത്തെ വിപണിയിലൂടെ പാലിൽ നിന്ന് മാത്രം 3.5 കോടി രൂപയും നെയ്യ് വിൽപനയിലൂടെ അരക്കോടി (50 ലക്ഷം) രൂപയും ഉൾപ്പെടെ ഏകദേശം 5 കോടി രൂപയോളം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് മേഖലകളും ചേരുമ്പോൾ മൊത്തത്തിലുള്ള വിറ്റുവരവ് ഇതിലും വളരെ ഉയർന്നതായിരിക്കും. ഓണക്കാലത്തെ ഈ വൻ ഡിമാൻഡ് പൂർണമായും നിറവേറ്റാൻ കേരളത്തിലെ കർഷകരിൽ നിന്നുള്ള ഉൽപ്പാദനം മാത്രം മതിയാകാതെ വരാറുണ്ട്. ഈ ഘട്ടത്തില്‍ മിൽമ മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളിൽ നിന്ന് പാലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും കൊണ്ടുവരുന്നു.

ക്ഷീരകർഷകർക്കുള്ള ഓണസമ്മാനം

ഓണക്കാലത്ത് കർഷകർക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളാണ് മിൽമ നൽകുന്നത്. ഓണം പ്രമാണിച്ച് ഈ മാസം 11 മുതൽ മേഖലാ യൂണിയനിലേക്ക് നൽകുന്ന ഓരോ ലിറ്റർ പാലിനും കർഷകർക്ക് 3 രൂപ വീതം അധിക പാൽവില ഇൻസെന്റീവ് ആയി നൽകുന്നു. ഈ ആനുകൂല്യം അടുത്ത മാസവും തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍പിള്ള ധനം ഓണ്‍ലൈനോട് പറഞ്ഞു. ലാഭം കർഷകരിലേക്ക് എത്തിക്കുക എന്ന സഹകരണ നിയമങ്ങളാണ് സ്ഥാപനം പിന്തുടരുന്നത്. ഈ വര്‍ഷം വില്‍പ്പന കൂടുതലായിരിക്കുമെന്നും സി.എന്‍ വത്സലന്‍പിള്ള പറഞ്ഞു.

മായം കലർന്ന ഉൽപ്പന്നങ്ങളും സുരക്ഷാ മുൻകരുതലുകളും

ഓണം പോലുള്ള ഉത്സവ സീസണുകളിൽ പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും ഡിമാൻഡ് കുതിച്ചുയരുമ്പോൾ വിപണിയിൽ മായം ചേർക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വിപണിയിൽ നിന്ന് വാങ്ങുന്ന പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. മിൽമയുടെ പാൽ 100 ശതമാനം ഗുണമേന്മയുള്ളതാണെന്ന് ഉറപ്പു നൽകുന്നുണ്ട്. കർഷകരിൽ നിന്ന് സംഭരിക്കുന്ന പാലിന് പുറമെ അധികമായി വേണ്ടിവരുന്ന പാൽ കർണാടക മിൽക്ക് ഫെഡറേഷൻ (നന്ദിനി), തമിഴ്‌നാട്ടിലെ ആവിൻ തുടങ്ങിയ സഹകരണ പ്രസ്ഥാനങ്ങളിൽ നിന്ന് കൃത്യമായ ഗുണമേന്മ പരിശോധനകൾക്ക് ശേഷമാണ് മിൽമ ശേഖരിക്കുന്നത്.

എങ്കിലും സ്വകാര്യ കമ്പനികളുടെ പാലിന്റെ കാര്യത്തിൽ ജാഗ്രത ആവശ്യമാണ്. അയൽ സംസ്ഥാനങ്ങളിൽ പാലിന് വില കൂടുതലായതിനാൽ, കുറഞ്ഞ വിലയ്ക്ക് വിപണി പിടിക്കാൻ അവർ പാലിന്റെ പേരിൽ മായം കലർത്താൻ സാധ്യതയുണ്ടെന്ന് മിൽമ അധികൃതർ വ്യക്തമാക്കുന്നു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

അധികൃത കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക: ഫ്ലാറ്റുകളിലും നഗരങ്ങളിലെ വീടുകളിലും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ക്യാനുകളിലും പാക്കറ്റുകളിലും കൊണ്ടുതരുന്ന പാലിന് യാതൊരുവിധ ഗുണമേന്മ പരിശോധനയോ വിലനിയന്ത്രണമോ ഇല്ല. കുട്ടികൾ ഉൾപ്പെടെയുള്ള അടുത്ത തലമുറ ഉപയോഗിക്കുന്ന പ്രധാന ആഹാരമായതിനാൽ ഇത്തരം പാലിന്റെ കാര്യത്തിൽ കർശനമായ ജാഗ്രത പുലർത്തണം.

മായം കണ്ടെത്താൻ സർക്കാർ പരിശോധനകൾ: സംസ്ഥാന ഫുഡ് സേഫ്റ്റി വിഭാഗവും (FSSAI) ക്ഷീരവികസന വകുപ്പും അതിർത്തികളിൽ പ്രത്യേക ലാബുകൾ സ്ഥാപിച്ച് പരിശോധനകൾ നടത്തുന്നുണ്ട്. രണ്ടു വർഷം മുൻപ് തമിഴ്‌നാട്ടിൽ നിന്ന് കെമിക്കലുകൾ കലർത്തി നിർമ്മിച്ച് കൊണ്ടുവന്ന കൃത്രിമ പാൽ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ വെച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.

നിയമപരമായ വെല്ലുവിളികൾ: നിലവിൽ ക്ഷീരവികസന വകുപ്പിന് പരിശോധന നടത്താൻ അധികാരമുണ്ടെങ്കിലും നടപടിയെടുക്കാൻ അധികാരമില്ല. നടപടിയെടുക്കാനുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്. മുൻവർഷങ്ങളിൽ പിടികൂടിയ മായം ചേർത്ത പാൽ നശിപ്പിച്ചു കളയാതെ തിരികെ അയക്കുകയാണ് ചെയ്തത്. അത് മറ്റെവിടെയെങ്കിലും ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാൽ പിടികൂടുന്ന പാൽ കർശനമായി നശിപ്പിക്കാനും കുറ്റക്കാർക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.എന്‍ വത്സലന്‍പിള്ള പറഞ്ഞു.

എറണാകുളം മേഖല യൂണിയന്‍

കേരളത്തിലെ മിൽമയെ പ്രധാനമായും മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു - തിരുവനന്തപുരം, എറണാകുളം, മലബാർ. ഇതിൽ ആറ് ജില്ലകൾ ഉൾപ്പെടുന്ന മലബാർ മേഖലയ്ക്കാണ് ഏറ്റവും കൂടുതൽ വിറ്റുവരവുള്ളത്. തിരുവനന്തപുരവും എറണാകുളവും നാല് ജില്ലകൾ വീതമുള്ളതും ഏകദേശം ഒരേപോലെയുള്ള വിറ്റുവരവുള്ളതുമാണ്. കർഷകർക്ക് പാലിന് ഏറ്റവും കൂടുതൽ അധികവില ഇൻസെന്റീവ് നൽകുന്നത് എറണാകുളം മേഖല യൂണിയനാണ് (എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍).

പാലും, നെയ്യും, ഇതര പാലുല്‍പ്പന്നങ്ങളും കൂടാതെ ഷുഗര്‍ ഫ്രീ ഐസ്ക്രീം, ഷുഗര്‍ ഫ്രീ പേഡ, 65 ഇനം എസ്ക്രീമുകൾ, 5 ഇനം പേഡ, വിവിധയിനം പനീർ , പാലട തുടങ്ങിയവ ഉള്‍പ്പെടയുള്ള 160 ഓളം ഉല്‍പ്പങ്ങള്‍ വിപണിയില്‍ ആവശ്യാനുസൃതം ലഭ്യമാക്കാന്‍ എറണാകുളം മേഖല സജ്ജമാണെന്നും സി.എന്‍ വത്സലന്‍പിള്ള പറഞ്ഞു.

കർഷകരെ പരമാവധി സംരക്ഷിക്കുക, ഒപ്പം കേരളത്തിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള സുരക്ഷിതമായ പാലും പാൽ ഉൽപ്പന്നങ്ങളും സാമൂഹിക പ്രതിബദ്ധതയോടെ എത്തിക്കുക എന്ന പ്രധാന ലക്ഷ്യങ്ങളിലാണ് മിൽമ പ്രവർത്തിക്കുന്നത്. ഈ ഓണക്കാലത്ത് വിപണിയിലെ മായംചേർക്കലുകൾക്കെതിരെ ജാഗ്രത പാലിച്ചുകൊണ്ട് സുരക്ഷിതമായ ഓണാഘോഷം ഉറപ്പാക്കാൻ ഓരോ ഉപഭോക്താവും ശ്രദ്ധിക്കേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT