Image created with chatgpt
Business Kerala

നേട്ടത്തില്‍ സ്വര്‍ണത്തെ കടത്തിവെട്ടി കേരളത്തിലെ ഒരു സ്വര്‍ണ വായ്പാ കമ്പനി ഓഹരി; 10 വര്‍ഷം മുന്‍പത്തെ ₹1 ലക്ഷം വളര്‍ന്നത് ₹14 ലക്ഷത്തിനു മുകളിലേക്ക്!

ദീര്‍ഘകാലയളവില്‍ മാത്രമല്ല, ഒരു വര്‍ഷത്തെ കാലയളവ് പരിശോധിച്ചാലും ഈ രണ്ട് നിക്ഷേപങ്ങളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്

Resya Raveendran

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരാഗത നിക്ഷേപ മാര്‍ഗമാണ് സ്വര്‍ണം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ സ്വര്‍ണത്തിന്റെ വളര്‍ച്ച അതിശയകരവുമാണ്. എന്നാല്‍ ഭൗതികമായി സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ വലിയ ലാഭമാണ് സ്വര്‍ണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബിസിനസ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഗതി സത്യമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ കാലയളവില്‍ ഭൗതിക സ്വര്‍ണത്തേക്കാള്‍ വന്‍ മുന്നേറ്റമാണ് പ്രമുഖ ഗോള്‍ഡ് ലോണ്‍ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയതെന്ന് സ്റ്റോക്ക് മാര്‍ക്കറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പത്ത് വര്‍ഷം മുന്‍പ്, അതായത് 2016 മേയ് മാസത്തില്‍ ഈ രണ്ടു നിക്ഷേപങ്ങളിലും 1 ലക്ഷം രൂപ വീതം നിക്ഷേപിച്ച ഒരു വ്യക്തിക്ക് ഇന്ന് ലഭിക്കുന്ന റിട്ടേണ്‍ എത്രയെന്ന് പരിശോധിക്കുമ്പോള്‍ വലിയ വ്യത്യാസമാണ് കാണാന്‍ സാധിക്കുന്നത്.

റോക്കറ്റ് വേഗത്തില്‍ സ്വര്‍ണം

2016 മേയ് മാസത്തില്‍ 10 ഗ്രാം സ്വര്‍ണത്തിന് 29,000 രൂപയായിരുന്നു വില (24 കാരറ്റ്). എന്നാല്‍ 2026 മേയ് മാസത്തില്‍ വില 10 ഗ്രാമിന് ഏകദേശം 1,58,152 രൂപയായി ഉയര്‍ന്നു. അതായത്, പത്ത് വര്‍ഷം മുന്‍പ് സ്വര്‍ണത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം 5.45 ലക്ഷം രൂപയാകുമായിരുന്നു. ഇതുവഴി നിക്ഷേപകന് ലഭിച്ച ആകെ നേട്ടം (Absolute Return) 445% ശതമാനവും പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് (CAGR) ഏകദേശം 18.48% ശതമാനവുമാണ്.

പണപ്പെരുപ്പത്തെയും വിപണിയിലെ അസ്ഥിരതകളെയും പ്രതിരോധിക്കാന്‍ സ്വര്‍ണത്തിന് എപ്പോഴും സാധിക്കാറുണ്ട് എന്നതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലുണ്ടായ ഈ വന്‍ വര്‍ധന നിക്ഷേപകര്‍ക്ക് 5.5 മടങ്ങിലധികം ലാഭമാണ് നേടിക്കൊടുത്തത്.

കഥ മാറ്റിയെഴുതിയ മുത്തൂറ്റ് ഓഹരികള്‍

ഇനി മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളിലെ നിക്ഷേപം പരിശോധിച്ചാല്‍ കഥ ആകെ മാറും. 2016 മേയ് മാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരിയുടെ വില വെറും 232.4 രൂപ മാത്രമായിരുന്നു. എന്നാല്‍ 2026 മേയ് മാസത്തില്‍ ഓഹരി വില 3,350 രൂപയായി കുതിച്ചുയര്‍ന്നു. അപ്പോള്‍ 10 വര്‍ഷം മുന്‍പ് ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നതിന്റെ ആകെ മൂല്യം 14.41 ലക്ഷം രൂപയാകുമായിരുന്നു. അതായത് ഇതില്‍ നിന്നും ലഭിച്ച ആകെ ലാഭം 1,341.5 ശതമാനവും പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് 30.64 ശതമാനവുമാണ്. കമ്പനി എല്ലാ വർഷവും നൽകിവരുന്ന ഡിവിഡന്റുകൾ (ലാഭവിഹിതം) ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. അങ്ങനെ നോക്കുമ്പോള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത് മുത്തൂറ്റ് ഫിനാന്‍സ് തന്നെയാണ്. 2016-ല്‍ ഈ ഓഹരികളില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയുടെ സമ്പത്ത് ഇന്ന് 14 ലക്ഷം രൂപയും കടന്ന് കുതിക്കുകയാണ്.

ഒരു വര്‍ഷത്തെ കാലയളവിലും ഒപ്പത്തിനൊപ്പം

ദീര്‍ഘകാലയളവില്‍ മാത്രമല്ല, ചുരുങ്ങിയ ഒരു വര്‍ഷത്തെ കാലയളവ് പരിശോധിച്ചാലും ഈ രണ്ട് നിക്ഷേപങ്ങളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. 2025 മേയിൽ 10 ഗ്രാമിന് 95,038 രൂപയായിരുന്ന സ്വർണ്ണവില ഇപ്പോൾ 1,58,152 രൂപയായി ഉയർന്നതോടെ വെറും ഒരു വർഷം കൊണ്ട് നിക്ഷേപകർക്ക് ഏകദേശം 63,114 രൂപയുടെ, അതായത് 66.41% എന്ന വൻ ലാഭമാണ് ലഭിച്ചത്. അതേസമയം, 2025 മേയില്‍ 2,095 രൂപയായിരുന്ന മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില ഇപ്പോള്‍ 3,366 രൂപയായി ഉയര്‍ന്നതോടെ വെറും ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് ലഭിച്ചത് 60.67% റിട്ടേണാണ്. ചുരുക്കത്തില്‍, ഒരു വര്‍ഷത്തെ കാലയളവിലും സ്വര്‍ണത്തിന് സമാനമായ മികച്ച റിട്ടേണ്‍ തന്നെയാണ് മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളും നല്‍കിയിട്ടുള്ളത്.

ഈ വന്‍ മുന്നേറ്റത്തിന് പിന്നിലെ രഹസ്യം

ഇന്ത്യയിലെ സ്വര്‍ണ പണയ വിപണിയിലുണ്ടായ ശക്തമായ വളര്‍ച്ചയാണ് ഇതിന് പ്രധാന ഘടകമായത്. ഓരോ വര്‍ഷവും 11 ശതമാനത്തിലധികം നിരക്കിലാണ് ഈ മേഖല വളരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വായ്പാ തുക കൂടുന്നതും, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് കമ്പനി ബിസിനസ് വ്യാപിപ്പിച്ചതും മുത്തൂറ്റിന് ശക്തമായ ക്യാഷ് ഫ്‌ളോയും പലിശ വരുമാനവും ഉറപ്പാക്കി. പല സാമ്പത്തിക ഉപദേശകരും (Financial advisors) പറയുന്നത് എന്താണെന്ന് വെച്ചാൽ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലും പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരണത്തിനും ഭൗതിക സ്വര്‍ണമാണ്‌ മികച്ചതെങ്കിലും, സ്വര്‍ണവിലയുടെ മുന്നേറ്റത്തില്‍ നിന്ന് അതിവേഗത്തിലുള്ള ഉയര്‍ന്ന ലാഭം കൊയ്യാന്‍ സ്വര്‍ണാധിഷ്ഠിത ഓഹരികള്‍ക്കാണ് സാധിച്ചിട്ടുള്ളത്. കഴിഞ്ഞ 10 വർഷത്തെ കാലയളവിൽ കേരളത്തില്‍ നിന്നുള്ള മറ്റൊരു സ്വർണ പണയ സ്ഥാപനമായ മണപ്പുറം ഫിനാൻസും സ്വർണത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

(ഓര്‍ക്കുക: ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇത് പഠനാവശ്യം മാത്രം മുന്‍നിര്‍ത്തിയുള്ള ലേഖനമാണ്. നിക്ഷേപ ശിപാര്‍ശയല്ല. നിക്ഷേപം നടത്തുന്നതിന് മുന്‍പ് സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുക.)

Muthoot Finance stock outperformed physical gold over 10 years, turning ₹1 lakh into over ₹14 lakh amid strong gold loan market growth.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT